‘റുവാണ്ട’ എന്നത് ആഫ്രിക്കയിലെ ഒരു കൊച്ചു രാജ്യം. നമ്മുടെ കേരളത്തെക്കാളും ചെറുത്. തലസ്ഥാനം ‘കിഗാലി.’ 1994 ല്‍ രാജ്യത്ത് നടന്ന അതിക്രൂരമായ വംശഹത്യയുടെ പേരിലാണ് പ്രശസ്തി. അന്ന് നൂറ് നാള്‍കൊണ്ട് പത്ത് ലക്ഷം പേരെയാണ് അവിടെ നരാധമന്മാര് കൊന്നൊടുക്കിയത്. ഹുടു വര്‍ഗക്കാര്‍ ഇത്സ് വര്‍ഗക്കാരെയാണ് വേട്ടയാടിയത്. പക്ഷേ റുവാണ്ടയ്ക്ക് മറ്റൊരു സത്പേരുമുണ്ട്. പ്ലാസ്റ്റിക് മാലിന്യത്തോടുള്ള വൈരം. അവിടെ പ്ലാസ്റ്റിക്കിനെ പടിക്കകത്ത് കയറ്റില്ല.
റുവാണ്ടയുടെ തലസ്ഥാനമായ കിഗാലിയില്‍ പോയി നോക്കുക. കണികാണാന്‍ പോലും ഒരു പ്ലാസ്റ്റിക് സഞ്ചി കയ്യില്‍ കിട്ടില്ല. റോഡുകളിലോ തോടുകളിലോ കടകളിലോ പ്ലാസ്റ്റിക്കിനെ കാണ്മാനില്ല. കോംഗോയും ഗോമോയുമായി റുവാണ്ട അതിര്‍ത്തി പങ്കിടുന്നിടങ്ങളിലെല്ലാം പ്ലാസ്റ്റിക് കണ്ടെത്താന്‍ കടുത്ത പരിശോധനയാണ്. മയക്കുമരുന്നിനെക്കാളും സ്വര്‍ണത്തെക്കാളും ചെക്ക് പോസ്റ്റുകള്‍ തേടുന്നത് പ്ലാസ്റ്റിക് സഞ്ചികളാണ്. അരയില്‍ ചുറ്റിയോ പെട്ടിയില്‍ ഒളിപ്പിച്ചോ പച്ചക്കറി കൂടയില്‍ പൊത്തിവച്ചോ കൊണ്ടുവരുന്ന സഞ്ചികള്‍ പിടിച്ചാല്‍ കനത്ത പിഴയും ജയില്‍ വാസവും ഉറപ്പ്.
നാഴികയ്ക്ക് നാനൂറ് വട്ടം പ്ലാസ്റ്റിക്കിന്റെ ക്രൂരകൃത്യങ്ങളെ പഴിക്കുന്നവരാണ് നാം മലയാളികള്‍. ആവശ്യത്തിലേറെ അറിവുള്ളവര്‍, പഠിപ്പും പത്രാസുമുള്ളവര്‍, നിയമങ്ങള്‍ പടച്ചുവിടാന്‍ മിടുക്കര്‍, മൈക്രോണ്‍ കണക്കില്‍ കനം നോക്കി പ്ലാസ്റ്റിക്കിനെ പിടികൂടുന്നവര്‍… പക്ഷേ, പറഞ്ഞിട്ടെന്തു കാര്യം. കരയിലും കടയിലും കൃഷിയിടത്തിലുമെല്ലാം പ്ലാസ്റ്റിക് സഞ്ചികള്‍ പറന്നു കളിക്കുകയാണ്. സൂക്ഷ്മ ജീവികളെപ്പോലും അവ വിടാതെ വേട്ടയാടുകയാണ്. പക്ഷേ പ്രസിഡന്റ് പോള്‍ കഗാരി ഭരിക്കുന്ന റുവാണ്ട അങ്ങനെയല്ല. ഏറ്റവും വൃത്തിയുള്ള ആഫ്രിക്കന്‍ രാജ്യമെന്നാണ് റുവാണ്ടയുടെ വിളിപ്പേര്. പ്രസിഡന്റ് പറയുന്നതാണ് നിയമം. കഗാമി ആള് കടുപ്പക്കാരനാണ്. ഏകാധിപതിയെന്നൊക്കെ അയല്‍ക്കാര്‍ വിളിക്കും. പക്ഷേ രാജ്യത്തിന്റെ അന്തസ്സും ആഭിജാത്യവും വീണ്ടെടുക്കുകയാണ് മൂപ്പരുടെ പ്രധാന ലക്ഷ്യം. അതിന്റെ ആദ്യപടിയാണ് ഈ പ്ലാസ്റ്റിക് വേട്ട.
2008 ആഗസ്റ്റ് പത്തിനാണ് റവാണ്ടയില്‍ പ്ലാസ്റ്റിക് നിരോധിച്ചത്. പ്ലാസ്റ്റിക് സഞ്ചികളുടെ നിര്‍മാണം, ഇറക്കുമതി ഉപയോഗം, കച്ചവടം എല്ലാം നിരോധിച്ചു. പോളിത്തീന്‍ കൊണ്ടുണ്ടാക്കിയ ഒന്നും കണ്‍വെട്ടത്ത് കാണരുതെന്നായിരുന്നു കല്‍പ്പന. കണ്ടാല്‍ മൂന്നുലക്ഷം റുവാണ്ടന്‍ ഫ്രാങ്ക് (23000 ഡോളറോളം)വരെ പിഴയും, ഒരു വര്‍ഷം വരെ ജയില്‍വാസവും. നൂറില്‍പരം വ്യാപാരികള്‍ ഇതിനോടകം ജയില്‍ ശിക്ഷ അനുഭവിച്ചു കഴിഞ്ഞുവത്രെ. പ്ലാസ്റ്റിക് മാലിന്യം കടലിനെ കൊല്ലുമെന്നും, മണ്ണിനെ നിര്‍ജീവമാക്കുമെന്നും, വെള്ളപ്പൊക്കത്തിനും വഴിവയ്ക്കുമെന്നും, മഴവെള്ളം മണ്ണില്‍ കിനിഞ്ഞിറങ്ങുന്നത് തടസ്സപ്പെടുത്തുമെന്നും സര്‍ക്കാര്‍ ജനത്തെ ബോധിപ്പിച്ചു. അതിനാല്‍ അത് നമുക്ക് വേണ്ട. ആശുപത്രികള്‍ക്കും മരുന്നു നിര്‍മാണത്തിനും മാത്രമുണ്ട് ഇളവ്.
പരിസ്ഥിതി മാനേജ്മെന്റ് അതോറിറ്റിയാണ് പ്ലാസ്റ്റിക് വേട്ടയ്ക്ക് നേതൃത്വം നല്‍കുന്നത്. അവര്‍ എവിടെയും കയറി പരിശോധിക്കും സെല്ലോഫാന്‍ പൊതിഞ്ഞ റൊട്ടികള്‍ സൂക്ഷിച്ചതിന് ഒരു ബേക്കറിയുടമയ്ക്ക് ലക്ഷക്കണക്കിന് ഫ്രാങ്കാണ് അവര്‍ പിഴയിട്ടത്. അയാളുടെ സാധനങ്ങള്‍ അപ്പാടെ പിടിച്ചെടുത്ത് അനാഥാലയങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. കടയുടമ പരസ്യമായി ക്ഷമായാചനം ചെയ്യുന്നതുവരെ കട തുറക്കാന്‍ സമ്മതിച്ചതുമില്ല. റൊട്ടി പൊതിയുന്നതിന് മെഴുക് പൂശിയ കടലാസുകളും ബേക്കറിയില്‍ മുളംതണ്ടു കൊണ്ടുള്ള കത്തിയും മുള്ളും സ്ടോയുമൊക്കെ പ്രോത്സാഹിപ്പിക്കുന്നു. നാനാഭാഗത്തും പ്ലാസ്റ്റിക് റീസൈക്ലിങ് കേന്ദ്രങ്ങള്‍ ഉണ്ടാക്കുന്നു. അവയ്ക്ക് പുനഃസംസ്കരണത്തിന് ആവശ്യമായ പ്ലാസ്റ്റിക് റുവാണ്ടയില്‍ കിട്ടാനില്ലത്രേ. തൊട്ടടുത്ത രാജ്യമായ കോംഗോയുടെ തലസ്ഥാനത്തിന്റെ വിളിപ്പേര് ‘ചവറു പാത്രം’ എന്നാണെന്നു കൂടി പറയട്ടെ.രാജ്യത്തിന്റെ അന്തസ്സും ആഭിജാത്യവും നിലനിര്‍ത്താന്‍ ജനങ്ങള്‍ ഷൂസ് ധരിക്കണമെന്നും, ഓലക്കുടിലുകള്‍ ഒഴിവാക്കണമെന്നും ആഹ്വാനം ചെയ്ത കഗാമി മറ്റൊരു ധീരകൃത്യം കൂടി ചെയ്തു. അമേരിക്കയില്‍ ഇറക്കുമതി ചെയ്യപ്പെടുന്ന സെക്കന്‍ഡ് ഹാന്‍ഡ് ബ്രാന്റഡ് വസ്ത്രങ്ങളുടെ ഇറക്കുമതി പൂര്‍ണമായും നിരോധിച്ചു.
സമ്പന്ന രാജ്യങ്ങളുടെ ഇറക്കുമതി പൂര്‍ണമായും നിരോധിച്ചു. സമ്പന്ന രാജ്യങ്ങളുടെ എച്ചില് കൂനയാവാന്‍ തന്റെ രാജ്യത്തെ കിട്ടില്ലെന്ന് തുറന്നുപറഞ്ഞു. സമ്പന്ന രാജ്യങ്ങള്‍ ഉപയോഗിച്ച ശേഷം കയറ്റിവിടുന്ന ചെരിപ്പുകളുടെ ഇറക്കുമതി തീരുവ നിരവധി മടങ്ങ് വര്‍ധിപ്പിച്ചു. സെക്കന്‍ഡ് ഹാന്‍ഡ് വസ്ത്രങ്ങളുടെ ഇറക്കുമതിയിലും വില്‍പ്പനയിലും ഏര്‍പ്പെട്ടിരിക്കുന്ന കാല്‍ലക്ഷം റുവാന്‍ഡക്കാരുടെ ജീവിതമാര്‍ഗമാണ് ഒറ്റയടിക്ക് ഇല്ലാതായത്. ഈ കച്ചവടത്തിന്റെ കേന്ദ്രമായ കിമിറോണ്‍കോ മാര്‍ക്കറ്റ് നിശ്ചലമായി. കോംഗോ-ഉഗാണ്ട അതിര്‍ത്തികളിലൂടെ പഴയ തുണികളുമായി കടന്നെത്തിയ രണ്ടുപേരെ റുവാണ്ടന്‍ പട്ടാളം വെടിവച്ച് വീഴ്ത്തിയത്. പഴംതുണി കച്ചവട മേഖലയെ ഞെട്ടിച്ചു.
അമേരിക്കയെ സംബന്ധിച്ചിടത്തോളം കോടിക്കണക്കിന് ഡോളറിന്റെ കച്ചവടമാണ് കഗാമിയുടെ കാര്‍ക്കശ്യം മൂലം നഷ്ടമായത്. പ്രസിഡന്റ് ട്രമ്പ് പലവട്ടം കണ്ണുരുട്ടിയിട്ടും കഗാരി അനങ്ങിയില്ല. റുവാണ്ടക്കെതിരെ കൊണ്ടുവന്ന സാമ്പത്തിക ഉപരോധം പോലും കഗാമി വകവച്ചില്ല. തന്റെ രാജ്യം സമ്പന്ന രാജ്യങ്ങളുടെ കുപ്പത്തൊട്ടിയല്ലന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
വാല്‍ക്കഷണം: അമേരിക്കന്‍ സംസ്ഥാനമായ അലാസ്കയുടെ അങ്ങേയറ്റത്തുള്ള ഉട്ക്യാഗ്വിക്കില്‍ സൂര്യന് അവധിയെടുത്ത് അപ്രത്യക്ഷനായത്രേ. രണ്ടുമാസം കഴിഞ്ഞേ മൂപ്പര് തിരിച്ചുവരൂ. ഉത്തരധ്രുവ മേഖലയില്‍ സ്ഥിതിചെയ്യുന്ന ഇവിടെ ‘പോളാര്‍ നൈറ്റ്’പ്രതിഭാസം ആരംഭിച്ചതാണ് സൂര്യന് അപ്രത്യക്ഷനാകാന്‍ കാരണം. ഉട്ക്യാഗ്വിക്കില്‍ 24 മണിക്കൂറും ഇപ്പോള്‍ തെരുവ് വിളക്കുകള്‍ കത്തുന്നു. പകലും രാത്രിയും തിരിച്ചറിയാന്‍ നാട്ടുകാര്‍ക്ക് നാഴികമണി നോക്കേണ്ട അവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: