റിലീസ് ചെയ്തു പത്തു വര്‍ഷം കഴിഞ്ഞിട്ടും മുല്ലപ്പെരിയാര്‍ അണക്കെട്ട് വിവാദത്തില്‍പ്പെട്ട ‘ഡാം 999’ എന്ന സിനിമയ്ക്കുള്ള വിലക്ക് ഇപ്പോഴും തുടരുകയാണ് തമിഴ്നാട്. പത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ്, സിനിമ ഇറങ്ങിയതു മുതല്‍ തമിഴ്നാട്ടില്‍ ഈ ചിത്രം നിരോധിച്ചിരിക്കുകയാണ്. സുപ്രീംകോടതിവരെ പ്രദര്‍ശനാനുമതി നല്‍കിയിട്ടും ഇതുവരെ ഈ ചിത്രം അവിടെ പ്രദര്‍ശിപ്പിച്ചിട്ടില്ല. സപ്തംബര്‍ മാസംവരെയായിരുന്ന നിരോധനമാണ് ഇപ്പോള്‍ വീണ്ടും പുതുക്കിക്കൊണ്ട് തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കാലാവധി അവസാനിക്കുന്ന മുറയ്ക്ക് നിരോധനം കൃത്യമായി പുതുക്കിക്കൊണ്ടിരിക്കുന്ന ഈ നടപടി ദുഃഖകരമാണെന്ന് ചിത്രത്തിന്റെ സംവിധായകന് ഡോ.സോഹന്‍ റോയ് പറയുന്നു.
രണ്ടായിരത്തി പതിനൊന്നില്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ കഥയ്ക്ക് മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി സാമ്യമുണ്ട് എന്ന വാദം ഉന്നയിച്ചാണ് തമിഴ്നാട് നിരോധനം തുടരുന്നത്. വര്‍ഷങ്ങളോളം പഴക്കമുള്ള ഒരു അണക്കെട്ടും അത് തകരുമ്പോള്‍ ഉണ്ടാവുന്ന ദുരന്തവും പ്രമേയമാക്കിയ സിനിമയാണ് ഡാം 999. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ഈ ചിത്രത്തിന് സാമ്യമുണ്ടെന്നാണ് ആരോപണം. ഇന്ത്യന്‍ പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നത് അടക്കമുള്ള സംഘര്‍ഷങ്ങള്‍ അന്ന് ഉണ്ടായി. തുടര്‍ന്ന് ചിത്രത്തിന്റെ പോസ്റ്റര്‍ പതിക്കാന്‍ സമ്മതിക്കാതിരിക്കുക, പ്രദര്‍ശിപ്പിക്കാന്‍ മുന്നോട്ടുവന്ന തീയേറ്ററുകള്‍ക്ക് ഫൈന്‍ ഏര്‍പ്പെടുത്തുക, ചാനലുകളെ സ്വാധീനിച്ച് സാറ്റലൈറ്റ് അവകാശം എടുപ്പിക്കാതെ ഇരിക്കുക തുടങ്ങിയ പ്രശ്നങ്ങളും ഞങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നു. ഇപ്പോള്‍ സിനിമയുടെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയിലും പ്രദര്‍ശനത്തിന് നിരോധനം തുടരുന്നത് ദുഃഖകരമാണ് സോഹന്‍ റോയി പറയുന്നു.
ഒട്ടനവധി അന്തര്‍ദേശീയ ബഹുമതികള്‍ നേടിയ ചിത്രമാണ് ഡാം 999. ഓസ്കറിന്റെ ചുരുക്കപ്പട്ടികയിലേക്ക് മൂന്നു കാറ്റഗറികളിലായി അഞ്ച് എന്‍ട്രികള്‍ നേടിയത് കൂടാതെ, തൊട്ടടുത്ത വര്‍ഷത്തെ ഗോള്‍ഡന്‍ റൂസ്റ്റര്‍ അവാര്‍ഡിലേക്ക് പന്ത്രണ്ട് കാറ്റഗറികളില്‍ മത്സരിക്കാനും ചിത്രം യോഗ്യത നേടി. ചൈനീസ് ഓസ്കര് എന്നറിയപ്പെടുന്ന ഈ അവാര്‍ഡിനായി മത്സരിക്കാന്‍ യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണിത്. ഇതോടൊപ്പം ഓസ്കര് അക്കാദമി ലൈബ്രറിയിലെ ‘പെര്‍മെനന്റ് കോര്‍ കളക്ഷനിലേക്ക്’ തിരഞ്ഞെടുക്കപ്പെടുക എന്ന അപൂര്‍വനേട്ടവും സംവിധായകന് തന്നെ രചന നിര്‍വഹിച്ച ഈ ചിത്രത്തിന്റെ തിരക്കഥയ്ക്ക് കൈവരിക്കാന്‍ സാധിച്ചിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നൂറ്റി മുപ്പതോളം അന്തര്‍ദേശീയ ചലച്ചിത്രമേളകളിലേക്കും ഈ സിനിമ തിരഞ്ഞെടുക്കപ്പെട്ടു.
വിനയ റായി, ജോഷ്വാ ഫ്രെഡറിക് സ്മിത്, രജിത് കപൂര്‍, ലിന്‍ഡ അര്സറീനോ, വിമല രാമന്, ആശിഷ് വിദ്യാര്‍ത്ഥി, ജാലാ പിക്കറിങ്, പാര്‍വ്വതി രഞ്ജിത്ത്, മേഘ ബുര്‍മാന്‍, ജിനീത്ത് രാത്, ഊര്‍മ്മിള ഉണ്ണി, എസ്. പി. ശ്രീകുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
പത്താം വാര്‍ഷികാഘോഷത്തിന്റെ ഈ വേളയില്‍ വാരാന്ത്യങ്ങളിലെ വെബിനാറുകളിലൂടെ ഈ ചിത്രത്തിന്റെ ചിത്രീകരണവേളയിലെ അവിസ്മരണീയാനുഭവങ്ങള്‍ പുതുക്കുന്ന ജോലിയിലാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍.
പ്രസിദ്ധ ഹോളിവുഡ് താരം ജോഷ്വാ ഫ്രെഡ്റിക്ക് സ്മിത്ത്, ഗായിക കെ. എസ്. ചിത്ര, സംഗീത സംവിധായകന് ഔസേപ്പച്ചന്, പത്മശ്രീ പുരസ്കാരം ലഭിച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ തോട്ടത്തരണി, ചിത്രത്തിന്റെ ക്യാമറാ വിഭാഗം കൈകാര്യം ചെയ്ത സിനിമാട്ടോഗ്രാഫര്‍ അജയന് വിന്‍സെന്റ്,മേക്കപ്പ് വിദഗ്ധന്‍ പട്ടണം റഷീദ് മുതലായവര്‍ ചിത്രത്തിന്റെ സംവിധായകന് സോഹന്‍ റോയിയുമായി അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ എത്തിച്ചേരുകയുണ്ടായി.
1895-ല്‍ പണി കഴിഞ്ഞ മുല്ലപ്പെരിയര്‍ ഡാമിന് ഇപ്പോള്‍ 125 വര്‍ഷം പഴക്കം. സാധാരണ ഒരു ഡാമിന്റെ ആയുസ്സ് എന്ന് പറയുന്നത് 45-50 വര്‍ഷം, അത് കഴിഞ്ഞാല്‍ ആ ഡാം ഡികമ്മീഷന്‍ ചെയ്യണം. 50 വര്‍ഷത്തിന് ശേഷം എപ്പോള്‍ വേണമെങ്കിലും ഡാമിന് നാശം സംഭവിക്കാം. ബ്രിട്ടീഷുകാര്‍ 999 വര്‍ഷത്തെ പാട്ടത്തിന് ആണ് തമിഴ്നാടിന് കരാര്‍ വച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: