കൊല്ലം: ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്.ചന്ദ്രശേഖരനെ നിയമസഭയിലെത്തിക്കാന്‍ പാര്‍ട്ടി തയ്യാറാകുമോയെന്ന ചര്‍ച്ച യുഡിഎഫ് കേന്ദ്രങ്ങളില്‍ സജീവം. സിപിഎം സംസ്ഥാന നേതൃത്വവുമായി ധാരണയില്‍ പോകുന്ന ചന്ദ്രശേഖരനെ അംഗീകരിക്കാന്‍ കോണ്‍ഗ്രസിലെ നല്ലൊരു വിഭാഗവും തയ്യാറല്ല.
മുഖ്യമന്ത്രി പിണറായി വിജയനുമായി ചന്ദ്രശേഖരനുള്ള ബന്ധം പരസ്യമാണ്. സിപിഎം സംസ്ഥാന നേതാക്കള്‍ പോലും എല്‍ ഡി എഫ് മന്ത്രിസഭയില്‍ പല ശുപാര്‍ശകളും നടത്തുന്നത് ചന്ദ്രശേഖരന് വഴിയാണത്രേ. തോട്ടണ്ടി ഇറക്കുമതി കേസില്‍ കിട്ടിയ കോടികള്‍ പല സിപിഎം ഉന്നതര്‍ക്കും പങ്കുവച്ച് നേടിയ ബന്ധമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായി ചന്ദശേഖരനുള്ളതെന്ന് ഒരു പ്രമുഖനായ കെപിസിസി ഭാരവാഹി ജന്മഭൂമിയോട് പറഞ്ഞു.
2011ലും 2016ലും ആര്. ചന്ദ്രശേഖരന് കോണ്‍ഗ്രസ് നിയമസഭാ സീറ്റ് നല്‍കിയിരുന്നില്ല. 2011ല്‍ യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ കൊല്ലം ആസ്ഥാനമായുള്ള കശുവണ്ടി വികസന കോര്‍പറേഷന്റെ ചെയര്മാന് പദവി ചന്ദ്രശേഖരന് നല്കി. 2016ല്‍ ചന്ദ്രശേഖരന് സീറ്റ് പ്രതീക്ഷിച്ചിരുന്നെങ്കിലും കശുവണ്ടി വികസന കോര്‍പറേഷനുമായി ബന്ധപ്പെട്ടയുര്‍ന്ന അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തി പാര്‍ട്ടി സീറ്റ് നിഷേധിച്ചു. ഐഎന്‍ടിയുസിക്ക് പ്രാതിനിധ്യം നല്‍കിയില്ലെങ്കില്‍ സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥികളെ നിറുത്തുമെന്നൊക്കെ നിലപാടെടുത്തെങ്കിലും കോണ്‍ഗ്രസ് നേതൃത്വം വഴങ്ങിയില്ല. രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായിട്ടും ചന്ദ്രശേഖരന് സീറ്റ് വാങ്ങി നല്കാന് അദ്ദേഹം വേണ്ടത്ര താല്‍പ്പര്യം കാട്ടിയില്ല.
ഇത്തവണ ഐഎന്‍ടിയുസിക്ക് 15 സീറ്റ് നല്‍കണമെന്നാണ് ആവശ്യം. എല്ലാ ജില്ലയിലും കുറഞ്ഞത് ഒരു സീറ്റെങ്കിലും നേതാക്കള്‍ക്ക് നല്‍കണമെന്നതാണ് സംഘടനയുടെ ആവശ്യം. സംസ്ഥാനത്ത് 17.36 ലക്ഷം തൊഴിലാളികളാണ് സംഘടനയില്‍ അംഗത്വമെടുത്തിട്ടുള്ളതെന്ന് നേതൃത്വം അവകാശപ്പെടുമ്പോഴും നല്ലൊരു വിഭാഗം ബദല്തൊഴിലാളി സംഘടനകള്‍ ചന്ദ്രശേഖരനെ സംസ്ഥാന പ്രസിഡന്റായി അംഗീകരിക്കാന്‍ തയ്യാറായിട്ടില്ലെന്ന് കെപിസിസി ഭാരവാഹികള്‍ തന്നെ കണക്ക് നിരത്തി വ്യക്തമാക്കുന്നു. സംഘടനാനേതാക്കളില്‍ മിക്കവരും കോണ്‍ഗ്രസിന്റെയും നേതാക്കളായതിനാല്‍ സംഘടന ഉയര്‍ത്തുന്ന ആവശ്യത്തെ പരിഗണിക്കാതെ മാറ്റി നിര്‍ത്തുകയാണ് കോണ്‍ഗ്രസിന്റെ പൊതു ശൈലി.
കെഎസ്യു, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് തുടങ്ങിയ മറ്റ് പോഷക സംഘടനകളുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി പദവികളില്‍ ഉള്ളവര്‍ക്ക് തിരഞ്ഞെടുപ്പുകളില്‍ ആവോളം പരിഗണന കിട്ടുമ്പോള്‍ സംസ്ഥാന പ്രസിഡന്റിനെ പോലും തുടര്‍ച്ചയായി അവഗണിക്കുന്നതില്‍ ചന്ദ്രശേഖരനെ അനുകൂലിക്കുന്നവരില്‍ പ്രതിഷേധം രൂക്ഷമാണ്. രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളിലും പരിഗണിക്കപ്പെടാതിരുന്ന സംഘടനയുടെ ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ ആര്.ചന്ദ്രശേഖരന് ഇത്തവണ സീറ്റ് ലഭിക്കുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ പ്രതീക്ഷ.
വസ്തുതകള്‍ നിരത്തി എതിര്‍വിഭാഗം
ശൂരനാട് സ്വദേശിയായ ആര്. ചന്ദ്രശേഖരന് സീറ്റ് നല്കാതിരിക്കാന് ശക്തമായ സമ്മര്‍ദ്ദമാണ് എതിര്‍വിഭാഗം നടത്തുന്നത്. ചന്ദ്രശേഖരന്റെ കുറ്റങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞുതന്നെയാണിത്. ഇടതുസര്‍ക്കാരിനെതിരെ വേണ്ടത്ര തരത്തില്‍ സമര രംഗത്തിറങ്ങാന്‍ ഐഎന്‍ടിയുസി തയ്യാറായില്ല, മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും ശക്തമായി വിമര്‍ശിച്ചില്ല എന്നിവയും ഉമ്മന്‍ചാണ്ടിയുടെ കാലത്ത് സെക്രട്ടറിയേറ്റിന് മുമ്പില്‍ സര്‍ക്കാരിനെതിരെ സമരം നടത്തിയ ചന്ദ്രശേഖരന് പിണറായിയുടെ ഭരണകാലത്ത് അത്തരമൊരു ശ്രദ്ധേമായ സമരം നടത്തിയില്ലെന്നതും ഇവരുടെ വാദമുഖങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: