അകക്കണ്ണാല്‍ അക്ഷരോത്സവം തീര്‍ക്കുകായിരുന്നു ബാലന് പൂതേരി. പത്മശ്രീ തേടിയെത്തിയത് ജീവിതത്തിലെ ധന്യതയായി നെഞ്ചേറ്റുന്ന എഴുത്തുകാരന്. 20 വര്‍ഷം മുമ്പ് കാഴ്ചശക്തി നഷ്ടമായിട്ടും 65 വയസ്സിനിടയില്‍ ഹൈന്ദവാചാരാനുഷ്ഠാനങ്ങളെക്കുറിച്ച് 214 പുസ്തകങ്ങളെഴുതി ബാലന് പൂതേരി. കോഴിക്കോട് ഫറോക്ക് സ്വദേശി, മലപ്പുറം കാടപ്പടിയില്‍ താമസം. ജന്മനാല് തന്നെ അദ്ദേഹത്തിന്റെ വലതുകണ്ണിന് കാഴ്ചയില്ലായിരുന്നു.
തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ എംഎ ചരിത്ര പഠനത്തിന് ശേഷം 1983ല്‍ ആദ്യ പുസ്തകമായ ‘ക്ഷേത്ര ആരാധന’ പുറത്തിറക്കി. 1997ല്‍ അമ്പതാം പുസ്തകമായ ‘ഗുരുവായൂര്‍ ഏകാദശി’. 63 പുസ്തകങ്ങളുടെ രചന പിന്നിട്ടശേഷം കാഴ്ച പൂര്‍ണമായും നഷ്ടമായെങ്കിലും പുസ്തകരചന തുടര്‍ന്നു. ഇരുട്ടുകുത്തിയ ജീവിതത്തില്‍നിന്ന് അക്ഷരവെളിച്ചത്തിലേക്ക് പൂതേരി വെച്ച ഓരോ ചുവടിലും ഒപ്പം നടന്നത് ഭാര്യയും അങ്കണവാടി അദ്ധ്യാപികയുമായ ശാന്തയാണ്. അര്‍ബുദ ബാധിതയായ ശാന്ത വിടവാങ്ങുമ്പോള്‍ പത്മശ്രീ സ്വീകരിക്കാന്‍ ബാലന് പൂതേരി ദല്‍ഹിയിലായിരുന്നു. സങ്കടം കടിച്ചമര്‍ത്തി പ്രിയതമയുടെ ആഗ്രഹം പോലെ അദ്ദേഹം രാജ്യത്തിന്റെ സ്നേഹാദരം ഏറ്റുവാങ്ങി.
ആര്എസ്എസുകാരന് ആയതിനാലാണോ പത്മശ്രീ ലഭിച്ചതെന്ന് പലരും ചോദിക്കാറുണ്ടെന്ന് ബാലന് പൂതേരി പറയുന്നു. കലയെ, കലാകാരനെ അംഗീകരിക്കാന്‍ മടിയുള്ള സങ്കുചിത മനസ്സുകളില്‍ നിന്നുയരുന്ന ഇത്തരം ചോദ്യങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണ് പതിവ്. രാഷ്ട്രീയവും സംഘടനയും ഒരു പൗരന്റെ വ്യക്തിപരമായ അവകാശമാണ്.
‘സംഘപ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുകയും വിവിധക്ഷേത്ര സംഘടനകളില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നയാളാണ് ഞാന്‍. എന്റെ അകക്കണ്ണിന്റെ വെളിച്ചം ആര്‍എസ്എസാണ്, അടിയന്തരാവസ്ഥാകാലം മുതലുള്ള ആ ബന്ധം ഇന്നും തുടരുന്നു. പിഎസ്എംഒ കോളേജിലെ എബിവിപി പ്രവര്‍ത്തനം, പെരുവള്ളൂരില് ആദ്യമായി ശാഖ തുടങ്ങിയത്, വനവാസി വികാസ കേന്ദ്രം, സംസ്കൃതി യോജന, വിശ്വഹിന്ദു പരിഷത്ത് എന്നിവയുടെ ഓര്‍ഗനൈസര്‍, കേസരി, ജന്മഭൂമി എന്നിവയുടെ ലേഖകന്‍, ബാലഗോകുലം രക്ഷാധികാരി, തക്ഷമ സംസ്ഥാന രക്ഷാധികാരി തുടങ്ങി അന്നും ഇന്നും സംഘത്തോടൊപ്പമാണ് ജീവിതം. അത് അഭിമാനമാണ്. ബാലന് പൂതേരി പറഞ്ഞു.
2011ല്‍ കേരള സര്‍ക്കാറിന്റെ വികലാംഗ പ്രതിഭ പുരസ്കാരം, ജയശ്രീ പുരസ്കാരം, ലത്തിന് കത്തോലിക്ക ഐക്യവേദിയുടെ സുവര്‍ണ വിശിഷ്ട സേവാരത്നം, ജൂബിലി പുരസ്കാരം, കുഞ്ഞുണ്ണി പുരസ്കാരം, ജ്ഞാനാമൃതം പുരസ്കാരം ഇപ്പോള്‍ ഇതാ പത്മശ്രീയും. ബാലന് പൂതേരി തന്റെ കര്‍മമണ്ഡലത്തില്‍ കൂടുതല്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്, നിഴലായി കൂടെയുണ്ടായിരുന്ന ശാന്ത പോയി, ഭാര്യയുടെ സ്മരണക്ക് ഭിന്നശേഷിക്കാര്‍ക്കും അനാഥര്‍ക്കുമായി സ്ഥാപനം തുടങ്ങുകയെന്നതാണ് പൂതേരിയുടെ ആഗ്രഹം. വീട്ടിനടുത്ത പത്തുസെന്റ് സ്ഥലം ഇതിനായി ഉപയോഗിക്കാനാണ് തീരുമാനം. ഒരുനാട് മുഴുവനും കൂടെയുണ്ട്. അക്ഷരനക്ഷത്രത്തെ കൈപിടിച്ച് നടത്താന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: