തിരുവനന്തപുരം: കോവിഡ് 19 ന്റെ ഭീതിയില്‍ ആളൊഴിഞ്ഞ് കോവളം തീരം. ദിനംപ്രതി ആയിരക്കണക്കിന് വിദേശികള്‍ എത്തിയിരുന്ന കോവളം തീരത്ത് ഇപ്പോള്‍ ശരാശരി എത്തുന്നത് നൂറില്‍താഴെ വിദേശികള്‍ മാത്രം. ബീച്ചുകളില്‍ വിദേശസഞ്ചാരികളില്ല. ഹോട്ടലുകളില്‍ താമസിക്കുന്ന വിദേശ വിനോദ സഞ്ചാരികള്‍ തടവറയില്പെട്ടതുപോലെ. ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നതിനപ്പുറം പോകാന്‍ പാടില്ല. റൂം ബുക്ക് ചെയ്തിരുന്ന പല വിദേശികളും ഇതിനോടകം തന്നെ റദ്ദാക്കി. കഴിഞ്ഞ രണ്ട് ദിവസത്തിനകം തന്നെ പത്തിലധികം റൂമുകളാണ് ഓരോ ഹോട്ടലുകളില്‍ നിന്നും റദ്ദാക്കിയിരിക്കുന്നത്. റൂമുകള്‍ വാടകയ്ക്ക് നല്കുന്നവര് കര്‍ശനമായ ഉപാധികളാണ് വിദേശികള്‍ക്ക് മുന്നില്‍ വയ്ക്കുന്നത്.
നഗരപ്രദേശങ്ങളിലോട്ട് ഇവരെ വിടുന്നില്ല. ബീച്ചുകളില്‍ പോകാന്‍ മാത്രമാണ് ഇവര്‍ക്ക് അനുമതി ഉള്ളത്. നഗരപ്രദേശങ്ങളിലെത്തിയാലും ഹോട്ടലുകളില്‍ ഇവര്‍ക്ക് മുറികള്‍ നല്‍കുന്നില്ല. ലോംഗ് സ്റ്റേ വിദേശികള്‍ മാത്രമാണ് ഇന്ന് കോവളത്തുള്ളത്. മൂന്നുമാസം, ആറുമാസം, ഒരു വര്‍ഷക്കാലയളവില്‍ എത്തുന്നവരെയാണ് ലോംഗ് സ്റ്റേക്കാര്‍ എന്നുപറയുന്നത്. ഇതില്‍ പലരും ഇവിടെ മാസങ്ങള്‍ക്ക് മുമ്പ് എത്തിയതാണ്. അമ്പതില്‍പ്പരം മുറികള്‍ ഉള്ള ഹോട്ടലില്‍ ഇന്നലെ അഞ്ചില്‍ താഴെ മുറികളില്‍ മാത്രമാണ് വിദേശികളുള്ളത്. കോവളത്തെ ഓരോ കാഴ്ചകളില്‍ നിന്നും മനസ്സിലാകും ടൂറിസം മേഖലയെ കോവിഡ് 19 എങ്ങനെയാണ് ബാധിച്ചിരിക്കുന്നതെന്ന്.
നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍
കോവിഡ് 19ന്റെ വ്യാപനത്തില്‍ ബീച്ചില്‍ നിയന്ത്രണം ഏര്പ്പെടുത്തിയതിയതായി വിഴിഞ്ഞം പോര്‍ട്ട് ഓഫീസര്‍ കിരണ്‍. വിദേശികള്‍ക്ക് സണ്‍ബാത്തില്‍ കിടക്കുന്നതിനും സ്പീഡ് ബോട്ടില്‍ സഞ്ചരിക്കുന്നതിനും കടകള്‍ വാടകയ്ക്ക് നല്‍കുന്നതിനും ഉള്‍പ്പെടെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം 31 വരെയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെങ്കിലും സാഹചര്യങ്ങള്‍ പരിശോധിച്ച് മാറ്റങ്ങള്‍ വരുത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ അറിയിപ്പ് കോവളം തീരത്തുള്ള തൊഴിലാളികളെ ഇന്നലെ വൈകിട്ടോടെ തന്നെ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി അറിയിച്ചിട്ടുണ്ട്. ബീച്ചിന്റെ പലയിടത്തും നോട്ടീസും പതിപ്പിച്ചു.
സ്പീഡ് ബോട്ടുകള്‍ കരയിലേക്ക്
കോവളത്തെത്തുന്ന ടൂറിസ്റ്റുകള്‍ ഏറ്റവും അധികം ഉല്ലാസത്തിനായി ഉപയോഗിക്കുന്നതാണ് സ്പീഡ് ബോട്ടിലുള്ള യാത്ര. നാലുപേര്‍ക്ക് സഞ്ചരിക്കാവുന്ന ഒരു ബോട്ടിന് 800 രൂപയാണ് സഞ്ചാരികളില്‍ നിന്ന് ഈടാക്കുന്നത്. സുരക്ഷാ ഉപകരണമായ ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെ അണിയിച്ചായിരിക്കും ഇവരുടെ യാത്ര. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി ഒരു സര്‍വീസ് പോലും നടക്കാത്ത ബോട്ടുകളുണ്ട്. ചില ബോട്ടുകള്‍ ഒരു സര്‍വീസ് നടത്തി. പല ബോട്ടുകളും കരയില്‍ കയറ്റിയിട്ടിരിക്കുകയാണ്. പത്തോളം ബോട്ടുകളാണ് ഇത്തരത്തില്‍ കോവളത്തുള്ളത്. 800 രൂപ ഒരു യാത്രയ്ക്ക് വാങ്ങുമ്പോള്‍ ഡീസലും മറ്റ് ചെലവുകളും പോയിട്ട് തുച്ഛമായ തുകയാണ് ഇതിലെ തൊഴിലാളികള്‍ക്ക് കിട്ടുന്നത്. കഴിഞ്ഞ കുറച്ച് ദിവസമായി ഇവരില്‍ ഒരു രൂപ പോലും കൂലിയായി കിട്ടാത്ത തൊഴിലാളികളുമുണ്ട്.
കടകള്‍ കാലി
കോവളം തീരത്ത് വിദേശികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ ഏറ്റവും അധികം ആശ്രയിക്കുന്നത് കരകൗശല വിപണനശാലകളാണ്. ലക്ഷക്കണക്കിന് രൂപയുടെ കച്ചവടമാണ് ഓരോ മാസവും ഈ കടകളില്‍ നടക്കുന്നത്. എന്നാല്‍ കടകളില്‍ ആരും കയറുന്നില്ല. പലരും കടം വാങ്ങിയും ലോണ്‍ എടുത്തുമൊക്കെയാണ് കട മുന്നോട്ട് കൊണ്ടുപോകുന്നത്. പെട്ടെന്നുള്ള ഈ വിലക്കു കാരണം വലിയ നഷ്ടമാണ് കടയുടമകള്‍ കണക്കുകൂട്ടുന്നത്. പലരും ജോലിക്കാരെ ഉള്‍പ്പെടെ നിയമിച്ചിട്ടുണ്ട്. ഇവരുടെ ശമ്പളം ഉള്‍പ്പെടെ എങ്ങനെ കൊടുക്കുമെന്ന ആശങ്കയിലാണ് കടയുടമകള്‍. ഇതുപോലെയാണ് പല റസ്റ്റോറന്റുകളുടേയും അവസ്ഥ. പലരും കടമുറികള്‍ വാടകയ്ക്കെടുത്താണ് നടത്തുന്നത്. ഇതിന്റെ വാടക ഉള്‍പ്പെടെ വന്‍തുകയാണ് ഉടമസ്ഥര്‍ക്ക് ഒരുമാസം നല്‍കേണ്ടത്. ഇതെല്ലാം വിദേശികളുടെ വരവനുസരിച്ചാണ് ഇവര്‍ ക്രമീകരിച്ചിരുന്നത്. എന്നാല്‍ കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ അതെല്ലാം ഇന്ന് താളം തെറ്റിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: