തിരുവനന്തപുരം: ഭൂമി തരംമാറ്റത്തിന് സൗജന്യ നിരക്ക് ഏര്‍പ്പെടുത്തിയതിലെ ആശയക്കുഴപ്പങ്ങള്‍ പരിഹരിച്ചുള്ള ഭേദഗതിയില്‍ വ്യക്തത വരുത്തി റവന്യൂ വകുപ്പ് ഉത്തരവിറങ്ങിയെങ്കിലും ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത, ഭൂമി തരംമാറ്റാന്‍ അര്‍ഹതയുള്ള ഭൂ ഉടമകളുടെ ആശങ്കകള്‍ക്ക് അറുതിയായില്ല. വീടിനും വാണിജ്യാവശ്യത്തിനും കെട്ടിടം നിര്‍മിക്കുകയെന്ന ആവശ്യത്തിനും മാത്രമാണ് ഈ ചട്ടപ്രകാരം തരംമാറ്റം വിഭാവനം ചെയ്തിട്ടുള്ളത്. എന്നാല്‍, 2008നു മുമ്പ് പരിവര്‍ത്തനം നടത്തിയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും കൈമാറ്റം ചെയ്യുമ്പോള്‍ നിലവിലെ മാര്‍ക്കറ്റ് വില ലഭ്യമാവുകയും ചെയ്യണമെങ്കില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി ഭേദഗതി അനിവാര്യമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിലും ഇക്കാര്യത്തില്‍ വ്യക്തതയായിട്ടില്ല.
നിലവിലെ ചട്ടപ്രകാരം തരംമാറ്റേണ്ട ഭൂമി കേരള ഭൂവിനിയോഗ ഉത്തരവിന്റെ പ്രാരംഭത്തീയതിയായ 1967 ജൂലൈ നാലിന് മുമ്പ് നികത്തപ്പെട്ട ഭൂമിയാണെന്ന് തെളിയിക്കപ്പെട്ടാല്‍ യാതൊരു ഫീസും അടയ്ക്കേണ്ടതില്ല. ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്ത ഭൂമികളുടെ അതായത് 2008ന് മുമ്പ് തരംമാറ്റപ്പെട്ട ഭൂമികള്‍ക്കാണ് പുതിയ വ്യവസ്ഥ പ്രകാരം അപേക്ഷ നല്കാന് സാധിക്കുക. പുതിയ ഉത്തരവ് പ്രകാരം 2021 ഫെബ്രുവരി 25നോ അതിനു ശേഷമോ സമര്‍പ്പിക്കപ്പെട്ട അപേക്ഷകളില്‍ മാത്രമേ സൗജന്യ ഫീസ് ഇളവ് ലഭ്യമാകൂ. പഴയ അപേക്ഷ പിന്‍വലിച്ച് പുതിയ അപേക്ഷ സമര്‍പ്പിക്കാനാകില്ല. വസ്തു സംബന്ധിച്ച് വില്ലേജ് രേഖകളിലുള്ള വിസ്തീര്‍ണമാണ് കണക്കാക്കുക. 2017 ഡിസംബര്‍ 30ന് 25 സെന്റില്‍ അധികരിക്കാതെ വിസ്തീര്‍ണമുള്ള ഭൂമിയായി നിലകൊള്ളുന്ന വസ്തുവിന് മാത്രമേ സൗജന്യ തരംമാറ്റം അനുവദിക്കൂ. ഒരേ വ്യക്തിയുടെ പേരില്‍ ഒരേ സര്‍വേ നമ്പറിലോ അല്ലാതെയോ ഒന്നായി കിടക്കുന്ന വ്യത്യസ്ത ആധാരപ്രകാരമുള്ള ഭൂമികള്‍ക്കുള്ള അപേക്ഷ ഒറ്റ അപേക്ഷയായോ പ്രത്യേക അപേക്ഷകളായോ പരിഗണിക്കാം. എന്നാല്‍ ആകെ വിസ്തീര്‍ണം 25 സെന്റില്‍ അധികരിക്കാനും പാടില്ല. 25 സെന്റില്‍ അധികരിക്കുന്നില്ല എന്ന സത്യവാങ്മൂലവും അപേക്ഷയോടൊപ്പം വാങ്ങണം. എന്നാല്‍, നിലവിലെ ചട്ടം അനുസരിച്ചാണെങ്കില്‍ കെട്ടിടനിര്‍മാണത്തിന് മാത്രമേ തരംമാറ്റം അനുവദിക്കൂ. ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത, 2008ന് മുമ്പ് പരിവര്‍ത്തനം ചെയ്ത ഭൂമികള്‍, 25 സെന്റ് വരെ പൊതുവായി തരംമാറ്റാന്‍ അനുവാദം നല്‍കണമെന്നാണ് ഭൂ ഉടമകളുടെ ആവശ്യം.
25 സെന്റിന് മുകളില്‍ വരുന്ന ഭൂമികളില്‍ കെട്ടിടനിര്‍മാണത്തിന് നേരത്തെ നിശ്ചയിച്ച ഫെയര്‍വാല്യു നിരക്കിന് അനുസരിച്ച് നിശ്ചിത ശതമാനം ഫീസ് അടച്ച് തന്നെ ഭൂമി തരംമാറ്റണം. ആര്‍ഡിഒയ്ക്ക് സമര്‍പ്പിക്കുന്ന എല്ലാ അപേക്ഷയോടൊപ്പവും 1000 രൂപ അപേക്ഷാഫീസ് നിര്‍ബന്ധമാണ്.
20.23 ആര് (50 സെന്റ്) വരെ വിസ്തീര്‍ണമുള്ള ഭൂമിയുടെ പരിവര്‍ത്തനത്തിന് ഫോറം ആറിലും 20.23 ആറോ അതില്‍ കൂടുതലോ വിസ്തീര്‍ണമുള്ള ഭൂമിയുടെ പരിവര്‍ത്തനത്തിന് ഫോറം ഏഴിലും ആണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷയോടൊപ്പം ആയിരം രൂപ അടച്ച ചെലാന്‍ രസീത്, ആധാരത്തിന്റെ പകര്‍പ്പ്, നികുതി രസീതിന്റെ പകര്‍പ്പ്, കെട്ടിട പ്ലാനിന്റെ പകര്‍പ്പ് എന്നിവയാണ് നിലവിലെ ചട്ടം പ്രകാരം സമര്‍പ്പിക്കേണ്ടത്. 50 സെന്റ് വരെയുള്ള തരംമാറ്റത്തിന് പഞ്ചായത്തില്‍ ന്യായവിലയുടെ 10 ശതമാനവും മുനിസിപ്പാലിറ്റിയില്‍ 20 ശതമാനവും കോര്‍പ്പറേഷനില്‍ 30 ശതമാനവും ഫീസായി നല്‍കണം.
ഒരേക്കര്‍ വരെയുള്ള ഭൂമിക്ക്, പഞ്ചായത്തില്‍ ന്യായവിലയുടെ 20 ശതമാനവും മുനിസിപ്പാലിറ്റിയില്‍ 30 ശതമാനവും കോര്‍പ്പറേഷനില്‍ 40 ശതമാനവും ഫീസടയ്ക്കണം. തരംമാറ്റം അനുവദിച്ച് ആര്‍ഡിഒയില്‍ നിന്ന് അറിയിപ്പ് കിട്ടിയ ശേഷം ഫീസ് അടച്ചാല്‍ മതിയാവും. ആര്‍ഡിഒയുടെ അനുമതി ലഭിച്ചാല്‍ വില്ലേജ് രേഖകളില്‍ ഭൂമിയുടെ സ്വഭാവം സംബന്ധിച്ച് മാറ്റംവരുത്തണം. സബ് ഡിവിഷന് ആവശ്യമില്ലാത്ത കേസുകളില്‍ വില്ലേജ് ഓഫീസറും ആവശ്യമുള്ള കേസുകളില്‍ തഹസില്‍ദാറും വില്ലേജ് രേഖകളില്‍ മാറ്റംവരുത്തിയ ശേഷം കെട്ടിടനിര്‍മാണാനുമതിക്കായി തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് അപേക്ഷ നല്‍കാം.
ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട നിലം, വയല്‍ എന്നിവ പരിവര്‍ത്തനപ്പെടുത്തുന്നതിന് പഴയ നടപടിക്രമം തന്നെയാണ് നിലവിലുള്ളത്. അതായത് പ്രാദേശിക നിരീക്ഷണസമിതി മുമ്പാകെ അപേക്ഷ നല്‍കണം. തുടര്‍ന്ന് അതില്‍ ആര്‍ഡിഒ ഉത്തരവ് പുറപ്പെടുവിക്കും. 2008ന് മുമ്പ് നികത്തപ്പെട്ടതും എന്നാല്‍, ഡാറ്റാബാങ്കില്‍ തെറ്റായി ഉള്‍പ്പെട്ടതുമായ ഭൂമിയുടെ തരംമാറ്റത്തിന് ഭൂമി ഡാറ്റാ ബാങ്കില്‍ നിന്ന് നീക്കം ചെയ്യേണ്ടതുണ്ട്. ഡാറ്റാ ബാങ്ക് അന്തിമമായി ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടില്ലെങ്കില്‍ നീക്കം ചെയ്യുന്നതിന് പ്രാദേശികതല നിരീക്ഷണസമിതിക്ക് അധികാരമുണ്ട്. അന്തിമമായി പ്രസിദ്ധപ്പെടുത്തിയതാണെങ്കില്‍ നീക്കം ചെയ്യുന്നതിനുള്ള അപേക്ഷ ഫോറം റവന്യു ഡിവിഷണല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷ റവന്യു ഡിവിഷണല്‍ ഓഫീസര്‍ നിരസിക്കുന്ന പക്ഷം ജില്ലാ കളക്ടര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാം. കളക്ടര്‍ അപ്പീല്‍ നിരസിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ മുമ്പാകെ റിവിഷന്‍ ഹര്‍ജി സമര്‍പ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: