സ്കൂള്‍ വിദ്യാഭ്യാസത്തില്‍ കമ്പ്യൂട്ടര്‍ പാഠ്യവിഷയമായി ഉള്‍പ്പെടുത്തുക, കമ്പ്യൂട്ടര്‍ ഉപയോഗിച്ച് പാഠ്യവിഷയങ്ങള്‍ പഠിക്കുക; ഇത് രണ്ടും രണ്ടാണ്. ഈ വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്നത് അവകാശ തര്‍ക്കമാണ്. ആര് ആരംഭിച്ചാലും യഥാര്‍ത്ഥ വിദൂര വിദ്യാഭ്യാസം അര്‍ത്ഥമാക്കുന്നത് എന്താണന്നും അതുകൊണ്ട് സാധ്യമാകുന്നതെന്താണ് എന്നുമാണ് ചര്‍ച്ച ചെയ്യേണ്ടത്. സ്കൂളില്‍ അധ്യാപകരുടെ കയ്യിലിരിക്കുന്ന ബ്ലാക്ക് ബോര്‍ഡ് മായ്ക്കുന്ന ഡസ്റ്ററിനെ ഹൃദയമായി സങ്കല്‍പ്പിച്ചും അദ്ധ്യാപകന്റെ കൈയ്യിലെ ചോക്കിനെ ടെസ്റ്റ്യൂബ് ആയും സങ്കല്പ്പിച്ചുമുള്ള ഒരു ആഖ്യാനരീതി ആയിരുന്നു മുന്‍കാലത്ത്. വിവിധ തരത്തില്‍ ബൗദ്ധിക നിലവാരമുള്ള കുട്ടികളാണ് ഒരു അധ്യാപകന്റെ മുന്നിലിരിക്കുന്നത്. അവരുടെയെല്ലാം മനന സവിശേഷതകളെ സ്വാംശീകരിക്കാന്‍ പറ്റുന്ന വിധത്തില്‍ ആയിരിക്കണം ഡിജിറ്റല്‍ വിദ്യാഭ്യാസം നടപ്പിലാക്കേണ്ടത്. അതിന് ഉപയുക്തമാക്കാന്‍ പറ്റുന്ന യഥാര്‍ത്ഥ വീഡിയോകളും നിലവാരമുള്ള ആനിമേഷനുകളും, ചിത്രങ്ങളും ഉപയോഗിക്കാം. വ്യത്യസ്ത ശ്രേണിയിലെ ഉദാഹരണങ്ങളും ഉണ്ടാവേണ്ടതുണ്ട്.
ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളില്‍ മറ്റൊന്ന് ഭൂമിശാസ്ത്രപരമായും മറ്റു തരത്തിലും സാധാരണ കുട്ടിക്ക് അപ്രാപ്യമായ വിദൂരത്തിലുള്ള ലോകപ്രശസ്തരായ വ്യക്തിത്വങ്ങളുടെ സാന്നിധ്യം ലഭ്യമാക്കലാണ്. ആധുനിക കാലഘട്ടത്തില്‍, അറുബോറന്‍ ക്ലാസ് റൂം പ്രഭാഷണങ്ങള്‍ ഓണ്‍ലൈന്‍ പ്രഭാഷണമാക്കിയാല് വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ വിരസമാകും. 5 ഇഞ്ച് മുതല്‍ 42 ഇഞ്ച് വരെ സ്ക്രീനില്‍ എത്ര നല്ല ടീച്ചറായാലും കുട്ടികള്‍ക്ക് പെട്ടന്ന് മടുപ്പുണ്ടാക്കും. ആനിമല്‍ പ്ലാനറ്റു മുതല്‍ ഡിസ്കവറി കിഡ്സ് വരെ കാണുന്ന കുട്ടികള്‍ തന്നെയാണ് വിക്ടേഴ്സ് ചാനല്‍ കണ്ട് പഠിക്കേണ്ടതും. സ്മാര്‍ട്ട് അഥവാ ഡിജിറ്റല്‍ ആവേണ്ടത് ടീച്ചറും സര്‍ക്കാരും ക്ലാസ് മുറിയും മാത്രമല്ല ‘കണ്ടന്റ്’ ആണ്.
സാങ്കേതിക മികവിന് വേണ്ട തയ്യാറെടുപ്പുകളാണ് നാം ചെയ്യേണ്ടത്. കേരള സര്‍ക്കാര്‍ വിദ്യാഭ്യാസരംഗത്ത് കാണിച്ച ശുഷ്കാന്തി നല്ലതുതന്നെ. പക്ഷേ അതിന്റെ ഉദ്ദേശ്യശുദ്ധിയിലാണ് സംശയം. വളരെ കരുതലോടെ സര്‍ക്കാര്‍ എന്തൊക്കെയോ പ്രവര്‍ത്തിക്കുന്നു എന്ന് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്ന ചിലപ്പോഴൊക്കെ തോന്നിപ്പോകുന്നത് അതുകൊണ്ടാണ്. ഒന്നാം ക്ലാസിലെ പാഠഭാഗം വളരെ സുന്ദരമായി കൊച്ചുകുട്ടികള്‍ക്ക് ഇഷ്ടമാകുന്നത്ര കയ്യടക്കത്തോടെയാണ് കോഴിക്കോട്ടെ അധ്യാപിക കൈകാര്യം ചെയ്തത്.
ഒന്നാം ക്ലാസില്‍ പോലും ജൂണ്‍ ഒന്നാം തീയതി തന്നെ വിദ്യാഭ്യാസം ലഭിക്കാന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ സര്‍ക്കാര്‍ എടുത്തു കഴിഞ്ഞെന്ന് വോട്ടര്‍ ആയിട്ടുള്ള രക്ഷിതാവിനെ ബോധ്യപ്പെടുത്താന്‍ അധ്യാപികയുടെ പെര്‍ഫോമന്‍സ് ഉപയോഗിച്ചു എന്ന് പറയുന്നതാവും ശരി. അല്ലാതെ എല്ലാവര്ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ലഭ്യമാക്കുകയെന്ന കാഴ്ചപ്പാടോടെ തയ്യാറാക്കിയ പദ്ധതിയായി തോന്നുന്നില്ല. അങ്ങനെയെങ്കില്‍ മലപ്പുറത്തെ ദേവിക ഓണ്‍ലൈന്‍ ക്ലാസ് നഷ്ടമായതിന്റെ പേരില്‍ ആത്മഹത്യ ചെയ്യേണ്ടി വരുമായിരുന്നില്ല. ഇപ്പോള്‍ നടത്തുന്നത് ട്രയല്‍ ആണെങ്കില്‍ സര്‍ക്കാര്‍ യഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് വേണ്ട സാങ്കേതിക തികവ് ഉണ്ടാക്കി വിദൂര വിദ്യാഭ്യാസ പദ്ധതിയുമായി മുന്നോട്ട് പോകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: