തിരുവനന്തപുരം: പ്രമുഖ വ്യവസായി രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള കോവളം ലീലാ ഹോട്ടലിന് കോടികളുടെ വിലയുള്ള തര്‍ക്കഭൂമി അളന്നു തിട്ടപ്പെടുത്തി നല്കാന് സര്‍ക്കാര്‍ നീക്കം. ക്ഷേത്രഭൂമിയും ഐറ്റിഡിസിയുടെ കൈവശവുമുള്ള ഭൂമിയും സ്വന്തമാക്കാന്‍ രവിപിള്ള ഗ്രൂപ്പ് രഹസ്യനീക്കം നടത്തുന്നുവെന്നാണ് ആക്ഷേപം. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിലെ സര്‍വേ നമ്പരില്‍ ഉള്‍പ്പെട്ട ഭൂമി അടക്കം സര്‍വെ നടത്തി ഭൂമി അതിര്‍ത്തി നിര്‍ണയിച്ചു നല്‍കണമെന്ന് കാട്ടി ഹോട്ടല്‍ ഗ്രൂപ്പ് നെയ്യാറ്റിന്‍കര ഭൂരേഖാ തഹസില്‍ദാര്‍ക്ക് നല്കിയ അപേക്ഷയില്‍ അനുകൂല നിലപാട് സ്വീകരിക്കണമെന്ന് റവന്യു വകുപ്പ് നിര്‍ദേശം നല്കി.
മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണിതെന്നാണ് ആക്ഷേപം. രണ്ട് സ്വകാര്യവ്യക്തികള്‍ തമ്മില്‍ കോടതിയില്‍ സിവില്‍ കേസ് നിലനില്‍ക്കെ സര്‍ക്കാരിന്റെ കീഴിലുള്ള ഏജന്‍സിക്ക് അതില്‍ ഇടപെടാനാവില്ല എന്നിരിക്കെയാണ് എതിര്‍കക്ഷികളായ കോവളം കീഴതില്‍ മഹാഗണപതി ക്ഷേത്രഭാരവാഹികളെ അറിയിക്കുകപോലും ചെയ്യാതെ അതിര്‍ത്തി നിര്‍ണയിച്ച് നല്കാന് നീക്കം നടക്കുന്നത്.
ഐറ്റിഡിസിയുടെ കൈവശത്തില്‍ നിന്നും കോവളം കൊട്ടാരം ആദ്യം ഗള്‍ഫാര്‍ ഗ്രൂപ്പിലേക്കും അവിടെനിന്ന് ലീലാ ഗ്രൂപ്പിലേക്കും എത്തുകയായിരുന്നു. ലീലാ കൃഷ്ണന്‍നായരില്‍ നിന്നുമാണ് കോവളം ലീലാ ഹോട്ടല്‍ ആര്‍പി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. ഐറ്റിഡിസിയുടെ കൈവശമുണ്ടായിരുന്ന 63.71 ഏക്കറില്‍ 40.72 ഏക്കര്‍ മാത്രമാണ് കൈമാറ്റം ചെയ്യപ്പെട്ടത്. ഇതില്‍ വിഴിഞ്ഞം വില്ലേജില്‍ റീസര്‍വെ നമ്പര്‍ 7 ല്‍ പ്പെടുന്ന 46.18 ഏക്കര്‍ ഭൂമിയിലാണ് ആയി രാജവംശകാലത്ത് സ്ഥാപിച്ചതെന്നു കരുതുന്ന കോവളം കീഴതില്‍ മഹാഗണപതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
റീസര്‍വെ നമ്പറില്‍ 7/1, 7/2 എന്നിങ്ങനെ രണ്ട് സബ്ഡിവിഷനുകളുണ്ട്. ഇതില്‍ 7/2 ല്‍ 1.43 ഏക്കര്‍ ക്ഷേത്രം വക ഭൂമിയാണ്. 7/1 ല്‍ ഉള്‍പ്പെടുന്ന 44.75 ഏക്കര്‍ ഭൂമിയില്‍ നിന്നും 26.57 ഏക്കര്‍ മാത്രമാണ് ഹോട്ടല്‍ ഗ്രൂപ്പ് വാങ്ങിയതും കരം അടയ്ക്കുന്നതും. എന്നാല്‍ 44.75 ഏക്കറിന്റെ ഏതു ഭാഗത്തുള്ള 26.57 ഏക്കറാണ് കൈവശമുള്ളതെന്ന് ചൂണ്ടിക്കാട്ടുന്ന ആധികാരിക രേഖകളോ സര്‍വെ സ്കെച്ചോ പ്രമാണങ്ങളോ ഹോട്ടല്‍ കൈമാറ്റ രേഖകളിലില്ല. ഇതിനിടെ വിഴിഞ്ഞം തുറമുഖ നിര്‍മാണത്തെ തുടര്‍ന്ന് കുറേയെറെ ഭൂമി കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് നഷ്ടപ്പെട്ടിരുന്നു. ഇത് ഹോട്ടല്‍ ഗ്രൂപ്പിന് കൈമാറിയ ഭൂമിയില്‍ നിന്നാണെന്നാണ് നാട്ടുകാരുടെ വാദം. ഇങ്ങനെ നഷ്ടപ്പെട്ട ഭൂമി സ്വന്തമാക്കാന്‍ ക്ഷേത്രഭൂമിയും ഐറ്റിഡിസി ഭൂമിയും തങ്ങളുടേതാണെന്ന് അളന്നു തിരിച്ച് റവന്യുരേഖകളുണ്ടാക്കാനും ഇതു വഴി ഭൂമി സ്വന്തമാക്കാനുമാണ് ശ്രമം നടക്കുന്നതത്രെ.
കീഴതില്‍ ക്ഷേത്രത്തിലേക്ക് വരുന്ന പ്രധാനറോഡില്‍ നിന്നും പ്രവേശന കവാടമുള്പ്പെടുന്ന സ്ഥലവും ക്ഷേത്രത്തിലെ ഗണപതിവിഗ്രഹവും കാണിക്കവഞ്ചി മുതലായവയും സ്ഥിതി ചെയ്യുന്ന ഭൂമി തങ്ങളുടേതാണെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യഹോട്ടല്‍ ഗ്രൂപ്പ് 2015 ല്‍ നെയ്യാറ്റിന്‍കര സബ്കോടതിയില്‍ സമര്‍പ്പിച്ച കേസില്‍ ക്ഷേത്രത്തിലേക്കുള്ള പ്രവേശനം അനുവദിക്കാമെന്നും ക്ഷേത്രആചാരങ്ങള്‍ തുടരാമെന്നും ഉത്തരവിട്ടിരുന്നു.
ഈ കേസില്‍ അന്തിമ വിധി വരുന്നതിനു മുമ്പുതന്നെ റവന്യു വകുപ്പ് സര്‍വെ നടപടി പൂര്‍ത്തിയാക്കി ഭൂമിയുടെ അതിര്‍ത്തി നിര്‍ണയിക്കുന്നത് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടുന്നു. ഭൂമിയുടെ സര്‍വെ നടപടികള്‍ തങ്ങള്ക്കനുകൂലമാക്കിയാല് കോടതികളില്‍ ഇത് ആധികാരികരേഖയാക്കി ഹാജരാക്കാനാവുമെന്നും ചൂണ്ടിക്കാട്ടുന്നു. ഏകപക്ഷീയമായി സര്‍വെനടത്തി സ്വകാര്യഹോട്ടല്‍ ഗ്രൂപ്പിന് ഭൂമി പതിച്ചു നല്കാനുതകുന്ന നീക്കത്തിനെതിരെ ക്ഷേത്രഭാരവാഹികള്‍ ജില്ലാ കളക്ടറെ സമീപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: