മലപ്പുറം: തിരുവന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഇന്നലെ കസ്റ്റഡിയിലെടുത്ത പെരിന്തല്‍മണ്ണ സ്വദേശി മുസ്ലിം ലീഗ് നേതാവിന്റെ ബന്ധവും പാര്‍ട്ടി സഹയാത്രികനും. പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി പുക്കാട്ടില്‍ റമീസിനെ(32)നെയാണ് ഇന്ന് പുലര്‍ച്ചെയോടെ കസ്റ്റംസ് സംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. ലീഗ് നേതാവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ ചാക്കീരി അഹമ്മദ്കുട്ടിയുടെ മകളുടെ മകനാണ് റമീസ്. സജീവ ലീഗ് പ്രവര്‍ത്തകനായ ഇയാള്‍ പി.കെ.കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളുമായി അടുത്ത ബന്ധമുള്ള ആളാണ്.
സ്വര്‍ണക്കടത്തു സംഘവുമായി ഇയാള്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. ഇതിന് മുമ്പും ഇയാള്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായിട്ടുണ്ട്. രാഷ്ടീയ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുകയാണ് പതിവ്. 2015ല്‍ കോഴിക്കോട് വിമാനത്താവളത്തില്‍ വെച്ച് സ്വര്‍ണവുമായി പിടിയിലായ ഇയാള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ കുഞ്ഞാലിക്കുട്ടിയുടെ സ്വന്തം ആളാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ സംഭവം വലിയ വാര്‍ത്തയായിരുന്നു.
നാട്ടില്‍ സ്വന്തമായി ജോലിയോ ബിസിനസോ ഇല്ലാത്ത ഇയാള്‍ ഇടക്കിടെ വിദേശത്തേക്ക് കടക്കാറുണ്ട്. മംഗലാപുരം, ബെംഗളൂരു എന്നിവിടങ്ങളിലെ സ്വര്‍ണക്കടത്ത് സംഘവുമായും ബന്ധമുണ്ട്. മൃഗവേട്ട ഉള്‍പ്പെടെ കേസുകളും ഉണ്ട്. റമീസിന്റെ വിവാഹത്തിന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തിരുന്നതായി പ്രദേശവാസികള്‍ വ്യക്തമാക്കുന്നു.
റമീസിനെ കസ്റ്റംസ് സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിന് കൈമാറുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: