ഉണ്ണിയപ്പ പ്രിയനാണ് ഗണപതി ഭഗവാന്. മധൂരിലെ ഗണപതിക്കും പ്രിയം ഉണ്ണിയപ്പം. പക്ഷേ ഒരു പ്രത്യേകതയുണ്ട്. നിവേദ്യം പച്ച (വേവിക്കാത്തത്) അപ്പമായിരിക്കണം. ഇവിടെയുള്ള ഗണപതി പ്രതിഷ്ഠയ്ക്കുമുണ്ട് പ്രത്യേകത. പ്രതിഷ്ഠ, ദിനവും വളരുന്നുണ്ടെന്നാണ് വിശ്വാസികളുടെ സാക്ഷ്യം.
കാസര്‍കോട് പട്ടണത്തില്‍നിന്നും 8 കിലോമീറ്റര്‍ അകലെ ചന്ദ്രഗിരിപ്പുഴയുടെ പോഷകനദിയായ പയസ്വിനിപ്പുഴയുടെ കരയിലാണ് മധൂര്‍ ക്ഷേത്രമുള്ളത്. ശ്രീമദ് അനന്തേശ്വര ഭാവത്തിലുളള ശിവക്ഷേത്രമാണ് ഇതെങ്കിലും ശിവപാര്‍വ്വതീ പുത്രനായ ഗജാനന ഗണപതിക്കാണ് പ്രധാന്യം. ക്ഷേത്രത്തിന്റെ പ്രസിദ്ധിയും ഗണപതിയുടെ പേരിലാണ്. ക്ഷേത്രത്തിന് 1500 വര്‍ഷത്തിലധികം പഴക്കം കണക്കാക്കുന്നു. തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഗണപതി ക്ഷേത്രങ്ങളില്‍ ഒന്നാണിത്. മൂന്നു നിലകളുളള താഴികക്കുടവും, ചെമ്പിന്‍പാളികളില്‍ തിളങ്ങുന്ന മേല്‍ക്കൂരയും ക്ഷേത്രത്തിന്റെ പ്രൗഢി കൂട്ടുന്നു. അനന്തേശ്വര വിനായക ക്ഷേത്രം എന്നും മധൂര്‍ ക്ഷേത്രം അറിയപ്പെടുന്നു.
വിഘ്നങ്ങള്‍ അകറ്റുന്ന ദേവനായ ഗണപതി, ഗണേശനെന്നും വിനായകനെന്നും ഏകദന്തനെന്നും പല പേരുകളില്‍ അറിയപ്പെടുന്നു. വിജയത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ജ്ഞാനത്തിന്റെയും സമ്പത്തിന്റെയും ദേവന് കൂടിയാണ് ഗണപതി.
ശിവന് കിഴക്കോട്ടും ഗണപതി തെക്കോട്ടും അഭിമുഖമായാണ് ഇവിടെ വാഴുന്നത്. പണ്ട് ശിവ പ്രതിഷ്ഠ മാത്രമാണ് ഉണ്ടായിരുന്നത്. ശിവന് പൂജ കഴിക്കാന്‍ ദിവസവും രാവിലെ പൂജാരിമാര്‍ എത്തുമായിരുന്നു. അവരോടൊപ്പമെത്തിയിരുന്ന കുട്ടികള്‍ കളിയായി അമ്പലത്തിലെ ഒരു ചുമരില്‍ ഗണപതി രൂപം ഉണ്ടാക്കി, പൂജനടത്തി പച്ച അപ്പം (വേവിക്കാത്ത അപ്പം) നിവേദിച്ചു വന്നു.
ഒരിക്കല്‍ പൂജാരിമാര്‍ ഇത് കണ്ടു. പ്രശ്നം വച്ചപ്പോള്‍ അവിടെ ഗണപതി സാന്നിധ്യമുണ്ടെന്നറിഞ്ഞു. തുടര്‍ന്ന് ഗണപതി പ്രതിഷ്ഠ നടത്തുകയായിരുന്നു. ഗണപതി വിഗ്രഹം ചുമരില്‍ നിന്നും പുറത്തേക്ക് വന്നപോലെയാണുള്ളത്. കുട്ടികള്‍ നിവേദിച്ച പോലെ ഇന്നും പച്ച അപ്പം തന്നെയാണ് ഗണപതിക്ക് പ്രധാനം. മൂടപ്പ സേവയാണ് പ്രധാന ഉത്സവം. അതായത് ഗണപതിയെ ഉണ്ണിയപ്പം കൊണ്ടുമൂടുന്ന ഉത്സവം.
മധൂരിലെ ഗണപതി പ്രതിഷ്ഠ ദിനവും വളരുന്നുണ്ടെന്നാണ് ഭക്തരുടെ വിശ്വാസം. ആദ്യകാലത്ത് വിഗ്രഹം ഉയരത്തിലാണ് വലുതായിരുന്നത്. ഒരിക്കല്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഒരു കന്നഡിഗ സ്ത്രീ ഗണപതിയുടെ നടയില്‍ നിന്ന് ‘ഉയരത്തില്‍ വളരരുത്, വീതിയില്‍ വളരൂ’ എന്നുപറയുകയും തുടര്‍ന്ന് വിഗ്രഹം വീതിയില്‍ വലുതാകാന്‍ തുടങ്ങുകയുമായിരുന്നു.
ടിപ്പു സുല്‍ത്താന്‍ ഒരിക്കല്‍ ഈ ക്ഷേത്രം ആക്രമിച്ചു. ആക്രമണത്തിനിടെ ദാഹം തോന്നിയ ടിപ്പു ക്ഷേത്രക്കിണറില്‍ നിന്നും വെള്ളംകുടിച്ചു എന്നും അതോടെ അദ്ദേഹത്തിന്റെ മനസ്സുമാറി ക്ഷേത്രം നശിപ്പിക്കാതെ വിട്ടെന്നും പറയപ്പെടുന്നു. ടിപ്പു വാളുകൊണ്ട് വരച്ച് ഉണ്ടാക്കി എന്നുവിശ്വസിക്കുന്ന ഒരു മുഖംമൂടിയും ക്ഷേത്രത്തിലുണ്ട്.
മലബാര്‍ ദേവസ്വത്തിനു കീഴിലാണ് മധൂര്‍ ക്ഷേത്രം. കേരളത്തിലെയും കര്‍ണാടകയിലേയും ഭക്തരാണ് അധികവും ക്ഷേത്രത്തിലെത്തുന്നത്. കാശിവിശ്വനാഥന്, ധര്‍മ്മശാസ്താവ്, സുബ്രഹ്മണ്യന്, ദുര്‍ഗ്ഗാപരമേശ്വരി, വീരഭദ്രന്, നാഗദൈവങ്ങള്‍, ഗുളികന് എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: