മാധ്യമ പ്രവര്‍ത്തകനായ എസ്. വി പ്രദീപ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടിട്ട് ഒരാഴ്ചയാകാറാകുന്നു. മരണത്തിലെ ദുരൂഹത നീക്കണമെന്ന് വീട്ടുകാരും സുഹൃത്തുക്കളും പൊതുസമൂഹവും ആവശ്യപ്പെട്ടിട്ടും സര്‍ക്കാരോ പൊലീസോ കേട്ട ഭാവം നടിച്ചിട്ടില്ല. അന്വേഷണത്തിന് പ്രത്യേക സംഘത്തെ ഏര്‍പ്പെടുത്തിയെങ്കിലും അന്വേഷണം മാത്രം എങ്ങുമെത്തിയിട്ടില്ല. സാധാരണ റോഡപകടം എന്ന നിലയില്‍ കേസ് ഏറെക്കുറേ അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. പ്രദീപിന്റെ ഭാര്യയുടെ മൊഴിയെടുക്കാന്‍ പോലൂം അന്വേഷണ സംഘം ഇതുവരെ തയ്യാറായിട്ടില്ല. അന്വേഷണ മേല്‍നോട്ടത്തിന് ചുമതലപ്പെടുത്തിയ ഐജിയ്‌ക്കാകട്ടെ ഇക്കാര്യം മാധ്യമങ്ങളില്‍ കൂടിയുള്ള അറിവേ ഉള്ളൂ. ഔദ്യോഗികമായ ഒരറിയിപ്പും ഐജിക്ക് ഇക്കാര്യത്തിലില്ല. ഇതോടെ ഇക്കാര്യത്തില്‍ സര്‍ക്കാരിന് എന്തൊക്കെയോ ഒളിക്കാനുണ്ടെന്ന തോന്നലാണ് ഉള്ളത്.
ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ പ്രദീപിന്റെ മരണത്തെ ചുറ്റിപ്പറ്റിയുണ്ട്.
ഇതിനൊക്കെ ഉത്തരം തേടേണ്ട പൊലീസാകട്ടെ അതിന് മെനക്കെടുന്നുമില്ല.
അപകട സമയത്ത് പ്രദീപിന്റെ സ്‌കൂട്ടറിനൊപ്പം സഞ്ചരിച്ച മറ്റ് രണ്ട് സ്‌കൂട്ടറുകളില്‍ ഉള്ളത് ആരായിരുന്നു? അവരെ ചോദ്യം ചെയ്‌തോ? നാളിതുവരെ അന്വേഷണ സംഘം പ്രദീപിന്റെ വീട് സന്ദര്‍ശിക്കുകയോ ഭാര്യയുടെ മൊഴി രേഖപ്പെടുത്തുകയോ ചെയ്യാത്തത് എന്തു കൊണ്ട്?
പ്രദീപിന്റെ ജീവന് ഭീഷണി ഉണ്ടായിരുന്നു എന്ന് പലരും പറഞ്ഞിട്ടും പ്രദീപ് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പരിശോധിക്കാന്‍ പൊലീസ് തയ്യാറാകാത്തത് എന്തു കൊണ്ട്?.
ഫോണ്‍ ഇപ്പോഴും വീട്ടുകാരുടെ കയ്യില്‍ തന്നെയാണ്.
പ്രദീപിന്റെ ജീവന് ഭീഷണി ഉണ്ടെന്ന് അറിയാവുന്ന സുഹൃുത്തുക്കളേയും സഹപ്രവര്‍ത്തകരേയും ചോദ്യം ചെയ്യാത്തത് എന്താണ്?
അപകടത്തിന് ദൃക്‌സാക്ഷികളായ, വഴിയോരത്ത് കശുവണ്ടി കച്ചവടം നടത്തിയിരുന്ന രണ്ട് ചെറുപ്പക്കാര്‍ സംഭവ സ്ഥലത്ത് പിന്നീട് കച്ചവടത്തിന് വരാതെ അപ്രത്യക്ഷമായതില്‍ ദുരൂഹതയുണ്ടോ?
പ്രദീപ് രൂപീകരിച്ച വാട്‌സാപ്പ് ഗ്രൂപ്പായ ഷാര്‍പ്പ് ഐ യില്‍ തീവ്രവാദ സ്വഭാവമുള്ളവര്‍ കടന്നു കൂടിയതായി പറയപ്പെടുന്നു. ഇവര്‍ പ്രദീപുമായുണ്ടായ അസ്വാരസ്യം മരണത്തിന് ഇടയാക്കിയിട്ടുണ്ടോ?
മന്ത്രി ശശീന്ദ്രന്റെ രാജിക്കിടയാക്കിയ ഹണി ട്രാപ്പ് വാര്‍ത്തയുമായി ബന്ധപ്പെട്ട് പ്രദീപിന് ഭീഷണി ഉണ്ടായിരുന്നോ?
ഈ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രദീപ് നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയ തലസ്ഥാനത്തെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ആരാണ്? ഇയാളെ പൊലീസ് ചോദ്യം ചെയ്യാത്തത് എന്താണ്?.
പ്രദീപ് മരിച്ച ദിവസം ഈ കേസ് പിന്‍വലിച്ചത് ആരാണ്?
അതിന് പ്രദീപ് ഒരിക്കലും സമ്മതം നല്‍കില്ലെന്ന ഭാര്യയുടെ അഭിപ്രായം പൊലീസ് പരിഗണിച്ചോ? അങ്ങനെയെങ്കില്‍ ഹര്‍ജി പിന്‍വലിക്കാനുള്ള അപേക്ഷയില്‍ ഒപ്പു വെച്ചത് ആരാണ്?
പ്രദീപ് അപകടത്തില്‍ പെട്ട സമയത്തും അതിനു ശേഷവും പ്രദീപിന്റെ മൊബൈലിലേക്ക് വിളിച്ച മാധ്യമ പ്രവര്‍ത്തകന് ഹര്‍ജി പിന്‍വലിക്കലുമായി ബന്ധമുണ്ടോ?
ഈ അപകടത്തിന് കണ്ണൂര്‍ ജില്ലയുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള പ്രചാരണത്തില്‍ എന്തെങ്കിലും കഴമ്പുണ്ടോ?.
പ്രദീപ് വാര്‍ത്തകളില്‍ കൂടി നിശിതമായി വിമര്‍ശിച്ചിരുന്ന വിവാദ ബിഷപ്പിന് ഈ കേസുമായി ബന്ധമുണ്ടോ?
ഇക്കാര്യങ്ങളെല്ലാം പൊതു സമൂഹത്തിന്റെ സംശയങ്ങളാണ്. ഇത് ദൂരീകരിക്കേണ്ട ബാധ്യത പൊലീസിനും സര്‍ക്കാരിനുമുണ്ട്. സഹപ്രവര്‍ത്തകനായിരുന്ന ഒരാളുടെ മരണം സജീവമാക്കി നിര്‍ത്താന്‍ തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അപ്രഖ്യാപിത വിലക്കുണ്ടോ എന്ന് സംശയിക്കേണ്ട തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. എന്തായാലും ഇക്കാര്യങ്ങളെല്ലാം മറനീക്കി പുറത്തു വരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: