മരണത്തില്‍ പോലും നമുക്ക് ഏകീഭാവം കാണുവാന്‍ സാധിക്കുന്നില്ലെങ്കില്‍, ജീവിതത്തില്‍ അതെങ്ങനെ സാധ്യമാകും?. എല്ലാവരും ഭൂമിദേവിയുടെ മടിത്തട്ടിലേക്കെത്തി പുതിയ പ്രയാണം ആരംഭിക്കുന്നവരാണ്. എന്നാല്‍ ഇന്ത്യയിലെ മതനിരപേക്ഷകര്‍ മരണത്തെ പോലും രാഷ്ട്രീയ വിഷയമാക്കുന്നു.
ഇസ്രയേലില്‍, ഇസ്ലാമിക ഭീകരസംഘടനയായ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട നഴ്സ് സൗമ്യ സന്തോഷിന്റെ മരണം, ഇന്ത്യയിലെ മാധ്യമങ്ങളും രാഷ്ട്രീയക്കാരും കൈകാര്യം ചെയ്ത രീതിയില്‍ നമ്മുടെ ആ മനോഭാവം പ്രതിഫലിക്കുന്നുണ്ട്. കേരളത്തിലെ ധൈര്യശാലികളായ ഒട്ടേറെ സ്ത്രീകളെ പോലെയാണ് സൗമ്യയും. ഇസ്രായേലിലെ അഷ്കലണില് ഒരു ജൂത കുടുംബത്തില്‍ കെയര്‍ ടേക്കറായിരുന്നു സൗമ്യ. ചൊവ്വാഴ്ച വൈകുന്നേരം ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണ്, പലസ്തീന് ഭീകര സംഘടനയായ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ കെട്ടിടം തകര്‍ന്ന് സൗമ്യ കൊല്ലപ്പെടുന്നത്. ഇടുക്കി സ്വദേശിനിയായ സൗമ്യക്ക് ഒമ്പത് വയസ്സുള്ള മകനുമുണ്ട്.
ഹമാസ് ആക്രമണത്തെ ഇന്ത്യ ഏകകണ്ഠമായി അപലപിച്ചതും സൗമ്യയുടെ മരണത്തില്‍ ദുഖം രേഖപ്പെടുത്തിയതും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ എല്ലാ വൈജാത്യങ്ങളേയുംം മറികടന്നുകൊണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ മതനിരപേക്ഷത നിര്‍വചിക്കപ്പെടുന്നത് വ്യത്യസ്ത മാര്‍ഗ്ഗത്തിലാണ്. കേരള മുഖ്യമന്ത്രിയും മുന്‍ മുഖ്യമന്ത്രിയും ഹമാസ് ആക്രമണത്തെ ആദ്യം അപലപിക്കുകയും പിന്നീട് അത് നീക്കം ചെയ്യുകയുമായിരുന്നു. ഖേദം പ്രകടിപ്പിച്ചവരുമുണ്ട്. ഒരു മലയാള മാധ്യമം ഹമാസ് ആക്രമണത്തെ കുറിച്ച് പരാമര്‍ശിക്കാതെയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഒരു ഇംഗ്ലീഷ് ന്യൂസ് പോര്ട്ടലാവട്ടെ, യാദൃച്ഛിക സംഭവം എന്ന നിലയിലാണ് ന്യൂസ് അവതരിപ്പിച്ചത്.
ഇതേ മാധ്യമങ്ങള്‍ തന്നെ പാലസ്തീന് നേരിട്ട ദുരന്തത്തെ ഏറെ സഹതാപം അര്‍ഹിക്കുന്ന തരത്തില്‍ പൊലിപ്പിച്ച് വാര്‍ത്തകള്‍ നല്‍കുകയും ചെയ്തു. ഉദ്ദേശ്യം വളരെ വ്യക്തമാണ്. പാലസ്തീനിനെ അനുകൂലിക്കുന്ന, പ്രാദേശിക രാഷ്ട്രീയത്തില്‍ ശക്തരായ ഇസ്ലാമിക സംഘടനകളെ പ്രീണിപ്പിക്കുക. എല്ലാ നിര്‍ണായക ഘട്ടങ്ങളിലും ഇസ്രായേല്‍ ഇന്ത്യയ്ക്ക് സഹായ ഹസ്തം നീട്ടിയിട്ടുപോലും ഇതാണ് സ്ഥിതി.
പാലസ്തീന്റെ കാര്യത്തില്‍ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുള്ളതാണ്. പാലസ്തീനിലും ഇസ്രായേലിലും മോദി നടത്തിയ സന്ദര്‍ശനം ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തു. ഇരു രാജ്യങ്ങളിലും സമാധാനം പുലരണമെന്നാണ് ഇന്ത്യയുടെ ആഗ്രഹം. ആ ലക്ഷ്യത്തിലേക്ക് എത്തുന്നതിന് വേണ്ടിയായിരുന്നു ഇന്ത്യയുടെ പ്രയത്നവും. നമ്മുടെ സ്വന്തം പൗരന് കിട്ടേണ്ടുന്ന ബഹുമാനവും സഹാനുഭൂതിയും കിട്ടാതെ വരണമെന്നാണോ അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്?. എന്തുകൊണ്ട് ഹമാസിന്റെ ആക്രമണത്തെ അപലപിക്കാന്‍ വിമുഖത കാണിക്കുന്നു?. പാലസ്തീന്റെ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭാരതപുത്രിയെ പ്രീണനരാഷ്ട്രീയത്തിന്റെ പേരില്‍ അവഗണിക്കുവതെങ്ങനെ?
ഏറ്റവും വിശ്വസ്തരായ ഇസ്രയേലിനെ പോലൊരു സഖ്യരാജ്യത്തെ ഉപേക്ഷിക്കുക എന്നതാണോ മതേതരത്വം കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതും 1962 ലെ ചൈന യുദ്ധം, 1965 ലും 1971 ലും ഉണ്ടായ ഇന്ത്യ-പാക് യുദ്ധം, ബംഗ്ലാദേശ് വിമോചന യുദ്ധം എന്നീ നിര്‍ണായക ഘട്ടങ്ങളിലെല്ലാം സഹായിക്കാന്‍ മുന്നോട്ട് വന്ന രാഷ്ട്രമാണ് ഇസ്രയേല്‍. കാര്‍ഗില്‍ യുദ്ധസമയം ആരാണ് ഇന്ത്യക്കൊപ്പം നിന്നത്? പാലസ്തീനോ, ഇസ്രയേലോ?
1962 ലെ ഇന്ത്യ- ചൈന യുദ്ധത്തില്‍ ചൈനയ്ക്കൊപ്പം നിന്നവരാണ് ഇവിടുത്തെ കമ്യൂണിസ്റ്റുകാര്‍. നെഹ്രു ഭരണകൂടം അവരെ അറസ്റ്റു ചെയ്യുകയുമുണ്ടായി. ആരാണ് ഇന്ത്യക്കൊപ്പം നിന്നത് എന്നത് ആരും കാര്യമാക്കുന്നില്ല. അത്യന്തം ജീര്‍ണ്ണിതമായ വര്‍ഗീയ നയങ്ങള്‍ ഇന്ത്യന്‍ താല്പര്യത്തിനും സല്പേരിനും ക്ഷതമേല്‍പ്പിക്കുന്നവയാണ്.
ഇസ്രയേല്‍ ഹമാസിനെതിരെ ആക്രമണം കടുപ്പിച്ചിരിക്കുമ്പോഴും ഇന്ത്യയ്ക്കാവശ്യമായ ഓക്സിജന്‍ കോണ്സണ്ട്രേറ്ററുകളുടേയും വെന്റിലേറ്ററുകളുടേയും സപ്ലൈയും ഉറപ്പുവരുത്തുന്നുണ്ട്. സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലേക്ക് അയക്കുകയും ചെയ്തു. അതുപോലൊരു സൗഹൃദ രാജ്യത്തോട് നാം ഹൃദയശൂന്യരായും മര്യാദയില്ലാത്തവരായും പെരുമാറണോ?.
പാലസ്തീന് വിഷയത്തില്‍ മുസ്ലിം രാജ്യങ്ങള്‍ പോലും പാലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടില്ല. അറബ് രാജ്യങ്ങള്‍ക്ക് വ്യത്യസ്ത നിലപാടാണുള്ളത്. ഹമാസ് ഭീകരരെ അവരുടെ ഭരണകൂടത്തിനും ഭീഷണിയായിട്ടാണ് കരുതുന്നത്. പാലസ്തീന് വേണ്ടി പിന്തുണ അഭ്യര്‍ത്ഥിച്ച ഏതെങ്കിലും ഒരു ഇസ്ലാമിക രാജ്യത്തിന്റെ പേര് പറയാന്‍ സാധിക്കുമോ?. മതപരമായ ചാര്ച്ചയേക്കാള് ഉപരിയായി ഓരോ മുസ്ലിം രാജ്യവും അവരുടെ ആഭ്യന്തര താല്പര്യങ്ങള്ക്കുവേണ്ടി മറ്റൊന്നുമായി യുദ്ധത്തിലാണ് എന്നത് ഒരു നഗ്നസത്യമാണ്.
വാഷിങ്ടണ്‍ പോസ്റ്റിന്റെ 2012ലെ റിപ്പോര്‍ട്ട് പ്രകാരം ലോകത്താകമാനം ആറ് ആഭ്യന്തര യുദ്ധങ്ങളാണ് നടന്നത്. അഫ്ഗാനിസ്ഥാന്, പാക്കിസ്ഥാന്, സുഡാന്, സൊമാലിയ, സിറിയ, യമന്‍ തുടങ്ങിയ മുസ്ലിം രാജ്യങ്ങളിലായിരുന്നു അത്. 9 തീവ്രവാദ സംഘടനകളില്‍ ഏഴും ഇസ്ലാമിക ആശയങ്ങള്‍ പിന്‍പറ്റുന്നവയായിരുന്നു. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ സര്‍ക്കാരുകളോടാണ് ഇസ്ലാം കലാപകാരികള്‍ ഏറ്റുമുട്ടിക്കൊണ്ടിരുന്നതും. ഈ അഭ്യന്തര കലാപങ്ങളില്‍ ഇരകളാകേണ്ടി വന്നവരില്‍ 90 ശതമാനവും സിറിയ, അഫ്ഗാനിസ്ഥാന്, ഇറാഖ് എന്നീ മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
താലിബാന്, ലഷ്കര്‍ ഇ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ഐഎസ് ഐഎസ്, ബൊക്കോ ഹറാം, ജെയ്ഷെ മുഹമ്മദ്, അല്‍ ഖ്വയ്ദ തുടങ്ങി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ചെറുതും വലുതുമായ മുസ്ലീം ഭീകരവാദ സംഘടനകള്‍, അവര്‍ക്ക് വഴങ്ങാത്ത മുസ്ലിങ്ങളെ കൊല്ലുകയും ലക്ഷക്കണക്കിന് മുസ്ലിം കുടുംബങ്ങളെ ഉന്മൂലനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കേരളത്തിലും ഇതേപോലെ നിരവധി കേസുകള്‍ ഉണ്ടായിട്ടുണ്ട്. നിരവധി യുവതീ യുവാക്കളാണ് ഐഎസ് ഐഎസ് പ്രലോഭനത്തില്‍ കുടുങ്ങി ആ ഭീകരസംഘടനയില്‍ ചേര്‍ന്നിട്ടുള്ളത്. ആ ഭീകരവാദ ശൃംഖലകളെ തകര്‍ത്തുകൊണ്ട്, ഇന്ത്യയെ ഒത്തൊരുമയുടെ നാടായി നിലനിര്‍ത്താന്‍ നാം എല്ലാവരും മുന്നോട്ടുവരണം.
ദൗര്‍ഭാഗ്യവശാല്‍ മുസ്ലീം പ്രീണന നയം അവര്‍ക്ക് തന്നെ ഹാനിവരുത്തുന്ന ഒന്നായി തീര്‍ന്നിരിക്കുന്നു. ഇന്ത്യയിലെ മതേതര മേലങ്കി അണിഞ്ഞ പാര്‍ട്ടികളും മാധ്യമങ്ങളും മുസ്ലിങ്ങളെ ന്യൂനപക്ഷമായി ചിത്രീകരിച്ച് വേര്‍തിരിച്ചു നിര്‍ത്താനാണ് ശ്രമിക്കുന്നത്. പുരോഗതിയുടെ ദേശീയ മുഖ്യധാരയില്‍ അണിചേരുന്നതില് നിന്നും അവരെ അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. മുസ്ലിം യുവത്വത്തിന്റെ ഭാവിയെ തന്നെ അത് ബാധിക്കുകയും ചെയ്യും.
ഇന്ത്യ പ്രധാനമായും മൂന്ന് തീവ്രവാദ സംഘടനകളില്‍ നിന്നാണ് ആക്രമണം നേരിടുന്നത്. ഇസ്ലാമിസ്റ്റ് ജിഹാദികള്‍, നക്സല്‍-മാവോയിസ്റ്റുകള്‍ അഥവാ കമ്യൂണിസ്റ്റ് ഭീകരര്‍, പള്ളികളുടെ പിന്തുണയുള്ള നോര്‍ത്ത്- ഈസ്റ്റേണ്‍ കലാപകാരികള്‍. ഇവര്‍ പൊതുവായി ലക്ഷ്യമിടുന്നത് ഹിന്ദുക്കളേയാണ്. ഛത്തീസ്ഗഢ്, ഒഡീഷ, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ കമ്യൂണിസ്റ്റ് ഭീകര സംഘടനകളുടെ ആക്രമണത്തിന് ഇരയായ ഹിന്ദുക്കളല്ലാത്ത ആരെയെങ്കിലും കാണുവാന്‍ സാധിക്കുമോ? ഒഡീഷയില്‍ 90 വയസ്സുള്ള സ്വാമി ലക്ഷ്മണാനന്ദ കൊലചെയ്യപ്പെട്ടത് കമ്യൂണിസ്റ്റ് മാവോയിസ്റ്റുകളുടെ ഗൂഢാലോചനയെ തുടര്‍ന്നാണ്.
നവചൈതന്യം വീണ്ടെടുത്ത ഒരു രാഷ്ട്രത്തിന്റെ ദേശീയ ബിംബമായ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിരോധിക്കുന്നതിനായി പക്ഷപാതപരമായ രീതിയില്‍ മാധ്യമപ്രവര്‍ത്തനത്തെയും ഉപയോഗപ്പെടുത്തുകയാണിപ്പോള്‍. റോഡുകളും വൈദ്യുത ലൈനുകളും ഒരു രാഷ്ട്രത്തെ രൂപപ്പെടുത്തുകയില്ല. സോവിയറ്റ് യൂണിയന്റെ അനുഭവം നാം ഓര്‍ക്കണം. ഇന്ത്യയ്ക്ക് അതിന്റേതായ അന്ത:സത്തയുണ്ട്. ഈ രാജ്യത്തെ സംരക്ഷിക്കുന്നതും അതാണ്. സൗമ്യ സന്തോഷിന് ആദരാഞ്ജലികള്‍! ആ പെണ്‍കുട്ടിയുടെ ജീവത്യാഗം മതഭ്രാന്തരുടെ കണ്ണ് തുറപ്പിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: