ഓക്ക്ലാന്‍ഡ് (കാലിഫോര്‍ണിയ) : മുന്‍ യുഎസ് സെനറ്റര്‍ ബാര്‍ബറ ബോക്‌സര്‍ക്കു നേരെ ആക്രമണവും കവര്‍ച്ചയും. തിങ്കളാഴ്ച ഉച്ചയോടെ നടക്കാനിറങ്ങിയ 80 വയസ്സുള്ള കാലിഫോര്‍ണിയ മുന്‍ സെനറ്റര്‍ , ഓക്ക്ലാന്റ് ജാക്ക് ലണ്ടന്‍ സ്‌ക്വയറില്‍ വച്ചായിരുന്നു കവര്‍ച്ച ചെയ്യപ്പെട്ടത്.
ആയുധ ധാരിയായ കള്ളന്‍ ഇവരെ പുറകില്‍ നിന്നും തള്ളിയതിനുശേഷം കയ്യിലുണ്ടായിരുന്ന സെല്‍ഫോണ്‍ തട്ടിയെടുത്തു. തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന കാറില്‍ കയറി ഇയാള്‍ രക്ഷപ്പെട്ടു. ട്വിറ്ററിലൂടെയാണു സെനറ്റര്‍ തന്റെ നേര്‍ക്കുണ്ടായ കവര്‍ച്ചയെ കുറിച്ച് പരാമര്‍ശിച്ചത്. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും ബാര്‍ബറ പറഞ്ഞു.
തിങ്കളാഴ്ച 1.15 ന് തേര്‍ഡ് സ്ട്രിറ്റില്‍ സായുധ കവര്‍ച്ച നടന്നതായി ഓക്ക്ലാന്‍ഡ് പൊലിസും സ്ഥിരീകരിച്ചു. എന്നാല്‍ കവര്‍ച്ചയ്‌ക്ക് വിധേയരായവരുടെ പേര് വിവരം പൊലീസ് പുറത്തു വിട്ടിട്ടില്ല.
പത്തു വര്‍ഷം ഡെമോക്രാറ്റിക് യുഎസ് ഹൗസ് പ്രതിനിധിയായും, 24 വര്‍ഷം കലിഫോര്‍ണിയായില്‍ നിന്നുള്ള സെനറ്ററായും ബാര്‍ബറ പ്രവര്‍ത്തിച്ചിരുന്നു. 1982 ലാണ് ആദ്യമായി യു.എസ് ഹൗസ് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത് . 2016 ല്‍ ഇവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല . സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു . പ്രതിയെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് 2000 ഡോളര്‍ പാരിതോഷികം ഓക്ക്ലാന്‍ഡ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: