ഭാരതമൊട്ടാകെ ഭക്തിപ്രസ്ഥാനം ഉടലെടുത്തപ്പോള്‍ അതിന്റെ അലയൊലികള്‍ തമിഴ്നാട്ടിലും ആഴ്ന്നിറങ്ങി. ഭക്തിപ്രസ്ഥാനത്തിന്റെ അടിസ്ഥാനം തേവാരങ്ങളായിട്ടാണ് ഉടലെടുത്തത്. തേവാരം എന്ന ഭക്തി ഗാനങ്ങള്‍ രചിച്ചത് ശൈവ സന്ന്യാസിമാരായ തിരുനാവുക്കരസര്‍, തിരുജ്ഞാനസംബന്ധര്‍, സുന്ദരമൂര്‍ത്തി നായനാര്‍ എന്നിവരാണ്. ഇവര്‍ മൂവര്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ഈ ശൈവ സന്ന്യാസിമാര്‍ രചിച്ച ഭക്തിഗാനങ്ങള്‍ മൂവര്‍ തേവാരങ്ങള്‍ എന്നറിയപ്പെട്ടിരുന്നു.
ഇവരെക്കൂടാതെ നായന്മാര്, ശൈവ സന്ന്യാസിമാര്‍ തുടങ്ങിയവരും ഈ പ്രസ്ഥാനത്തെ പരിപോഷിപ്പിച്ചു. വളരെ പ്രശസ്തരായ തമിഴ് ഗാനരചയിതാക്കള്‍ ആണ് തിരുനാവുക്കരസര്‍, തിരുജ്ഞാനസംബന്ധര്‍, സുന്ദരമൂര്‍ത്തി നായനാര്‍ എന്നിവര്‍. ഈ രചയിതാക്കളില്‍ വെച്ച് ഏറ്റവും സമുന്നതനായ അംഗീകരിക്കപ്പെട്ടിട്ടുള്ള ആളാണ് തിരുജ്ഞാനസംബന്ധര്‍. ആദിശങ്കരന് ‘ദ്രാവിഡ ശിശു’ എന്നാണ് തിരുജ്ഞാനസംബന്ധരെ വിശേഷിപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ രചന ആരംഭിക്കുന്നത് കേവലം മൂന്ന് വയസ്സ് പ്രായമുള്ളപ്പോഴാണ്. ഈ പ്രായത്തില്‍ അദ്ദേഹം നട്ടപ്പാടൈ(ചലനാട്ട) എന്ന രാഗത്തില്‍ ‘തൊട്ടുടൈ ശൈവിയം’ എന്ന തേവാരം രചിച്ച് പ്രശസ്തനായി തീര്‍ന്നു. തിരുവാചകം എന്ന ഭക്തിഗാനം തേവാരത്തില്‍ രചിച്ച മറ്റൊരു ശൈവസന്ന്യാസിയാണ് മാണിക്യവാസഗര്‍. ഭക്തി പ്രസ്ഥാനം എന്നറിയപ്പെടുന്ന വൈഷ്ണവ ആഴ്വാര്കളുടെ 4000 ഭക്തിഗാനങ്ങള്‍ അടങ്ങുന്ന നാലായിറ ദിവ്യപ്രബന്ധവും അദ്ദേഹം രചിച്ചിട്ടുണ്ട്.
തിരുനാവുക്കരസര്‍ തമിഴില്‍ ഭക്തിപ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു. ‘പതിഗം’ എന്നറിയപ്പെടുന്ന ഒരു കൂട്ടം ഭക്തി ഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹം ഉപയോഗിച്ചിരുന്ന ഭാഷ വളരെ ലളിതവും ഉപയോഗിച്ചിരുന്ന വാക്കുകള്‍ വളരെ ഹൃദയസ്പര്‍ശിയുമായിരുന്നു. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ഭഗവാനോടുള്ള യഥാര്‍ത്ഥ ഭക്തിയും സ്നേഹവും വെളിവാക്കുന്ന രീതിയിലുള്ള മനോഹരമായ സംഗീതമായിരുന്നു.
തിരുജ്ഞാനസംബന്ധര്‍ തേവാര രചയിതാക്കളില്‍ വച്ച് ഏറ്റവും സമുന്നതനായ വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ കൃതികളില്‍ ആലങ്കാരിക ഭംഗികളായ ദ്വിതീയാക്ഷരപ്രാസം, സ്രോതാവഹയതി എന്നിവ ദര്‍ശിക്കാന്‍ സാധിക്കുമായിരുന്നു.സ്രോതോവഹയതിയോട് ഉപയോഗിക്കാവുന്ന ‘കൊണ്ടു കുട്ടി’ എന്ന പേരിലറിയപ്പെടുന്ന പ്രയോഗം തിരുജ്ഞാനസംബന്ധരുടെയും, തിരുനാവുക്കരസറുടെയും തേവാരങ്ങളില്‍ കാണാം. പല ലക്ഷണ ഗ്രന്ഥങ്ങളുടെയും അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ മിക്ക തേവാരങ്ങളുടെയും യഥാര്‍ത്ഥ രൂപം ഇപ്പോള്‍ പ്രയോഗത്തിലുള്ളതില് നിന്നും ഭിന്നമാണെന്ന് അഗ്രഗണ്യരായ പല തമിഴ് സംഗീതജ്ഞരും അഭിപ്രായപ്പെടുന്നു.
(നാളെ: അനുഷ്ഠാനങ്ങളിലെ സംഗീതം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: