ചാൾസ്റ്റൺ (വെർജിനിയ): രണ്ടു ദിവസം മുമ്പ് മുഖത്ത് വെടിയേറ്റ് ചികിത്സയിലായിരുന്ന വെസ്റ്റ് വെർജിനിയ പോലീസ് ഓഫീസർ കേസി ജോൺസൺ (28) മരിച്ചതായി സിറ്റി ഓഫ് ചാൾസ്റ്റൺ പുറത്തിറക്കിയ പത്രകുറിപ്പിൽ അറിയിച്ചു. പാർക്കിങ്ങിനെ കുറിച്ചു ലഭിച്ച പരാതി അന്വേഷിക്കുന്നതിനിടയിലാണ് ജോഷ്വവ ഫിലിപ്പ് (38) എന്ന പ്രതി മുഖത്തേക്ക് നിറയൊഴിച്ചത്. ഗുരുതരമായി പരിക്കേറ്റ കേസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
2017 ൽ സർവീസിൽ ചേർന്ന കേസി 2019 ലാണ് പെട്രോൾ ഓഫീസറായി ചാർജ്ജെടുത്തത്. തന്റേതല്ലാത്ത പാർക്കിങ്ങ് ലോട്ടിൽ പാർക്ക് ചെയ്തതിനെ കുറിച്ചു ലഭിച്ച പരാതി അന്വേഷിക്കുന്നതിനാണ് വനിതാ ഓഫീസർ സ്ഥലത്തെത്തിയത്. പിന്നീട് ഇരുവരും തമ്മിൽ തർക്കിക്കുകയും, ഫിലിപ്പ് തന്റെ കൈവശമുണ്ടായിരുന്ന റിവോൾവർ ഉപയോഗിച്ചു വെടിവെക്കുകയുമായിരുന്നു. കേസിയും തിരിച്ചു വെടിവെച്ചു. വെടിയേറ്റ ഫിലിപ്പും ചികിത്സയിലാണ്.
2020 ജനുവരിയിൽ ഫയർ ആം കൈവശം വെച്ചതിന് ഫിലിപ്പ് അറസ്റ്റിലായിരുന്നു. സംഭവം നടക്കുമ്പോൾ ജാമ്യത്തിൽ പുറത്തിറങ്ങിയതായിരുന്നു. സിറ്റിയിലെ പൗരന്മാരുടെ സുരക്ഷക്ക് മുൻഗണന നൽകിയിരുന്ന ധീരയും, സേവന സന്നദ്ധതയുമുള്ള ഓഫീസറായിരുന്നു കേസി എന്ന് ചാൾസ്റ്റൺ പോലീസ് ചീഫ് ടൈക്കി ഹണ്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: