ന്യൂദല്‍ഹി: കേരളത്തിലെ വിവിധ ഇഎസ്ഐ ആശുപത്രികളില്‍ 25 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ദല്‍ഹിയില്‍ ചേര്‍ന്ന ഇഎസ്ഐ ബോര്‍ഡ് യോഗം അനുമതി നല്കി. കൊല്ലം നാവായിക്കുളം, തൃശൂരിലെ കൊരട്ടി, ആലുവ എന്നിവിടങ്ങളില്‍ പുതിയ ഡിസ്പെന്‍സറികള്‍ നിര്‍മിക്കും. രണ്ടു കോടി രൂപ വീതം ചെലവിട്ടാണ് പുതിയ ഡിസ്പെന്‍സറികള്‍ വരുന്നത്. കൊല്ലം ആശ്രാമത്തിലെ ഇഎസ്ഐ ആശുപത്രിയുടെ ശേഷി ഇരുനൂറ് ബെഡില്‍ നിന്ന് 300 ആക്കി ഉയര്‍ത്തും. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത മാസം ആരംഭിക്കും. എറണാകുളം നോര്‍ത്തിലെ ഇഎസ്ഐ ആശുപത്രി 60 ബെഡില്‍ നിന്ന് നൂറാക്കി ഉയര്‍ത്തും. കോഴിക്കോട് ചാലപ്പുറത്ത് ഇഎസ്ഐ ഡിസ്പെന്‍സറി, സബ് റീജിയണല്‍ ഓഫീസ് അടക്കം നാലുനില ഇഎസ്ഐ സമുച്ചയം നിര്‍മിക്കും. ഇതിനായി എട്ടുകോടി രൂപ അനുവദിച്ചു.
ഇഎസ്ഐ സിക്ക്നെസ് ആനുകൂല്യം ലഭിക്കുന്നതിന്, വര്‍ഷം 78 ഹാജര്‍ വേണമെന്ന നിബന്ധന കൊവിഡ് പശ്ചാത്തലത്തില്‍ 39 ദിവസമാക്കി കുറയ്ക്കാനും കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ് കുമാര്‍ ഗാങ്വാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. പ്രസവാനുകൂല്യം ലഭിക്കുന്നതിന് 70 ദിവസത്തെ ഹാജര്‍ വേണമെന്നത് 35 ദിവസമാക്കിയും കുറച്ചിട്ടുണ്ട്. 21,000 രൂപയ്ക്ക് മുകളില്‍ ശമ്പളമുള്ളവര്‍ക്ക് ഇഎസ്ഐ ആനുകൂല്യം നിഷേധിക്കപ്പെടുന്നത് ഒഴിവാക്കുന്നതിനായി ഒരിക്കല്‍ ഇഎസ്ഐ അംഗമായവരുടെ ശമ്പളം 21,000 പരിധി പിന്നിട്ടാലും ഇഎസ്ഐ അംഗത്വം നിലനിര്‍ത്തും.
ഇഎസ്ഐ ആനുകൂല്യം ലഭിക്കുന്നതിന് ആറുമാസത്തെ സര്‍വ്വീസും 78 ഹാജരും വേണമെന്ന നിബന്ധന മാറ്റിയിട്ടുണ്ട്. ഇഎസ്ഐ അംഗത്വം ലഭിച്ചാലുടന്‍ തന്നെ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാവും. ഇതുസംബന്ധിച്ച ദല്‍ഹി ഹൈക്കോടതി വിധി നടപ്പാക്കും. വിധിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെങ്കിലും അന്തിമ വിധി വരുന്നതു വരെ ഹൈക്കോടതി നിര്‍ദേശം പാലിക്കും.
30 ലക്ഷം രൂപയില്‍ അധികമുള്ള ഇഎസ്ഐ കോര്‍പ്പറേഷന്റെ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര ഇഎസ്ഐ ബോര്‍ഡിന്റെ അനുമതി വേണമെന്ന നിബന്ധന മാറ്റിയിട്ടുണ്ട്. ഇനി മുതല്‍ അഞ്ചു കോടി രൂപ വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അതാതു റീജിയണല്‍ ഡയറക്ടര്‍മാര്‍ക്ക് തീരുമാനിക്കാം. ഇതു കേരളത്തിന് വലിയ നേട്ടമായി മാറുമെന്ന് ഇഎസ്ഐ ബോര്‍ഡംഗം വി. രാധാകൃഷ്ണന് അറിയിച്ചു. ഇഎസ്ഐ ആശുപത്രികളിലെ പരിഷ്കരണങ്ങള്‍ക്ക് മൂന്നംഗ സാങ്കേതിക സമിതിയെ രൂപീകരിക്കാനും റീഇംബേഴ്സ്മെന്റ് അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതിയെ രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: