‘ഒരു മര്യാദ വേണം കേട്ടോ’. നമ്മുടെ മുഖ്യമന്ത്രി നേരത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്കിയ മുന്നറിയിപ്പാണ് ഇത്. ഇതേ മട്ടില്‍ അദ്ദേഹമിപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെയും മര്യാദ പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുകയാണ്. നിങ്ങള്‍ അറിഞ്ഞില്ലേ? കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത്. ‘സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താനുള്ള വഴികള്‍ തേടി നീതിയോ ന്യായമോ മര്യാദയോ ഇല്ലാത്ത അന്വേഷണമാണ് കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ നടത്തുന്നത്.’ പ്രധാനമന്ത്രിക്ക്അയച്ച കത്തിലെ ആദ്യ വാചകമാണിത്.
എന്താണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇത് കൊണ്ട് ഉദ്യേശിക്കുന്നത്.
ആദ്യം മുഖ്യമന്ത്രിയുടെ പരാതി എന്താണെന്ന് നോക്കാം.
കേന്ദ്ര ഏജൻസികൾ സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു, അവര്‍ അധികാര പരിധി ലംഘിക്കുന്നു. ഇതാണ് അദ്ദേഹത്തിന്റെ പരാതിയുടെ രത്നച്ചുരുക്കം. വടക്കാഞ്ചേരി ലൈഫ് പദ്ധതിയെപ്പറ്റി സിബിഐ അന്വേഷണത്തിന് മുതിർന്നത്, കെഫോൺ, ഇ ബസ് പദ്ധതികളുടെ വിശദാംശങ്ങൾ തേടിയത്, കിഫ്ബി പദ്ധതിയെപ്പറ്റി റിസർവ് ബാങ്കിനോട് ഇ.ഡി വിശദാംശങ്ങൾ ചോദിച്ചത് ഇതൊക്കെയാണ് അതിന് തെളിവായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്
യഥാർത്ഥത്തിൽ അതോണാ മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ പ്രകോപനത്തിന് കാരണം. ഓരോന്നായി നമുക്ക് നോക്കാം. ഒന്നാമതായി ലൈഫ് പദ്ധതി. സിബിഐ ആവശ്യപ്പെട്ട ഇതിന്റെ വിശദാംശങ്ങൾ നൽകിയില്ലെന്ന് മാത്രമല്ല അതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. കോടതി അന്വഷേണ തത്കാലത്തേക്ക് നിർത്തി വെക്കാൻ ആവശ്യപ്പെട്ടിട്ടുമുണ്ട്. ഫലത്തിൽ വടക്കാഞ്ചേരി ലൈഫ് പദ്ധതിയിൽ ഇപ്പോൾ സിബിഐ അന്വേഷണം നടക്കുന്നില്ല.
അടുത്തത് കെ ഫോൺ, ഇ ബസ് ഇവ രണ്ടിന്റെയും നിർണ്ണായക തീരുമാനമെടുത്തത് എം ശിവശങ്കരനായിരുന്നത് കൊണ്ടാണ് ഇതേപ്പറ്റി അന്വേഷണം വന്നത്. അതും ഇപ്പോഴൊന്നുമല്ലതാനും. എന്നിട്ടുമെന്തിനാണ് മുഖ്യമന്ത്രിക്ക് ഇപ്പോൾ ആകുലത.
അതേപ്പറ്റി ചിന്തിക്കുമ്പോഴാണ് നാം ഇപ്പോൾ ഇ.ഡി ചോദ്യം ചെയ്തു കൊണ്ടിരിക്കുന്ന ഒരാളുടെ കാര്യം എടുത്തു പറയേണ്ടി വരുന്നത്. മുഖ്യമന്ത്രിയുടെ നിഴലെന്നോ മനസാക്ഷിയെന്നോ പറയാവുന്ന സി എം രവീന്ദ്രനെ വിളിച്ചു വരുത്തിയതാണ് മുഖ്യമന്ത്രിക്ക് രസിക്കാഞ്ഞത്. രവീന്ദ്രന് സ്വർണ്ണക്കടത്തുകാരുമായി ബന്ധമുണ്ടോയെന്ന സംശയത്തിലാണ് രവീന്ദ്രനെ വിളിച്ചു വരുത്തിയിരിക്കുന്നത്. രവീന്ദ്രൻ അളവിൽ കവിഞ്ഞ് സമ്പാദിച്ച സ്വത്തിന്റെ ഉറവിടം സ്വർണ്ണക്കടത്ത് ആണോ എന്ന സംശയം ദൂരീകരിക്കാനാണിത്. സംശയമുള്ളവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുക എന്നതാണ് ലോകത്തിലെ ഏതൊരു അന്വേഷണ ഏജൻസിയുടേയും പ്രാഥമിക രീതി. അത് ഇ.ഡി ചെയ്യരുതെന്നാണോ മുഖ്യമന്ത്രിയുടെ ആവശ്യം. മടിയിൽ കനമില്ലാത്ത മുഖ്യമന്ത്രി എന്തിനാണ് അത് ഭയപ്പെടുന്നത്? രവീന്ദ്രൻ വാ തുറന്നാൽ ഇത്രകാലം കൊണ്ട് കെട്ടിപ്പൊക്കിയ സാമ്രാജ്യവും മുഖംമൂടിയുമൊക്കെ തകർന്നു വീഴുമെന്ന് മുഖ്യമന്ത്രി ഭയപ്പെടുന്നുണ്ടോ? ഇല്ലായെങ്കിൽ ഇത്തരമൊരു പൊറാട്ട് നാടകം കളിക്കേണ്ട ആവശ്യം എന്താണ്?
കത്ത് കിട്ടിയാലുടൻ കേന്ദ്ര ഏജൻസികളെയെല്ലാം കേന്ദ്ര സർക്കാർ തിരികെ വിളിക്കുമെന്ന് താങ്കൾ കരുതുന്നുണ്ടോ?. അന്വേഷണ ഏജൻസികളെ രാഷ്ട്രീയക്കളിയുടെ കരുവായി ഉപയോഗിച്ച സ്വന്തം അനുഭവം വെച്ച് കേന്ദ്ര ഏജൻസികളെയും വിലയിരുത്തുന്നതിന്റെ കുഴപ്പമാണത്. താങ്കളുടെ അവകാശവാദം അംഗീകരിച്ചാൽ തന്നെ താങ്കൾ വിളിച്ചു വരുത്തിയവരെ തിരികെ വിളിക്കാൻ താങ്കൾ തന്നെ ആവശ്യപ്പെട്ടാൽ അതിൽ നാട്ടുകാർക്ക് അസ്വാഭാവികത തോന്നില്ലേ?
മാത്രവുമല്ല പ്രധാനമന്ത്രിക്കൊക്കെ കത്തയക്കുമ്പോൾ നാട്ടുകാർ കേട്ടാൽ വിശ്വസിക്കുന്ന ചില ന്യായങ്ങൾ കണ്ടെത്താനും ശ്രമം വേണ്ടേ? എന്താണ് കേന്ദ്ര ഏജൻസികൾ ചെയ്ത കുറ്റം എന്ന് ചൂണ്ടിക്കാണിക്കേണ്ടേ അല്ലാതെ മര്യാദ വേണം, മാറി നൽക്കങ്ങോട്ട്, കടക്ക് പുറത്ത് എന്നൊക്കെ പറയാൻ ഇത് എകെജി സെന്ററിലെ ജോലിക്കാരല്ലല്ലോ സർ. മാത്രവുമല്ല കേന്ദ്ര ഏജൻസികൾ വന്നത് താങ്കൾ കണ്ണുരുട്ടുമ്പോൾ തിരികെ പോകാനുമല്ലല്ലോ? അവർ വന്ന കാര്യം പൂർത്തിയാക്കാതെ തിരികെ പോകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? അന്തം കമ്മികള്‍ക്ക് കയ്യടിക്കാൻ ഒരു അവസരം എന്നതിനപ്പുറം ഒന്നും സംഭവിക്കില്ലെന്ന് അങ്ങേക്കും അറിയാമല്ലോ? അപ്പോ കളി തുടരട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: