അതിര്‍ത്തിയില്‍ ചൈനയുമായി വളരുന്ന സംഘര്‍ഷത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന പ്രധാനമന്ത്രിയുടെ നിലപാട് അഭിനന്ദനാര്‍ഹമാണ്. ഭാരതത്തിന്റെ അതിര്‍ത്തിക്ക് അരികിലേക്കെത്തിയ ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മിക്ക് തുല്യമായിത്തന്നെ സൈന്യത്തെ വിന്യസിക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ചൈനീസ് അതിര്‍ത്തില്‍ ഭാരതം കെട്ടിപ്പൊക്കിയ സൈനിക അടിസ്ഥാന സൗകര്യ മേഖലയുടെ കരുത്തില്‍ വിശ്വാസമര്‍പ്പിച്ചായിരുന്നു പ്രധാനമന്ത്രി തീരുമാനം വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് ചൈനയെ അമ്പരിപ്പിക്കുന്ന തരത്തിലാണ് ഭാരതം ലഡാക്ക് മേഖലയില്‍ സൈനിക വിന്യാസം നടത്തിയത്. മുമ്പ് ദിവസങ്ങളോളം സമയമെടുത്ത് എത്തിച്ചേരാന്‍ സാധിച്ചിരുന്ന പല സ്ഥലങ്ങളിലും മണിക്കൂറുകള്‍കൊണ്ട് യുദ്ധവിമാനമിറക്കിയും സൈനികരെയെത്തിച്ചും രാജ്യം കരുത്തുതെളിയിച്ചു. ഇപ്പോഴിതാ ദോക് ലാം സംഘര്‍ഷത്തെ അനുസ്മരിപ്പിച്ചുകൊണ്ടു തങ്ങള്‍ സമവായത്തിന്റെ പാത തിരഞ്ഞെടുക്കുന്നുവെന്ന അഭിപ്രായം ചൈന പുറത്തു വിട്ടിരിക്കുന്നു.
2014 ല്‍ അധികാരത്തിലെത്തിയപ്പോള്‍ മുതല്‍ പ്രധാനമന്ത്രിയുടെ ലക്ഷ്യങ്ങളിലൊന്നായിരുന്നു സുരക്ഷിതമായ രാജ്യാതിര്‍ത്തി. 2022 ഓടെ തന്ത്രപ്രധാനമായ അറുപത്തിയാറോളം പുതിയ റോഡുകള്‍ ചൈന- പാകിസ്ഥാന് അതിര്‍ത്തിയില്‍ നിര്‍മിക്കുക എന്ന ലക്ഷ്യമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്.
കശ്മീര്‍, ലഡാക്ക്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലായി ഭാരതത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഇതില്‍ ഇരുപതോളം റോഡുകള്‍ ചൈനീസ് അതിര്‍ത്തിയോടു ചേര്‍ന്ന് നിര്‍മ്മിക്കുന്നുവെന്നതാണ് ചൈനയെ അലോസരപ്പെടുത്തുന്നത്.
ചൈനയുടെ എതിര്‍പ്പ് മറികടന്നുകൊണ്ട് കിഴക്കന്‍ ലഡാക്കില്‍, ചൈനീസ് അതിര്‍ത്തിയില്‍ നിന്ന് 45 കി.മി അകലെ മാത്രം ഇന്ത്യ പുതിയ പാലം ഉദ്ഘാടനം ചെയ്തിരുന്നു. ഭാരതത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതും കോള്‍ ചെവാങ് റിന്‍ചെന്‍ എന്ന് പേരിട്ടിരിക്കുന്നതുമായ പാലം കഴിഞ്ഞയാഴ്ച്ചയാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തത്. കാരക്കോറം ചുരത്തിലെ ഭാരതത്തിന്റെ അവസാനത്തെ സൈനിക കേന്ദ്രത്തിലേക്ക് വളരെ വേഗം സൈന്യത്തിന് എത്താം എന്നതാണ് ഇതിന്റെ പ്രത്യേകത. ഇവയ്ക്ക് പുറമെ കഴിഞ്ഞ ഒക്ടോബറില്‍ പുതിയ വ്യോമതാവളവുംം മേഖലയില്‍ ഭാരതം തുറന്നിരുന്നു.
ലഡാക്കിലെ ഗല്‍വാല്‍ താഴ്വരയേയും ഈ വ്യോമതാവളത്തെയും ബന്ധിപ്പിക്കുന്ന പുതിയ റോഡ് നിര്‍മാണമാണ് പട്ടാളത്തെ അയക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പെങിനെ പ്രേരിപ്പിച്ചത്. ഇന്ത്യ-ചൈന അതിര്‍ത്തിയോട് ഓരം ചേര്‍ന്നുള്ള ഇന്ത്യന്‍ സൈനിക താവളങ്ങളെയെല്ലാം പരസ്പരം ബന്ധിപ്പിക്കുന്ന പുതിയ റോഡ് ചൈനയുടെ സ്വപ്ന പദ്ധതിയായ വണ്‍ റോഡ് വണ്‍ ബെല്‍റ്റിനു ഭീഷണിയായി മാറി.
ഉത്തരാഖണ്ഡില്‍ 12,000 കോടി രൂപ ചെലവില്‍ 889 കി.മി റോഡാണ് പൊതുഗതാഗതത്തിനും സൈനിക നീക്കത്തിനും വേണ്ടി നിര്‍മിക്കുന്നത്. ഇതിന്റെ ഭാഗമായി നിര്‍മിച്ച ചമ്പ തുരങ്കം ഞൊടിയിടയില്‍ ചൈനീസ് അതിര്‍ത്തിയിലേക്ക് ഭാരത സേനകളെയും ആയുധങ്ങളെയും എത്തിക്കുവാന്‍ സാധിക്കുന്ന വിധത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. മേഖലയിലെ റോഹ്ടങ് തുരങ്കം നിര്‍മ്മാണത്തിലാണ്. അടല്‍ ടണല്‍ എന്ന പേരിലും അറിയപ്പെടുന്ന തുരങ്കം ഈ വര്‍ഷം ഒക്ടോബര്‍ മാസത്തോടെ പ്രവര്‍ത്തന സജ്ജമാകും. അരുണാചല്‍ പ്രദേശിലെ സേലയില്‍ മറ്റൊരു ടണലിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്നു. ആസാമിനെയും അരുണാചല്‍ പ്രദേശിനെയും ബന്ധിപ്പിക്കുന്ന 9.2 കി.മി നീളമുള്ള ഭൂപന്‍-ഹസാരിക പാലം 2017 ലാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
ഇങ്ങനെ 3350 കിലോമീറ്ററോളം വരുന്ന റോഡുകളാണ് 2014 നു ശേഷം മേഖലയില്‍ ഭാരതം നിര്‍മിക്കുന്നത്. തങ്ങളുടെ ചുറ്റും വളരുന്ന ഇന്ത്യന്‍ സൈനിക സാന്നിദ്ധ്യത്തില്‍ ചൈന അസ്വസ്ഥമാണ്. ഇതിന്റെയടിസ്ഥാനത്തിലാണ് ലഡാക്കിലെയും ഉത്തരാഖണ്ഡിലെയും ഭാരതത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ പല ഘട്ടങ്ങളിലായി ശ്രമിച്ചതും ഇപ്പോഴുണ്ടായതും. ഇരുരാജ്യങ്ങളുടെയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് വരെ വിഷയം എത്തിനില്‍ക്കുന്നു. തുടര്‍ന്നിപ്പോള്‍ കിഴക്കന്‍ ലഡാക്കിലെ ഗല്‍വാല്‍ താഴ്വരയില് മൂന്നിടങ്ങളിലും പോങ്യാങില് ഒരിടത്തും ഇരു സൈന്യവും മുഖാമുഖം നിലയുറപ്പിച്ചിരിക്കുകയാണ്. ലഡാക്ക് ഇരു രാജ്യങ്ങളുടെയും തര്‍ക്ക ഭൂമിയായതു കൊണ്ടുതന്നെ ഭാരതം സൈനിക മേല്‍ക്കൈ നേടിയത് ചൈനീസ് നേതൃത്വത്തെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. സംഘര്‍ഷം ഉടലെടുത്തയുടനെ വളരെ വേഗത്തില്‍
ഭാരതം നടത്തിയ സൈനിക വിന്യാസം ചൈനീസ് പരിഭ്രാന്തിയുടെ ആഴം കൂട്ടിയെന്നു വേണം പറയാന്‍. കഴിഞ്ഞ ആറുവര്‍ഷമായി ഭാരതം മേഖലയില്‍ നിര്‍മിച്ച അടിസ്ഥാന സൗകര്യ വികസനമാണ് ഇത്തരത്തില്‍ പെട്ടെന്നുള്ള സൈനിക നീക്കം സാധ്യമാക്കിയത്. ഇന്ത്യന്‍ സേനയ്ക്ക് ചൈനീസ് അതിര്‍ത്തിയിലേക്ക് എത്തിച്ചേരാനുള്ള ദൂരവും സമയവും ഇപ്പോള്‍ കുറഞ്ഞിരിക്കുന്നു. കൂടാതെ അടിക്ക് ഉടന്‍ തിരിച്ചടിയെന്ന ഭാരതത്തിന്റെ പുതിയ നയവും വിദേശ ബന്ധങ്ങളിലെ മുന്‍തൂക്കവും പിന്നിലോട്ട് പോകുവാന്‍ ചൈനയെ പ്രേരിപ്പിക്കുന്നു. 2017 ല്‍ ദോക് ലാമില്‍ ഇത്തരത്തിലുള്ള സാഹചര്യം ഉണ്ടായതിനെ തുടര്‍ന്ന് 73 ദിവസത്തിന് ശേഷം ചൈന പിന്മാറിയിരുന്നു. ചൈനീസ് അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യ മേഖലയില്‍ ഭാരതം നടത്തുന്ന മുന്നേറ്റമാണ് ചൈനയെ അസ്വസ്ഥമാക്കുന്നതും ഇടയ്ക്കിടെ സംഘര്‍ഷമുണ്ടാക്കുവാന്‍ പ്രേരിപ്പിക്കുന്നതും. ഒപ്പം ഹോങ്കോങ്ങിനെയടക്കം കയ്യടക്കാന്‍ ചൈന നടത്തുന്ന പുതിയ നീക്കങ്ങളില്‍ നിന്ന് ലോകശ്രദ്ധ തിരിക്കുവാനുമുള്ള തന്ത്രങ്ങളും പാക് അധീന കശ്മീരില്‍ ഭാരത സൈന്യം കയറുമോ എന്ന ഭയവും യുദ്ധാന്തരീക്ഷം സൃഷ്ടിക്കുന്നതിന് പിന്നിലുണ്ട്.
കോവിഡ് 19 വിവരങ്ങള്‍ ലോകത്തോട് മറച്ചുവെച്ചത് മൂലം ചൈന അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ടുവെന്നും തത്ഫലമായി തങ്ങളുടെ വീഴ്ച്ച മറച്ചുവയ്ക്കാന്‍ മനഃപൂര്‍വ്വം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് സൈന്യത്തെയയച്ചു പ്രകോപനം സൃഷ്ടിക്കുന്നുവെന്നാണ് ഇന്ത്യയിലെ ചൈന അനുകൂല ബുദ്ധിജീവികളും വിവിധ മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത്. അതിര്‍ത്തിയില്‍ ഭാരതം നേടുന്ന മേല്‍ക്കോയ്മ എന്തൊക്കെയെന്നു ജനങ്ങളില്‍ നിന്ന് മറച്ചുവയ്ക്കാനും ചര്‍ച്ച വഴിതിരിച്ചു വിടാനുമാണ് കോവിഡുമായി ബന്ധിപ്പിച്ചു ഇത്തരത്തിലുള്ള കഥ മെനയുവാന്‍ രാഷ്ട്രവിരുദ്ധ മാധ്യമങ്ങളെ പ്രേരിപ്പിക്കുന്നത്. ഭാരതത്തിന്റെ സൈനിക – അന്തരാഷ്ട്രബന്ധങ്ങളിലെ കരുത്തിനു മുന്പില് ചൈനയുടെ ഭയപെടുത്തല്‍ ശ്രമങ്ങള്‍ പാളിപ്പോവുന്നു എന്നതാണ് വാസ്തവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: