വാഷിങ്ടൻ: അമേരിക്കയുടെ പ്രഥമ വനിതാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലെത്തിയ മരുമകളെ അഭിനന്ദനം അറിയിക്കുന്നതിന് കമലാ ഹാരിസിന്റെ മാതൃസഹോദരൻ ഗോപാലൻ ബാലചന്ദ്രൻ അമേരിക്കയിലെത്തും. ജനുവരി 21 വ്യാഴാഴ്ചയാണ് ഗോപാലൻ തന്റെ ഇംഗിതം പരസ്യമാക്കിയത്. കോവിഡ് വാക്സീൻ ലഭിച്ചാൽ ആദ്യം അമേരിക്കയിലെത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
79 വയസ്സുള്ള ഗോപാലന് സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിചേരണമെന്നായിരുന്നു ആഗ്രഹം. ഇന്ത്യയിലെ സീനിയർ ഡിഫൻസ് സ്ക്കോളറാണ് (SCHOLAR) ഗോപാലൻ. തന്റെ സഹോദരിയും കമലയുടെ മാതാവുമായ ശ്യാമളയുടെ പേർ കമല തന്റെ പ്രസംഗത്തിൽ പലപ്പോഴും സ്മരിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഗോപാലൻ പറഞ്ഞു. കമല നല്ലൊരു പ്രാസംഗികയാണ്. വളരെ ചെറുപ്പം മുതൽ തന്നെ കമലയെ എനിക്കറിയാം. എന്റെ സഹോദരി ശ്യാമളയുടേയും ജമൈക്കയിൽ നിന്നുള്ള പിതാവിന്റേയും രണ്ടു പെൺമക്കളിൽ മൂത്തവളാണ് കമല. കമലയുടെ സ്ഥാനാരോഹണത്തിൽ ഇന്ത്യയിലുള്ള ഞങ്ങളുടെ കുടുംബാംഗങ്ങളുടെ സന്തോഷം അവർണനാതീതമാണ്. സുരക്ഷിതമായി യാത്ര ചെയ്യുവാൻ അവസരം ലഭിച്ചാൽ ഉടനെ അമേരിക്കയിൽ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ മാധ്യമങ്ങൾ കമലയുടെ ഉയർച്ചയെ മുക്തകണ്ഠം പ്രശംസിച്ചിരുന്നു. നമസ്തെ മാഡം വൈസ് പ്രസിഡന്റ് എന്ന് ഡക്കാൻ ഹെറാൾഡും, വംശീയതയെ പരാജയപ്പെടുത്തി ചരിത്രം സൃഷ്ടിച്ച വനിതയെന്ന് ടൈംസ് ഓഫ് ഇന്ത്യയും കമലാ ഹാരിസിനെ കുറിച്ച് തലവാചകം എഴുതിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: