കൊല്ലം: സംസ്ഥാനത്തെ 1550 വില്ലേജുകളില്‍ ഡിജിറ്റല്‍ സര്‍വേ നടത്താന്‍ റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യഘട്ടമായി 339 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. സര്‍വേ പൂര്‍ത്തിയാക്കുന്നതോടെ സംസ്ഥാനത്തെ ഭൂമി സംബന്ധിച്ച് കൃത്യമായ വിവരം ലഭിക്കുമെന്നും വില്ലേജുകളുടെ അശാസ്ത്രീയമായ വിഭജനങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നുമാണ് സര്‍ക്കാരിന്റെ അവകാശവാദം. മൂന്നര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും.
സംസ്ഥാനത്ത് ആകെ 1666 വില്ലേജുകളാണുള്ളത്. അഞ്ച് പതിറ്റാണ്ടായി 909 വില്ലേജുകളുടെ സര്‍വേ പൂര്‍ത്തിയാക്കി. ഇതില്‍ 87 വില്ലേജുകള്‍ ഒഴികെ മറ്റുള്ളവ പരമ്പരാഗത രീതിയിലാണ് രേഖകള്‍ തയ്യാറാക്കിയത്. 728 വില്ലേജുകളില്‍ പുതിയ റീ സര്‍വേ ആരംഭിച്ചിട്ടില്ല. പരമ്പരാഗത രീതിയില്‍ പൂര്‍ത്തിയാക്കിയ വില്ലേജുകളില്‍ നിരവധി അപാകതകളാണുള്ളത്. അതിനാല്‍ ഇതില്‍ ഭൂമിപരമായ കൂട്ടിച്ചേര്‍ക്കലും ഡിജിറ്റൈസേഷനും സാധ്യമല്ല.
2018, 19 വര്‍ഷങ്ങളിലെ വെള്ളപ്പൊക്ക സമയത്ത് വില്ലേജുകളുടെ അശാസ്ത്രീയമായ വിഭജനം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിച്ചതായി ദുരന്ത നിവാരണ അതോറ്റി റവന്യൂ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
അപൂര്‍ണവും പൊരുത്തമില്ലാത്തതുമായ വിഭജനം, കാലഹരണപ്പെട്ട രേഖകള്‍, ഡിജിറ്റല്‍ അല്ലാത്ത രേഖകള്‍ എന്നിവ വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നതായും കണ്ടെത്തിയിരുന്നു. ഡിജിറ്റല്‍ സര്‍വേ നടത്തുന്നതോടെ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍.
സര്‍വേ, റവന്യൂ, രജിസ്ട്രേഷന് വകുപ്പുകളുടെ റിക്കാര്‍ഡുകള്‍ സംയോജിപ്പിക്കുക, വകുപ്പുകളുടെ പരിശീലനം, ശേഷിവര്‍ധിപ്പിക്കല്‍, സാങ്കേതികവിദ്യ, ഐടി ഇന്‍ഫ്രാസ്ട്രക്ചറുകള്‍ മെച്ചപ്പെടുത്തുക എന്നിവയാണ് പ്രധാന ലക്ഷ്യം.
ഈ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി റവന്യൂ വകുപ്പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും മന്ത്രിസഭ അംഗീകാരം നല്കി ആദ്യഘട്ട തുക അനുവദിക്കുകയുമായിരുന്നു. സര്‍വേ ആന്‍ഡ് ലാന്‍ഡ് റിക്കാര്‍ഡ്സ് വകുപ്പ് ഇതിന്റെ നിര്‍വഹണ ഏജന്‍സിയായിരിക്കും. പദ്ധതി സര്‍വേയില്‍ ഒരു സ്റ്റേറ്റ് ലെവല്‍ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റ് സ്ഥാപിക്കും.
പ്രോഗ്രാമിന്റെ ദൈനംദിന ആസൂത്രണത്തിനും നിരീക്ഷണത്തിനുമായി ഡയറക്ടറേറ്റ് മേഖലാ ഡയറക്ടറുണ്ടാകും. പഠനത്തിനു ശേഷം തര്‍ക്ക പരിഹാര സംവിധാനം രൂപപ്പെടുത്തും. നിരീക്ഷണത്തിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഒരു സംസ്ഥാനതല അപെക്സ് കമ്മിറ്റി, ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഒരു ജില്ലാ നിര്‍വഹണ സമിതിയും ഉണ്ടാകുമെന്നും സര്‍ക്കാര്‍ പുറത്തിക്കിയ ഉത്തരവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: