വെങ്കിടേശ സുപ്രഭാതത്തിലൂടെ, ഭാരതീയരുടെ മനസ്സു കീഴടക്കിയ സംഗീതജ്ഞയാണ് എം.എസ് സുബ്ബുലക്ഷ്മി. 1916 സെപ്റ്റംബര്‍ 16ന് മധുരയിലെ ഹനുമന്തരായന്‍ തെരുവില്‍ സുബ്ബുലക്ഷ്മി ജനിച്ചു. മധുരൈ ഷണ്മുഖ വടിവ് സുബ്ബുലക്ഷ്മി എന്നാണ് മുഴുവന്‍ പേര്. അസാധ്യമായ സംഗീത പ്രാവീണ്യം കൊണ്ട് സംഗീതത്തിന്റെ അത്യുന്നത ശ്രേണിയില്‍ എത്തിയ കലാകാരിയാണ് സുബ്ബുലക്ഷ്മി. അമ്മ വീണാവാദന രംഗത്തും മുത്തശ്ശി വയലിന് വാദനത്തിലും പ്രശസ്തരായിരുന്നു.
‘ഭാരതത്തിലെ സാംസ്കാരിക മൂല്യങ്ങളുടെ കലവറ’ എന്നാണ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി സുബ്ബുലക്ഷ്മിയെ വിശേഷിപ്പിച്ചത്. ‘വൃന്ദാവനത്തിലെ തുളസി’ എന്ന് മഹാത്മാഗാന്ധി വിശേഷിപ്പിച്ചു. ‘സംഗീതത്തിന്റെ ഈ രാജ്ഞിയുടെ മുന്പില് പ്രധാനമന്ത്രിയായ ഞാന്‍ ആരുമല്ല’ എന്ന് ജവഹര്‍ലാല്‍ നെഹ്റുവും സുബ്ബുലക്ഷ്മിയെ വിശേഷിപ്പിച്ചു. 1954 ല്‍ പത്മഭൂഷണും 1975 ല്‍ പത്മവിഭൂഷണും 1998 ല്‍ രാഷ്ട്രത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്നവും നല്കി രാഷ്ട്രം അവരെ ആദരിച്ചു. 1968 ല്‍ സംഗീത കലാനിധി ബഹുമതിയും ലഭിച്ചു. ഐക്യരാഷ്ട്ര പൊതുസഭയില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് കീര്‍ത്തനങ്ങള്‍ ആലപിച്ചു. സംഗീതത്തിലൂടെയുള്ള പൊതുജനസേവനത്തിന് റാമോണ്‍ മാഗ്സസെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
എല്ലാംകൊണ്ടും ഭാരതത്തിന്റെ ഇതിഹാസ സംഗീതജ്ഞയായിരുന്നു അവര്‍. അമ്മയായ ഷണ്മുഖ വടിവില്‍ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. ശേഷം മധുരൈ ശ്രീനിവാസ അയ്യങ്കാര്‍, ശെമ്മാങ്കുടി ശ്രീനിവാസ അയ്യങ്കാര്‍ തുടങ്ങിയവരുടെ കീഴിലും സംഗീതം അഭ്യസിച്ചു. കര്‍ണാടക സംഗീതത്തിന് പുറമേ ഹിന്ദുസ്ഥാനിയിലും പ്രാവീണ്യം നേടിയിരുന്നു. പതിമൂന്നാം വയസ്സില്‍ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു.
സംഗീത നിര്‍ഭരമായ അന്തരീക്ഷത്തിലാണ് അവര്‍ വളര്‍ന്നത്. സുബ്രഹ്മണ്യയ്യര്‍ ആയിരുന്നു പിതാവ്. ഭജന സംഗീതത്തില്‍ അദ്ദേഹം അതീവ തല്പരനായിരുന്നു. പിതാവിനൊപ്പം ഭജനകളില്‍ പങ്കെടുക്കുക എന്നത് അവര്‍ക്ക് ഏറ്റവുംപ്രിയങ്കരമായിരുന്നു.
അമ്മയുടെ കൂടെ വീണ കച്ചേരികള്‍ക്കിടയില്‍ പാടുക പതിവായിരുന്നു. 1930 ല്‍ കുടുംബസഹിതം ചെന്നൈയിലേക്ക് താമസം മാറി. അവിടെ വച്ച് ആനന്ദ് വികടന് എന്ന തമിഴ് വാരികയില്‍ ജോലിചെയ്തിരുന്ന സദാശിവയുമായി പരിചയപ്പെട്ടു. 1940ല്‍ സുബ്ബുലക്ഷ്മിയും സദാശിവയും വിവാഹിതരായി. ഭര്‍ത്താവിന്റെ പിന്തുണയും, കഠിനാധ്വാനവും സുബ്ബുലക്ഷ്മിയെ ലക്ഷക്കണക്കിന് ആരാധകരുള്ള ഗായികയായി മാറ്റി. ഭാരതം മുഴുവന്‍ അറിയപ്പെട്ടു.
വശ്യസൗന്ദര്യത്തിന് ഉടമയായിരുന്ന അവര്‍ സിനിമകളില്‍ അഭിനയിക്കുകയും പാടുകയുംചെയ്തു. ഗായകനായിരുന്ന ജി. എന്‍. ബാലസുബ്രഹ്മണ്യത്തോടൊപ്പം 1940 ല്‍, അഭിനയിച്ച ശകുന്തള എന്ന ചിത്രത്തില്‍ ‘മനമോഹന’ എന്ന യുഗ്മഗാനം പാടി ശ്രദ്ധേയയായി. ഭക്തമീര, സാവിത്രി തുടങ്ങിയ ചിത്രങ്ങളിലും അവര്‍ അഭിനയിച്ചു. വീണ വാദനത്തിലും പ്രശസ്ത ആയിരുന്നു സുബ്ബുലക്ഷ്മി.
പാപനാശം ശിവന്, ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍, ജി. എന്‍ ബാലസുബ്രഹ്മണ്യം, കെ. എസ.് നാരായണ സ്വാമി തുടങ്ങിയ പ്രഗത്ഭരായ സംഗീതജ്ഞരില്‍ നിന്നെല്ലാം അവര്‍ സംഗീതം ഹൃദിസ്ഥമാക്കി. ഹിന്ദുസ്ഥാനി സംഗീത രൂപങ്ങളായ തുമ്രി, ഭജന്‍, കജരി തുടങ്ങിയവയിലും അവഗാഹം നേടി.
വിഷ്ണു സഹസ്രനാമവും വെങ്കിടേശ്വര സുപ്രഭാതവും ഭജഗോവിന്ദവും പാടി ഉത്തര, ദക്ഷിണേന്ത്യന്‍ ഭക്തജനങ്ങളുടെ മനംകവര്‍ന്ന വിഖ്യാത ഗായിക 2004 ഡിസംബര്‍ 11ന് ഇഹലോകവാസം വെടിഞ്ഞു.
(നാളെ: ഗാനകോകില
പി. ലീല
പ്രതികരിക്കാൻ ഇവിടെ എഴുതുക: