കൊച്ചി: മഹാപ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട പ്രളയ ദുരിതാശ്വാസ ഫണ്ട് സിപിഎം നേതാക്കള്‍ തട്ടിയെടുത്ത കേസിലെ അന്വേഷണം ആഭ്യന്തര വകുപ്പ് അട്ടിമറിച്ചു. 2018ലെ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പില്‍ സിപിഎം നേതാക്കള്‍ക്കോ, അയ്യനാട് സഹകരണബാങ്കിനോ പങ്കില്ലെന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് പരാതിക്കാരന് അയച്ച മറുപടിക്കത്തില്‍ പറയുന്നത്. കളക്ടറേറ്റിലെ ജീവനക്കാരന് വിഷ്ണു പ്രസാദ് മാത്രമാണ് കുറ്റക്കാരനെന്നാണ് ആഭ്യന്തര വകുപ്പ് പറയുന്നത്.
സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്റെ കത്ത്. സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട പ്രളയഫണ്ട് തട്ടിപ്പ് കേസ് സര്‍ക്കാര്‍ അട്ടിമറിച്ചതിന്റെ വ്യക്തമായ തെളിവാണ് ഈ കത്ത്. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാനോ തട്ടിയെടുത്ത പണം കണ്ടെത്താനോ തയാറായില്ല. വിഷ്ണുപ്രസാദ് പ്രതിയായ രണ്ടാമത്തെ കേസില്‍ മാത്രമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസന്വേഷണം നിലച്ചതോടെ ഒന്നാം പ്രതിയടക്കം എല്ലാവരും ജാമ്യത്തിലിറങ്ങി. സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗങ്ങളായിരുന്ന എം.എം. അന്‍വര്‍, എന്‍.എന്‍. നിധിന്, വിഷ്ണുപ്രസാദ് തുടങ്ങി ഏഴ് പ്രതികളെയാണ് അറസ്റ്റ് ചെയ്തിരുന്നത്.
ഒരു കോടിയിലധികം രൂപയാണ് സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട സംഘം തട്ടിയെടുത്തത്. കേസിലെ ഒന്നാം പ്രതി വിഷ്ണു പ്രസാദ്, മഹേഷ്, മൂന്നാം പ്രതിയായ സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം എം.എം. അന്‍വര്‍, അന്‍വറിന്റെ ഭാര്യയും അയ്യനാട് സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗവുമായ നാലാം പ്രതി കൗലത്ത്, മഹേഷിന്റെ ഭാര്യയും അഞ്ചാം പ്രതിയുമായ എം.എം. നീതു, സിപിഎമ്മിന്റെ മറ്റൊരു ലോക്കല്‍ കമ്മിറ്റിയംഗവും ആറാം പ്രതിയുമായ എന്‍.എന്‍. നിധിന്, ഇയാളുടെ ഭാര്യ ഏഴാം പ്രതി ഷിന്റു എന്നിവര്‍ ചേര്‍ന്നാണ് പ്രളയഫണ്ട് തട്ടിയതെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുണഭോക്താക്കളുടെ പട്ടികയില്‍ വിഷ്ണു പ്രസാദ് തന്റെ പേരും സിപിഎം നേതാക്കളുടെ പേരും കൂട്ടിച്ചേര്‍ത്ത് സ്വന്തമായി ലിസ്റ്റുണ്ടാക്കിയാണ് പണം തട്ടിയത്. പ്രളയത്തില്‍ അകപ്പെട്ട പലരും അര്‍ഹതപ്പെട്ടത് ലഭിക്കാതെ പടിക്കുപുറത്ത് നില്‍ക്കുമ്പോഴാണ് പണം തട്ടിയവരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: