ന്യൂയോര്‍ക്ക്: കോവിഡാനന്തരം ലോക രാഷ്ട്രങ്ങളില്‍ അധികാര വികേന്ദ്രീകരണം സംഭവിക്കുമെന്നും പുതിയൊരു ലോകക്രമം നിലവില്‍ വരുമെന്നും അതില്‍ ലോക രാഷ്ട്രങ്ങള്‍ക്ക് തുല്യ പങ്കാളിത്തമായിരിക്കുമെന്നും മുന്‍ അംബാസിഡറും നയതന്ത്ര വിദഗ്ധനുമായ ടി.പി. ശ്രീനിവാസന് ഐ. എഫ്.എസ്. ഈ ഘട്ടത്തില്‍ ഇന്ത്യക്ക് ലോകഗതി നിയന്ത്രിക്കുന്നതില്‍ നിര്‍ണ്ണായക സ്വാധീനമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന സമകാലിക വിഷയങ്ങളെക്കുറിച്ചുള്ള സംവാദ പരിപാടിയുടെ ഭാഗമായി ‘കോവിഡാനന്തര ലോകത്തെ ഭരണക്രമം’ എന്ന വിഷയത്തില്‍ നടന്ന സൂം സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശ്രീനിവാസന്.
സാങ്കേതികരംഗത്ത് വിപ്ലവകരമായ മാറ്റമായിരിക്കും കോവിഡാനന്തര കാലത്ത് സംഭവിക്കുകയെന്നും വ്യക്തി ജീവിതത്തില്‍ സാങ്കേതികത അനിവാര്യ ഘടകമായി മാറുമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത ഡോ. ആനന്ദബോസ് ഐ.എ.എസ് പറഞ്ഞു. ആഗോള തലത്തില്‍ ചിന്തകളെ അഭിരമിപ്പിക്കുമ്പോഴും തികച്ചും പ്രാദേശിക തലത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന പ്രവണത മാറേണ്ടിയിരിക്കുന്നു. അതിന് വേണ്ട മുന്നൊരുക്കള്‍ രാഷ്ട്രത്തിന്റെ ഭാഗത്ത് നിന്നു തന്നെ ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോവിഡാനന്തര കാലത്തെ ആഗോള സ്ഥിതിയില്‍ ഇന്ത്യ ലോകത്തിന്റെ മാര്‍ഗദര്‍ശിയായി മാറുമെന്നും വരുംകാലങ്ങളില്‍ ലോക നേതൃ ത്വത്തിലേക്കായിരിക്കും ഇന്ത്യ ഉയരുകയെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത പി.വിജയന് ഐ .പി .എസ് പ്രത്യാശ പ്രകടിപ്പിച്ചു.
ഡോ. രഞ്ജിത് പിള്ള മോഡറേറ്ററായിരുന്ന സെമിനാറില്‍ ഫൊക്കാന പ്രസിഡന്റ് മാധവന് ബി നായര്‍ അധ്യക്ഷത വഹിച്ചു. അവരവരുടെ കര്‍മ്മമേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച മൂന്ന് രത്നങ്ങളെയാണ് ഫൊക്കാന സെമിനാറിന് ഇത്തവണ ലഭിച്ചിരിക്കുന്നതെന്ന് മാധവന് ബി നായര്‍ പറഞ്ഞു. നയതന്ത്ര വിദഗ്ധന്‍ എന്ന നിലയിലുള്ള ടി.പി. ശ്രീനിവാസന്റെ അനുഭവ പാഠങ്ങളും ഡോ. ആനന്ദബോസിന്റെ ഭരണതന്ത്ര ഞ്ജതയിലെ അറിവുകളും വിജയന് ഐ.പി.എസിന്റെ നിയമ- ക്രമസമാധാന പരിപാലന രംഗത്തെ സര്‍ഗ്ഗാത്മകതയും സെമിനാറിനെ സജീവവും പ്രചോദിതവുമാക്കിയെന്ന് മാധവന് ബി നായര്‍ അഭിപ്രായപ്പെട്ടു.
കോവിഡാനന്തരകാലം വൈദ്യശാസ്ത്ര രംഗത്ത് വരുത്തുവാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ചും കോവിഡിന്റെ രണ്ടാം വരവിന്റെ സാധ്യതകളെ എങ്ങനെ പ്രതിരോധിക്കണമെന്നും ആ അവസ്ഥയെ തരണം ചെയ്യേണ്ടുന്നതിന് കൈക്കൊള്ളേണ്ട മുന്നൊരുക്കങ്ങളെ കുറിച്ചും ഹൂസ്റ്റനില്‍ നിന്നുള്ള ഡോ. ടിനി വിശദീകരിച്ചു.
ഐ. ടി വ്യവസായം ഒരു കുടില്‍ വ്യവസായമാതൃകയില് വികസപ്പിക്കുന്ന പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പാക്കേണ്ടതുണ്ടെന്ന് ന്യൂയോര്‍ക്കില്‍ നിന്നുള്ള വ്യവസായ സംരംഭകന് പത്മകുമാര്‍ അഭിപ്രായപ്പെട്ടു. പത്മകുമാറിന്റെ നിര്‍ദ്ദേശം വളരെ ക്രിയാത്മകവും ഒട്ടേറെ ,സാധ്യതകളുള്ളതുമാണെന്ന് പ്രതികരിച്ച ഡോ. ആനന്ദ ബോസ് ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അഭിപ്രായപ്പെട്ടു.
ക്രിയാത്മകമായി പുരോഗമിച്ച ചര്‍ച്ചയില്‍ ഫൊക്കാന എക്സിക്യുട്ടീവ് അംഗങ്ങളും നാഷണല്‍ കമ്മിറ്റി അംഗങ്ങളും മറ്റ് ഭാരവാഹികള്‍ക്കും പുറമെ അമേരിക്കയിലെ പ്രമുഖ സംരംഭകരും വ്യവസായികളും നിരവധി മേഖലകളിലെ വിദഗ്ധരും പങ്കെടുത്തു.മലയാളി മാധ്യമ പ്രവര്‍ത്തകരായ ജോര്‍ജ് കാക്കനാടന്, സുനില്‍ (ട്രൈസ്റ്റാര്‍ )ജോര്‍ജ് ജോസഫ് (ഇ-മലയാളി), വ്യവസായികളായ സാന്ത്രാസ് , ഡോ . രാമദാസ് പിള്ള (കാലിഫോര്‍ണിയ ), റെജി കുര്യന് (ഈസ്റ്റണ്‍) , ഫൊക്കാന ഫൗണ്ടേഷന് ചെയര്മാന് എബ്രഹാം ഈപ്പന്, എക്സിക്യുട്ടീവ് അംഗങ്ങളായ ശ്രീകുമാര്‍ ഉണ്ണിത്താന്, ലൈസി അലക്സ്, ഷീല ജോസഫ് , സുജ ജോസ് , വിജി നായര്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.ഫൊക്കാന സെക്രട്ടറി ടോമി കൊക്കാട്ട് നന്ദിയും കണ്വന്ഷന് ചെയര്മാന് ചാക്കപ്പന് സ്വാഗതവും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: