കൊല്ലം: പത്തനാപുരം പാടം വനമേഖലയില്‍ സ്ഫോടക ശേഖരം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഭീകരര്‍ വനത്തിനുള്ളില്‍ മാനുകളെ വേട്ടയാടി ഭക്ഷണമാക്കിയതിന് തെളിവുകള്‍.
ആയുധ പരിശീലനം നടത്തിയതായി കരുതുന്ന സ്ഥലത്തിന് സമീപം വനത്തിനുള്ളില്‍ സാംബര്‍ ഇനത്തില്‍പെട്ട മാനുകളുടെ അവശിഷ്ടങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഉള്‍വനത്തില്‍ ഇവര്‍ ആയുധപരിശീലനം നടത്തുന്ന സമയത്ത് ഭക്ഷണത്തിനായി ഇവയെ വേട്ടയാടിയതാകാം എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇന്ത്യയില്‍ അംഗസംഖ്യ ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്ന് 2008ല്‍ ഐയുസിഎന്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ സാംബര്‍ വിഭാഗം മാനുകളാണ് ഇവ.
ഇത്തരത്തില്‍ പതിനഞ്ചിലധികം സാംബര്‍ ഇനത്തില്‍പെട്ട മാനുകളുടെ അവശിഷ്ടം മുന്‍പും വനത്തിനുള്ളില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിന്റെ അന്വേഷണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. തീവ്രമത നിലപാടുള്ള സംഘടനകളുടെ സാന്നിധ്യം വനമേഖലയില്‍ അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകരബന്ധമുള്ള സംഘടനകള്‍ വന്യമൃഗങ്ങളെ ഇത്തരത്തില്‍ വേട്ടയാടി ഭക്ഷണമാക്കിയ സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും വ്യക്തമായ പങ്കുണ്ടെന്ന ആരോപണം ശക്തമാണ്.
സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ ഇടപെടല്‍ പ്രത്യേകസംഘം അന്വേഷിക്കുമെന്ന് കഴിഞ്ഞദിവസം കേന്ദ്ര ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. കൊല്ലം ജില്ലയിലെ പുനലൂര്‍ ഡിവിഷന് കീഴിലുള്ള പുന്നല റീജിയണില്‍പെടുന്നതാണ് പാടം വനമേഖല.
ഇവിടെ ജില്ലയുടെ വനാതിര്‍ത്തി കേന്ദ്രീകരിച്ചു തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്നാട് ക്യൂ ബ്രാഞ്ച് നേരത്തേ സംസ്ഥാന പോലീസിനെ അറിയിച്ചിരുന്നതായി അന്വേഷണ സംഘം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: