കെ. രാധാകൃഷ്ണന്റെ നിര്യാണം തീരാനഷ്ടം, അപരിഹാര്യം എന്നൊക്കെ പറഞ്ഞാല്‍ അത് വെറും ക്ലീഷേ മാത്രമാകും. അറുപത്തിയൊന്ന് വര്‍ഷത്തെ ആ ജീവിതത്തില്‍ നാലര പതിറ്റാണ്ടു കാലത്തെ സംഘടനാ പ്രവര്‍ത്തനം എന്തായിരുന്നുവെന്ന് പഠിക്കുമ്പോള്‍ മാത്രമേ രാധാകൃഷ്ണന്റെ ജീവിതം എന്തായിരുന്നു, ഈ വേര്‍പാട് നമുക്ക് തരുന്നതെന്ത് എന്നൊക്കെ മനസ്സിലാക്കാന്‍ സാധിക്കൂ. ബാല്യകാലം മുതല്‍ തന്റെ ജന്മസ്ഥലമായ മട്ടാഞ്ചേരിയിലെ ബാലഗോകുലം പ്രവര്ത്തകന് എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ സാമൂഹ്യപ്രവര്‍ത്തനത്തിന്റെ തുടക്കം. അതോടൊപ്പം തന്നെ സംഘ ശാഖയിലും അദ്ദേഹം പതിവുകാരനായി. കോളേജ് ജീവിതകാലത്ത് അദ്ദേഹം എബിവിപിയുടെ സജീവ പ്രവര്‍ത്തകനായി. പഠനാനന്തരം പിഡബ്ല്യൂഡി വകുപ്പില്‍ ജോലിക്കു ചേര്‍ന്നപ്പോഴും രാധാകൃഷ്ണന്റെ സംഘടനാപ്രവര്‍ത്തനം സജീവമായി തുടര്‍ന്നു. ബാലഗോകുലത്തിന്റെ സംസ്ഥാന ഭാരവാഹി എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തന ചക്രവാളം വികസിക്കുകയായിരുന്നു.
സര്‍ക്കാര്‍ ജോലിയുടെ അവിഭാജ്യഘടകമായ സ്ഥലംമാറ്റം അദ്ദേഹത്തിന്റെ സംഘടനാ പ്രവര്‍ത്തനോര്‍ജ്ജത്തെ കെടുത്തിയില്ല. ‘ഗംഗാ ജാനേ പര് ഗംഗാ ജല്‍, യമുന ജാനേ പര് യമുന ജല്‍’ എന്ന പഴമൊഴി സത്യമെന്ന് അദ്ദേഹം തെളിയിക്കുകയായിരുന്നു. വിവാഹ ജീവിതത്തിലേക്ക് കടന്നപ്പോഴും അത് അദ്ദേഹത്തിന്റെ സംഘടനാ ജീവിതത്തിന് ധാര്‍മ്മിക പിന്തുണ കൂടുന്നതായി. ഞങ്ങളുടെയെല്ലാം സഹോദരിയായി മാറിയ പ്രേമച്ചേച്ചി സംഘടനാ ജീവിതത്തില്‍ രാധാകൃഷ്ണന് നല്കിയ കരുത്ത് അത്രയേറെ ശക്തമായിരുന്നു.
രാധാകൃഷ്ണന് ബാലഗോകുലം സംസ്ഥാന ഭാരവാഹി ആയിരിക്കുമ്പോള്‍ 1980കളില്‍ തുടങ്ങിയ അമൃതഭാരതി എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയായി രാധാകൃഷ്ണനെ നിയോഗിക്കാന്‍ ബാലഗോകുലത്തിന് രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല. ബാലഗോകുലത്തിന്റെ മാര്‍ഗദര്‍ശിയായ എംഎ സാര്‍ (എംഎ കൃഷ്ണന്) കെ രാധാകൃഷ്ണനെ പരിചയപ്പെടുത്തിയിരുന്നത് ‘ബാലഗോകുലം ജനറല്‍ സെക്രട്ടറി, ഇന്‍-ചാര്‍ജ് ഓഫ് അമൃത ഭാരതി” എന്നായിരുന്നു. യശ:ശരീരനായ ഡോ. എന്‍.ഐ നാരായണന്, പ്രൊഫ തുറവൂര്‍ വിശ്വംഭരന്, രാഷ്ട്രപതിയുടെ ‘മഹാമഹോപാധ്യായ’ അവാര്‍ഡ് ജേതാവായ ഡോ. ജി. ഗംഗാധരന് എന്നിവരൊക്കെയായിരുന്നു അന്നത്തെ അമൃതഭാരതി കുലപതിമാര്‍. ആ കാലങ്ങളില്‍ നടന്നിരുന്ന അമൃതഭാരതി ആശീര്‍വാദസഭകള്‍ (കോണ്വൊക്കേഷന്), 1995 ഏപ്രിലില്‍ കാലടിയിലും 2000 ഏപ്രിലില്‍ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലും നടന്ന ബാലഗോകുല സമ്മേളനങ്ങള്‍, എന്നിവയുടെ വിജയത്തില്‍ രാധാകൃഷ്ണന് വഹിച്ച പങ്ക് അവര്‍ണ്ണനീയമാണ്. 1997 മുതല്‍ എറണാകുളത്ത് നടന്നു വരുന്ന കൊച്ചി അന്താരാഷ്ട്ര പുസ്തകോല്‍സവത്തിന്റെ പ്രധാന അമരക്കാരില്‍ ഒരാളും രാധാകൃഷ്ണന് തന്നെ.
ശ്രോതാക്കളുടെ ഹൃദയങ്ങളിലേയ്ക്കു മൃദുവായി പ്രവേശിക്കുന്ന ശാന്തമായ വാക്കുകളായിരുന്നു രാധാകൃഷ്ണന്റെ പ്രസംഗങ്ങള്‍. ചെറുപ്പകാലം മുതലേ നിരന്തരമായി വേട്ടയാടിക്കൊണ്ടിരുന്ന കുടുംബത്തിലെ അനാരോഗ്യാവസ്ഥകള്‍ അദ്ദേഹത്തെ തളര്‍ത്തിയില്ല. വിധി ഇങ്ങിനെ, ഇത്രയേറെ വേട്ടയാടിയ ഒരു സംഘടനാ പ്രവര്‍ത്തകനെ കാണാന്‍ പ്രയാസമാണ്. ആദര്‍ശവാനായ സംഘടനാ പ്രവര്ത്തകന്, സുതാര്യ ജീവിതം കാത്തു സൂക്ഷിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്, കുടുംബത്തെ മാതൃകാപരമായി നയിച്ച പ്രതിബദ്ധതയുള്ള കുടുംബനാഥന് എന്നിങ്ങിനെ വിവിധ റോളുകള്‍ തുല്യ പ്രാധാന്യത്തോടെ മുന്നോട്ടുകൊണ്ടുപോകാന്‍ ആ അസുലഭ വ്യക്തിത്വത്തിന് കഴിഞ്ഞു. ഔദ്യോഗിക രംഗത്ത് അദ്ദേഹം നേടിയ ആദരവ് അസൂയവഹമായിരുന്നു.
ആരുമായും എളുപ്പത്തില്‍ ഒത്തുപോകാന്‍ കഴിയുന്ന അതുല്ല്യസംഘാടകന്‍, ആരെയും വേദനിപ്പിക്കാതെ നര്‍മ്മത്തിലൂടെ തന്റെ ശക്തമായ വാദങ്ങള്‍ അവതരിപ്പിക്കാന്‍ കഴിവുള്ള അപൂര്‍വ്വ വ്യക്തിത്വം, ഏത് ശ്രേണിയില്‍പ്പെട്ടവരെയും തന്റെ സമ്പര്‍ക്ക വലയത്തില്‍ കൊണ്ടുവരാന്‍ കഴിവുള്ള സംഘാടകന്‍ എന്നിങ്ങനെ എന്തെല്ലാം വിശേഷണങ്ങള്‍ …. !
കരള്‍ സംബന്ധമായ ശസ്ത്രക്രിയക്ക് വിധേയനാക്കാന്‍ ആശുപത്രിയിലേക്ക് പോകുന്നതിന്റെ തലേന്നു എന്നെ വിളിച്ചപ്പോള്‍ അത് അവസാനത്തെ ഫോണ്‍ കോള്‍ ആകുമെന്ന് കരുതിയില്ല. എന്റെ ശ്രീമതി ആ ദമ്പതികള്‍ക്ക് സഹോദരിതുല്ല്യ തന്നെ ആയിരുന്നു. ചികിത്സയ്ക്കായി എറണാകുളത്തേക്ക് വരുമ്പോള്‍ തന്റെ പത്ഥ്യത്തിന് യോജ്യമായ ഭക്ഷണം തയാറാക്കി വെക്കണമെന്ന് പറയാന്‍ രാധാകൃഷ്ണന് എന്റെ മധ്യസ്ഥത വേണ്ടിയിരുന്നില്ല. അത്രയും അടുപ്പത്തിലായിരുന്നു ഇരു കുടുംബങ്ങളും.
കേവലം 61 വയസ്സിനുള്ളില്‍ അദ്ദേഹം ചെയ്തു തീര്‍ത്തതിനേക്കാള്‍ എത്രയോ മടങ്ങ് കാര്യങ്ങള്‍ അദ്ദേഹത്തിന് ചെയ്തു തീര്‍ക്കണമെന്നുണ്ടായിരുന്നു ! ആ നഷ്ടം നമ്മുടേതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: