നെയ്യാറ്റിന്‍കര അതിയന്നൂര്‍ പഞ്ചായത്തിലെ നെടുതോട്ടം കോളനിയില്‍ നിന്ന് ഉയര്‍ന്ന ചൂണ്ടു വിരല്‍ പിണറായി വിജയനെന്ന ഭരണാധികാരിയുടെ പരാജയത്തിന്റെ നേര്‍ക്കുള്ളതാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഈ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെ നേര്‍ക്കാണ് ആ വിരല്‍ ചൂണ്ടുന്നത്.
യഥാര്‍ത്ഥത്തില്‍ പിണറായി വിജയനും ഇടത് പക്ഷവും കൊട്ടിഘോഷിക്കുന്ന ലൈഫ് മിഷന്റെ പരാജയം സൃഷ്ടിച്ച രക്തസാക്ഷികളാണ് രാജനും അമ്പിളിയും.
നെടുതോട്ടം കോളനിയിലെ മൂന്നു സെന്റ് ഭൂമിയില്‍ തുരുമ്പിച്ച ഷീറ്റുകള്‍ മറച്ച വീട്ടില്‍ രാജനും കുടുംബവും താമസം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഭാര്യ അമ്പിളി മാനസിക വെല്ലുവിളി നേരിടുന്ന ആളായിരുന്നു. പുറമ്പോക്കില്‍ താമസിക്കുന്നവര്‍ ഭൂമിഭവനരഹിതര്‍ എന്നിവര്‍ക്കാണ് ലൈഫ് പദ്ധതി വഴി സര്‍ക്കാര്‍ വീടുകള്‍ കിട്ടാന്‍ മുന്‍ഗണന. അതില്‍ തന്നെ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് അടിയന്തിര മുന്‍ഗണന കിട്ടണം. എന്നിട്ടും രാജന്റെ കുടുംബം ലൈഫ് പദ്ധതിയില്‍നിന്ന് ഒഴിവായെങ്കില്‍ ആരുടെ കുറ്റമാണെന്ന് പിണറായി സര്‍ക്കാര്‍ വ്യക്തമാക്കണം.
ഏറെ നാളായി നടക്കുന്ന കോടതി വ്യവഹാരങ്ങളെക്കുറിച്ച് ഗ്രാമപഞ്ചായത്തിനും അറിവുള്ളതാണ്. എന്നിട്ടും പട്ടയം ആവശ്യപ്പെട്ടുള്ള രാജന്റെ അപേക്ഷ പരിഗണിക്കപ്പെട്ടില്ല. അതിനാല്‍ത്തന്നെ കറന്റും കുടിവെള്ളവും പോലും ഈ കുടുംബത്തിന് നിഷേധിച്ചു. കോടതി വ്യവഹാരം അടക്കമുള്ള കുടുംബത്തിന്റെ അവസ്ഥ അറിയാവുന്ന അധികാരികള്‍ അവരെ ലൈഫ് പദ്ധതിയില്‍പ്പെടുത്താന്‍ തയാറായില്ലെങ്കില്‍ ആരുടെ കുറ്റമാണ്.
2020 ഡിസംബര്‍ ലെ കണക്കനുസരിച്ച് ലൈഫ് പദ്ധതി വഴി 2,49,320 വീടുകള്‍ നല്‍കിയെന്നാണ് സര്‍ക്കാരിന്റെ അവകാശ വാദം. കഴിഞ്ഞ നൂറുദിന കര്‍മ പരിപാടിയില്‍ മാത്രം 25,034 വീടുകള്‍ പൂര്‍ത്തീകരിച്ചത്രേ. തിരുവനന്തപുരത്ത് മാത്രം നൂറുദിന് കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3892 വീടുകള്‍ നല്‍കിയെന്നും പറയുന്നു. ഗ്രാമീണ മേഖലയ്‌ക്കുള്ള പ്രധാന്‍മന്ത്രി ആവാസ് യോജന പ്രകാരം മാത്രം ജില്ലയില്‍ 2994 വീടുകളും നല്‍കിയെന്നാണ് സര്‍ക്കാര്‍ അവകാശ വാദം. എന്നാല്‍ ഇവയൊന്നും യഥാര്‍ത്ഥ ഗുണഭോക്താക്കളില്‍ എത്തുന്നില്ലെന്നാണ് ഈ കുടുംബത്തിന്റെ ദുരന്തത്തോടെ മനസിലായി. ഒരു കുടുംബം തകര്‍ന്ന് തരിപ്പണമായ ശേഷം മുതലക്കണ്ണീരും സഹായ ഹസ്തവുമായി സര്‍ക്കാര്‍ രംഗത്തെത്തുകയാണ്. അവര്‍ക്ക് വീടു വെച്ച് നല്‍കുമത്രേ!
അതിന് മുന്‍പ് പിണറായി സര്‍ക്കാര്‍ ഉത്തരം നല്‍കേണ്ട നിരവധി ചോദ്യങ്ങളില്ലേ?
രാജനേയും കുടുംബത്തേയും പുറമ്പോക്കില്‍ നിന്ന് ഒഴിപ്പിക്കാന്‍ ആര്‍ക്കായിരുന്നു ഇത്ര തിടുക്കം.
അതിനായി എത്തിയ പൊലീസിന് ഇക്കാര്യത്തില്‍ എന്തായിരുന്നു ഇത്ര താത്പര്യം.
കേരളത്തിലെ ഏറ്റവും നീറുന്ന വിഷയമായിരുന്നോ രാജന്റെ കുടിയിറക്ക്?
കോടതി വിധികള്‍ എല്ലാം ഈ സര്‍ക്കാര്‍ അടിയന്തിര സ്വഭാവത്തോടെ നടപ്പാക്കാറുണ്ടോ?
നൂറുകണക്കിന് ഏക്കര്‍ ഭൂമി കയ്യേറിയ ഭൂമാഫിയകളില്‍ നിന്ന് വസ്തു തിരികെ പിടിച്ചിട്ടുണ്ടോ?
കയ്യേറ്റക്കാര്‍ മന്ത്രിസഭയില്‍ തന്നെ ഉണ്ടായിരുന്നില്ലേ?
ഭരണപ്രതിപക്ഷ നിരകളില്‍ ഇരിക്കുന്ന എത്രയോ നേതാക്കന്‍മാര്‍ ഭൂമി കയ്യേറ്റ കേസുകളില്‍ പ്രതികളാണ്. അവര്‍ക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ കെല്‍പ്പില്ലാത്ത താങ്കളും താങ്കളുടെ പൊലീസും ഈ അത്താഴ പട്ടിണിക്കാരന്റെ മേല്‍ കുതിര കയറിയത് നിയമത്തോടും കോടതികളോടുമുള്ള ബഹുമാനം കൊണ്ടൊന്നുമല്ലല്ലോ?
ഭൂപരിഷ്‌കരണത്തിലൂടെ വിപ്ലവം സൃഷ്ടിച്ചു എന്നു പറയപ്പെടുന്ന കേരളത്തില്‍ ലക്ഷക്കണക്കിനാളുകള്‍ ഇന്നും ഭൂരഹിതരാണ്. ഇവര്‍ ആരൊക്കെയാണെന്ന് പോലും സര്‍ക്കാരിന് അറിയില്ല. അത് മനസ്സിലാക്കാന്‍ ഭരിക്കുന്നവര്‍ക്ക് നേരവുമില്ല. ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയാണ് കാലഹരണപ്പെട്ട കരാറുകളുടെ അടിസ്ഥാനത്തില്‍ വന്‍കിട കമ്പനിക്കാരും എസ്‌റ്റേറ്റുടമകളും കയ്യടക്കി വച്ചിരിക്കുന്നത്. ഇവയുടെ നാലിലൊന്ന് തിരികെ പിടിച്ചാല്‍ പോലും കേരളത്തിലെ ഭൂമി പ്രശ്‌നം പരിഹരിക്കപ്പെടും. പക്ഷേ കോടതികളില്‍ മുതലാളിമാര്‍ക്ക് വേണ്ടി കേസുകള്‍ തോറ്റു കൊടുക്കുകയാണ് മാറിമാറി വന്ന സര്‍ക്കാരുകള്‍ ചെയ്തത്. അന്യാധീനപ്പെട്ട ഭൂമി കണ്ടെത്താനും തിരിച്ചുപിടിക്കാനും ശ്രമിക്കുന്ന സത്യസന്ധരായ ഉദ്യോഗസ്ഥരെ പീഡിപ്പിക്കുകയും ചെയ്യുന്നു. കേരളത്തിലെ ഭുമി കയ്യേറ്റത്തിന്റെ യഥാര്‍ത്ഥ ചിത്രം സര്‍ക്കാരിനെ അറിയിച്ച രാജമാണിക്യം എന്ന ഐഎഎസ് ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ മൂലയ്‌ക്കിരുത്തിയിരിക്കുകയാണ്. രാജമാണിക്യം റിപ്പോര്‍ട്ട് കണ്ട ഭാവം പോലും സര്‍ക്കാര്‍ കാണിച്ചിട്ടില്ല. സൂശീലാ ഭട്ട് എന്ന് സര്‍ക്കാര്‍ പ്ലീഡറെ ഭൂമി കേസുകളുടെ ഫയല്‍ കാണിക്കാന്‍ പോലും സര്‍ക്കാരിന് ധൈര്യമില്ല. അവരേയും ഈ വശത്തേക്ക് അടുപ്പിക്കുന്നില്ല.
ഈ ചോദ്യങ്ങള്‍ക്കൊന്നും താങ്കള്‍ക്കോ മുന്നണിക്കോ ഉത്തരമുണ്ടാവില്ലെന്ന് അറിയാം. പിണറായി ഭരണത്തിന്റെ റഡാറില്‍ പോലും ഇല്ലാത്ത നിരവധി രാജന്‍മാര്‍ ഇനിയുമുണ്ട്. അവരെ സഹായിക്കുന്നില്ല എന്ന് മാത്രമല്ല ദ്രോഹിക്കാന്‍ താങ്കളുടെ സര്‍ക്കാര്‍ കൂട്ടു നിന്നു എന്നതാണ് ഏറ്റവും ഖേദകരം. കൊന്ത വസന്ത എന്ന സ്ത്രീയുടെ കള്ള പരാതിയില്‍ രാജനെ പീഡിപ്പിച്ച പൊലീസും അതിന് കൂട്ടു നിന്ന താങ്കളുടെ സര്‍ക്കാരുമാണ് ഈ കേസിലെ യഥാര്‍ത്ഥ പ്രതികള്‍. മരണത്തിന് നേരിട്ട് ഉത്തരവാദികളായ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ പോലും ഇതുവരെ തയ്യാറാകാത്തത് എന്തു കൊണ്ടാണ് മുഖ്യമന്ത്രി?.
തിരുവനന്തപുരത്ത് ഒരു വ്യാജ സന്യാസിയുടെ കാര്‍ കത്തിയപ്പോള്‍ അതിരാവിലെ ഓടിക്കിതച്ചെത്തിയ താങ്കള്‍ക്ക് നെയ്യാറ്റിന്‍കരയില്‍ വരെ പോകാന്‍ സമയം കിട്ടാത്തത് എന്തു കൊണ്ടാണ്?. മുഖ്യമന്ത്രിക്ക് നെയ്യാറ്റിന്‍കര വരെ പോകാനുള്ള ഡീസല്‍ കാശ് ഖജനാവില്‍ ഇല്ലെങ്കില്‍ ഞങ്ങള്‍ തരാന്‍ തയ്യാറാണ്. തീവ്രവാദി സുഹൃത്തിനെ പര്‍ദ്ദയ്‌ക്കടിയില്‍ ഒളിപ്പിച്ച് പോലീസിന് നേരെ വിരല്‍ ചൂണ്ടിയ കപട വിപ്ലവകാരിയെയല്ല സാംസ്‌കാരിക കേരളം ചേര്‍ത്ത് നിര്‍ത്തേണ്ടത്. ഒരു നിമിഷം കൊണ്ട് ജീവിതം പെരുവഴിയിലായിപ്പോയവന്റെ നിസഹായ കരങ്ങളെയാണ് കേരളം പുണരേണ്ടത്. ദില്ലിയിലെ വ്യാജ കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പോയ സാംസ്‌കാരിക നായകന്‍മാര്‍ മടങ്ങിയെത്തിയെങ്കില്‍ നെയ്യാറ്റിന്‍കര വരെ പോകണം. ഇറച്ചി കഷണം നിറഞ്ഞിരിക്കുന്ന വായകള്‍ തുറക്കില്ലെന്ന് അറിയാം. എങ്കിലും ഒന്ന് ആഗ്രഹിക്കുകയാണ്. നിങ്ങള്‍ ഒന്ന് വായ തുറന്നെങ്കില്‍……
പ്രതികരിക്കാൻ ഇവിടെ എഴുതുക: