പ്രധാനമന്ത്രി നരേന്ദ്രമോദി
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നൂറ് കോടി ഡോസ് കൊവിഡ് വാക്‌സിനേഷന്‍ എന്ന ലക്ഷ്യം ഭാരതം സാക്ഷാത്കരിച്ചു. വെറും ഒമ്പത് മാസം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. ഇതൊരു അതിഗംഭീര യാത്രയാണ്. 2020 ലെ സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍ പ്രത്യേകിച്ചും. സാഹചര്യം എത്രത്തോളം പ്രവചനാതീതമായിരുന്നു എന്ന് നമുക്ക് ഓര്‍മ്മയുണ്ട്. അതിവേഗം മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന, അജ്ഞാതനായ, അദൃശ്യനായ ശത്രുവിനെയാണ് നാം നേരിട്ടത്.
ആശങ്കയില്‍ നിന്ന് ആത്മവിശ്വാസത്തിലേക്കായിരുന്നു നമ്മുടെ യാത്ര. രാഷ്‌ട്രം കൂടുതല്‍ ശക്തമായിരിക്കുന്നു. ലോകത്തിലെ ഏറ്റവും ബൃഹത്തായ വാക്‌സിനേഷന്‍ പ്രക്രിയയ്‌ക്ക് നന്ദി. വാസ്തവത്തില്‍ ഇതൊരു ഭഗീരഥ പ്രയത്‌നമായിരുന്നു. സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രയത്‌നം. ഓരോ കുത്തിവയ്‌പ്പിനും
ഒരു ആരോഗ്യപ്രവര്‍ത്തകന്‍ രണ്ട് മിനിറ്റ് എടുത്തുവെന്ന് കണക്കാക്കി, ആ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് നേട്ടം നിര്‍ണയിച്ചത്. ഇതോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചവരുടെ വിശ്വാസവും പ്രധാനമായിരുന്നു. ജനങ്ങള്‍ക്ക് വാക്‌സിനിലുള്ള വിശ്വാസവും തുടര്‍പ്രവര്‍ത്തനങ്ങളുമാണ് ഈ വിജയത്തിന് പിന്നില്‍. സമൂഹത്തില്‍ അവിശ്വാസവും ഭയവും സൃഷ്ടിക്കാനുള്ള ശ്രമങ്ങളെയെല്ലാം അതിജീവിച്ചുകൊണ്ടാണ് നാം ലക്ഷ്യം നേടിയത്.
നമ്മളില്‍ ചിലരെങ്കിലും ദൈനംദിന ആവശ്യങ്ങള്‍ക്ക് പോലും വിദേശ ബ്രാന്‍ഡുകളില്‍ വിശ്വാസമര്‍പ്പിക്കുന്നവരാണ്. എന്നാല്‍ കൊവിഡ് പോലെ ഒരു നിര്‍്ണ്ണായകഘട്ടത്തില്‍, രാജ്യത്തെ ജനങ്ങള്‍ ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിനുകളില്‍ വിശ്വാസമര്‍പ്പിച്ചു. ഈ മാറ്റം മാതൃകാപരമാണ്.
ലക്ഷ്യത്തിലേക്ക് ഒരുമിച്ച്
പൊതുലക്ഷ്യത്തിന് വേണ്ടി ജനങ്ങളും സര്‍ക്കാരും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ പലതും സാധ്യമാകും എന്നതിന് തെളിവാണ് ഈ നേട്ടം. നാം വാക്‌സിനേഷന്‍ പ്രക്രിയ ആരംഭിക്കുമ്പോള്‍, 130 കോടി ജനങ്ങളിലേക്ക് ഇത് എങ്ങനെ എത്തിക്കും എന്ന് സംശയിച്ചവരുണ്ട്. മൂന്നുനാല് വര്‍ഷം വേണ്ടി വരും എന്ന് അഭിപ്രായപ്പെട്ടവരുണ്ട്. വാക്‌സിനെടുക്കാന്‍ ജനം മുന്നോട്ട് വരില്ലെന്ന് പറഞ്ഞവരുണ്ട്. കെടുകാര്യസ്ഥതയും അരാജകത്വവും ഉണ്ടെന്ന് പറഞ്ഞുപരത്തിയവരുണ്ട്. വിതരണ ശ്യംഖല നിയന്ത്രിക്കാന്‍ നമുക്ക് പ്രാപ്തിയില്ലെന്ന പഴിയും കേട്ടു. എന്നാല്‍ ജനതാകര്‍ഫ്യൂവും ലോക്ഡൗണുകളും ഫലപ്രദമാക്കിയതുപോലെ നമ്മള്‍ വാക്‌സിനേഷന്‍ ഡ്രൈവും എത്രത്തോളം ഗംഭീരമാക്കാമെന്ന് കാട്ടിക്കൊടുത്തു.
നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ കാടും പു
ഴയും കടന്ന്, ദുര്‍ഘടപാതകള്‍ താണ്ടി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കി. മറ്റ് വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വാക്‌സിനോടുള്ള വിമുഖത കാണിച്ചവര്‍ രാജ്യത്ത് കുറവാണ്. ഇതിന്റെ കീര്‍ത്തി നമ്മുടെ യുവാക്കള്‍ക്കും സാമൂഹ്യ- ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആധ്യാത്മികനേതാക്കള്‍ക്കുമൊക്കെ അവകാശപ്പെട്ടതാണ്.
വാക്‌സിനേഷനില്‍ മുന്‍ഗണന വേണമെന്ന് വിവിധ ഇടങ്ങളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായി. എന്നാല്‍ മറ്റ് പദ്ധതികളില്‍ എന്നതുപോലെ തന്നെ വാക്‌സിനേഷന്‍ പ്രക്രിയയിലും വിഐപി സംസ്‌കാരം ഉണ്ടാകില്ലെന്ന് കേന്ദ്രം ഉറപ്പുവരുത്തി.
നാം തയ്യാറെടുത്തിരുന്നു
2020 ല്‍ കൊവിഡ് മഹാമാരി ലോകമെമ്പാടും പൊട്ടിപ്പുറപ്പെട്ട സമയം, വാക്‌സിന്റെ സഹായത്തോടെ ഇതിനെതിരെ പോരാടാം എന്ന ഉറപ്പ് നമുക്കുണ്ടായിരുന്നു. നേരത്തെ തന്നെ നമ്മള്‍ തയ്യാറെടുപ്പുകള്‍ നടത്തി. വിദഗ്ധ സമിതിക്ക് രൂപം നല്‍കി. 2020 ഏപ്രിലില്‍ തന്നെ പ്രവര്‍ത്തന പദ്ധതികള്‍ തയ്യാറാക്കി.
വിരലിലെണ്ണാവുന്ന രാജ്യങ്ങള്‍ മാത്രമേ ഇതുവരെ സ്വന്തമായി വാക്‌സിന്‍ വികസിപ്പിച്ചിട്ടുള്ളൂ. 180ല്‍ അധികം രാജ്യങ്ങള്‍ ആശ്രയിക്കുന്നത് ഈ ഉത്പാദകരെയാണ്. നിരവധി രാജ്യങ്ങള്‍ ഇപ്പോഴും വാക്‌സിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഇന്ത്യ സ്വന്തമായി വാക്‌സിന്‍ ഉത്പാദിപ്പിച്ചില്ലായിരുന്നുവെങ്കിലുള്ള സ്ഥിതി ഒന്നു സങ്കല്‍പിച്ചു നോക്കൂ!. രാജ്യത്തെ ജനങ്ങള്‍ക്ക് ആവശ്യമായ വാക്‌സിന്‍ എങ്ങനെ ശേഖരിക്കുമായിരുന്നു?. ഇതിന് എത്ര വര്‍ഷം വേണ്ടിവരുമായിരുന്നു? അവസരത്തിനൊത്ത് ഉയര്‍ന്നുപ്രവര്‍ത്തിച്ച നമ്മുടെ ശാസ്ത്രജ്ഞരേയും സംരംഭകരേയും നാം അഭിനന്ദിക്കേണ്ടതുണ്ട്. അത് അവരുടെ പ്രതിഭ കൊണ്ടും കഠിനാധ്വാനം കൊണ്ടുമാണ്. വാക്‌സിനുകളുടെ കാര്യത്തില്‍ നമ്മുടെ രാജ്യം ആത്മനിര്‍ഭരമായതും അതുകൊണ്ടാണ്. വാക്‌സിന്‍ നിര്‍മാതാക്കള്‍ ഇത്രയും വലിയൊരു ജനതയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. മറ്റാര്‍ക്കും പിന്നിലല്ലെന്നും അവര്‍ തെളിയിച്ചു.
രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് മാര്‍ഗ്ഗതടസ്സമായി സര്‍ക്കാരുകള്‍ നിലകൊണ്ടിരുന്ന സ്ഥിതി മാറി. നമ്മുടെ സര്‍ക്കാര്‍ രാജ്യത്തിന്റെ പുരോഗതിക്കുള്ള പ്രേരണാശക്തിയായി. വാക്‌സിന്‍ നിര്‍മാണത്തിന്റെ ആദ്യ ദിനം തന്നെ, നിര്‍മാതാക്കള്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും സഹായവും സര്‍ക്കാര്‍ നല്‍കി. എല്ലാ മന്ത്രാലയങ്ങളും ഇതിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചു. എല്ലാ തടസ്സങ്ങളും നീക്കി.
വാക്‌സിന്റെ ഐതിഹാസിക യാത്ര
ഇന്ത്യയെപ്പൊലൊരു രാജ്യത്ത് വാക്‌സിന്‍ ഉത്പാദിപ്പിച്ചാല്‍ മാത്രം പോര. വിതരണ ശൃംഖല, വിതരണം ചെയ്യല്‍ തുടങ്ങി എല്ലാ കാര്യങ്ങളിലും ശ്രദ്ധിക്കണം. ഇതിലെ വെല്ലുവിളികള്‍ മനസ്സിലാക്കാന്‍, ഒരു ചെറിയ കുപ്പിയിലുള്ള വാക്സിന്‍ നടത്തിയ യാത്ര സങ്കല്‍പ്പിച്ചു നോക്കാം. പുനെയിലോ ഹൈദരാബാദിലോ ഉള്ള ഒരു നിര്‍മാണശാലയില്‍ നിന്ന്, ഏതെങ്കിലും സംസ്ഥാനത്തെ ഒരു ഹബ്ബിലേക്ക് ഈ കുപ്പി അയയ്‌ക്കുന്നു, അവിടെനിന്ന് അത് ജില്ലാഹബ്ബിലേക്ക് കൊണ്ടുപോകുന്നു. അവിടെനിന്ന് ഒരു പ്രതിരോധ കുത്തിവയ്പുകേന്ദ്രത്തില്‍ എത്തുന്നു. വിമാനങ്ങളും ട്രെയിനുകളും നടത്തുന്ന ആയിരക്കണക്കിന് ട്രിപ്പുകളുടെ വിന്യാസവും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഈ യാത്രയിലുടനീളം, താപനില നിരീക്ഷിക്കുകയും ഒരു പ്രത്യേക ശ്രേണിയില്‍ നിലനിര്‍ത്തുകയും വേണം. ഇതിനായി ഒരു ലക്ഷത്തിലധികം ശീതശൃംഖലാ ഉപകരണങ്ങള്‍ ഉപയോഗിച്ചു. വാക്സിനുകളുടെ വിതരണക്രമത്തെക്കുറിച്ച് സംസ്ഥാനങ്ങള്‍ക്ക് മുന്‍കൂട്ടി അറിയിപ്പ് നല്‍കി. അതിലൂടെ അവര്‍ക്ക് അവരുടെ ഡ്രൈവുകള്‍ നന്നായി ആസൂത്രണം ചെയ്യാനും മുന്‍കൂട്ടി തീരുമാനിച്ച ദിവസങ്ങളില്‍ വാക്സിനുകള്‍ നല്‍കാനും കഴിഞ്ഞു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ അഭൂതപൂര്‍വമായ പ്രയത്‌നമാണിത്.
‘കോവിനി’ലെ കരുത്തുറ്റ സാങ്കേതിക പ്ലാറ്റ്ഫോമാണ് ഈ ശ്രമങ്ങള്‍ക്ക് പരിപൂര്‍ണ്ണത നല്‍കിയത്. വാക്സിന്‍ പ്രക്രിയ പക്ഷപാതരഹിതവും നിരീക്ഷിക്കാവുന്നതും സുതാര്യവുമാണെന്ന് ഇതിലൂടെ ഉറപ്പാക്കി. സ്വജനപക്ഷപാതമോ ക്യൂ മറികടക്കുന്നതിനോ ഉള്ള സാധ്യതയില്ലെന്നും ഉറപ്പാക്കി. പാവപ്പെട്ട തൊഴിലാളിക്ക് ആദ്യത്തെ ഡോസ് തന്റെ ഗ്രാമത്തിലും രണ്ടാമത്തെ ഡോസ് ഒരു നിശ്ചിതസമയ ഇടവേളയ്‌ക്ക് ശേഷം അയാള്‍ ജോലി ചെയ്യുന്ന നഗരത്തിലും എടുക്കാനാവുമെന്നും ഉറപ്പാക്കി. സുതാര്യത വര്‍ധിപ്പിക്കുന്നതിനുള്ള തത്സമയ ഡാഷ്‌ബോര്‍ഡിന് പുറമേ, ക്യൂആര്‍ കോഡ് അധിഷ്ഠിത സര്‍ട്ടിഫിക്കറ്റുകളിലൂടെ പരിശോധനക്ഷമതയും ഉറപ്പുവരുത്തി.
ജനങ്ങളുടെ വിജയം
നമ്മുടെ രാജ്യം മുന്നേറുന്നത് ‘ടീം ഇന്ത്യ’ കാരണമാണെന്നും ഈ ‘ടീം ഇന്ത്യ’ നമ്മുടെ 130 കോടി ജനങ്ങളുള്‍പ്പെടുന്ന ഒരു വലിയ ടീമാണെന്നും 2015 ല്‍ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഞാന്‍ പറഞ്ഞിരുന്നു. ജനങ്ങളുടെ പങ്കാളിത്തമാണ് ജനാധിപത്യത്തിന്റെ ശക്തി. 130 കോടി ഇന്ത്യാക്കാരുടെ പങ്കാളിത്തത്തിലൂടെ നമ്മുടെ രാജ്യം ഓരോ നിമിഷവും 130 കോടി ചുവടുകള്‍ മുന്നോട്ട് നീങ്ങും. നമ്മുടെ പ്രതിരോധ കുത്തിവയ്പു പരിപാടി ‘ടീം ഇന്ത്യയുടെ’ ശക്തി വീണ്ടും തെളിയിച്ചു. ഇന്ത്യയുടെ വാക്‌സിനേഷന്‍ വിജയത്തിലൂടെ ‘ജനാധിപത്യത്തിന് എന്തും സാധിക്കും’ എന്നു ലോകത്തിനു മുന്നില്‍ തെളിയിച്ചു.
നമ്മുടെ യുവാക്കള്‍ക്കും നൂതനാശയങ്ങളുടെ ഉപജ്ഞാതാക്കള്‍ക്കും പൊതുജന സേവനത്തിനായി പുതിയ അളവുകോല്‍ രൂപപ്പെടുത്തുന്നതിന്, ഈ വിജയം സഹായിക്കുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്. അത് നമ്മുടെ രാജ്യത്തിന് മാത്രമല്ല, ലോകത്തിനും മാതൃകയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: