ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ? ഗായിക രശ്മി സതീഷ് ആലപിച്ച് പ്രശസ്തമാക്കിയ, ഇഞ്ചക്കാട് ബാലചന്ദ്രന്റെ ഈ കവിത സമൂഹം ഏറ്റെടുക്കുക തന്നെ ചെയ്തു. പരിസ്ഥിതി സമരവേദികളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത കവിതയായിത്തീര്‍ന്നു ഇത്. കവിത പ്രശസ്തമായപ്പോള് കവി ആരെന്നറിയാന്‍ ആളുകള്‍ തിരഞ്ഞു കണ്ടുപിടിക്കുകയായിരുന്നു ഇഞ്ചക്കാട് ബാലചന്ദ്രനെ. വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിസ്ഥിതി ബോധവത്കരണം ഉദ്ദേശിച്ചു രചിക്കപ്പെട്ടതായിരുന്നു കവിതയെങ്കിലും കവിയുടെ വാക്കുകള്‍ തിരിച്ചറിയാന്‍ കാലം വൈകിയെന്നതു യാഥാര്‍ത്ഥ്യം.
സമാനമായൊരവസ്ഥ സാമൂഹ്യജീവിതത്തില്‍ രൂപപ്പെട്ടിരിക്കുകയാണിപ്പോള്‍. ഒരു വിഭാഗം ആളുകളെ തിരസ്കരിക്കാനുള്ള ആഹ്വാനങ്ങള്‍ മുഴങ്ങുകയും ബഹിഷ്കരിക്കുകയും ചെയ്യുന്ന അവസ്ഥ. തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും പുതിയ മുഖം. പത്തനംതിട്ടയിലെ ആറന്മുളയില് വിമാനത്താവള പദ്ധതി നടപ്പാക്കിയാല്‍ അത് പാടശേഖരങ്ങള്‍ അപ്രത്യക്ഷമാക്കി പരിസ്ഥിതിക്ക് ആഘാതമേല്‍പ്പിക്കുമെന്ന തിരിച്ചറിവില്‍ സുഗതകുമാരിയുടെ നേതൃത്വത്തില്‍ വലിയ സമരം നടന്നിരുന്നല്ലോ. കക്ഷിരാഷ്ട്രീയ വേര്‍തിരിവില്ലാതെ എല്ലാ വിഭാഗം ആളുകളെയും ഉള്‍പ്പെടുത്തി നടന്ന ഐതിഹാസിക സമരത്തിന് നേതൃത്വം നല്‍കിയത് കുമ്മനം രാജശേഖരന് എന്ന സാമൂഹ്യപ്രവര്‍ത്തകനായിരുന്നു. പിന്നീടാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതും ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷനാകുന്നതുമൊക്കെ. അതിനു ശേഷം മിസോറാം ഗവര്‍ണര്‍ എന്ന ഭരണഘടനാ ചുമതല വഹിക്കുകയും ചെയ്തു. കവി ഇഞ്ചക്കാട് ബാലചന്ദ്രന് അദ്ദേഹത്തിന്റെ അനുഭവത്തില്‍ നിന്ന്, സൗമ്യതകൊണ്ട് മനസ്സുകീഴടക്കി എന്ന ശീര്‍ഷകത്തോടെ ഫേസ്ബുക്കില്‍ കുമ്മനം രാജശേഖരനുമൊത്തുള്ള ചിത്രം പങ്കുവെച്ചതോടുകൂടി കവിക്കെതിരെ വലിയ സൈബര്‍ ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്. പുലഭ്യം വിളികളും ആക്രോശങ്ങളും ഭീഷണികളും സഹിക്കവയ്യാതെ കവിക്ക് സമൂഹമാധ്യമത്തില്‍ നിന്നു പിന്‍വലിയേണ്ടി വന്നു.
ഈ സംഭവം ഉയര്‍ത്തുന്ന വലിയൊരു ചോദ്യമുണ്ട്. കവി നേരത്തെ തന്റെ കവിതയിലൂടെ ഉന്നയിച്ച ഇവിടെ വാസം സാധ്യമോ എന്ന ചോദ്യം തന്നെയാണത്. ഒരാള്‍ക്ക് സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാന്‍ സാധിക്കാത്ത ഇടമായി മാറിയിരിക്കുന്നു നമ്മുടെ കേരളം. ഒരു രാഷ്ട്രീയ കക്ഷിക്കൊപ്പം അന്ധമായി നിലകൊണ്ടാല്‍ മാത്രം കലാകാരന്മാര്ക്കും സാഹിത്യകാരന്മാര്ക്കും ജീവിക്കാന്‍ സാധിക്കുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു കാര്യങ്ങള്‍. ഒപ്പം നില്‍ക്കുന്നവരെ പാരിതോഷികങ്ങള്‍ നല്കി വശീകരിക്കാന്‍ ശ്രമിക്കുന്നതും അതിനു സാധിക്കാതെ വരുമ്പോള്‍ ഭീഷണിപ്പെടുത്തി കൂടെ നിര്‍ത്താന്‍ നോക്കുന്നതും അതിനും സാധിക്കാതെ വരുമ്പോള്‍ പരസ്യമായി ശാരീരികാക്രമണം നടത്തുകയും ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നതും നിത്യക്കാഴ്ചയായി മാറിയിരിക്കുന്നു. ഈയിടെ, പ്രശസ്ത എഴുത്തുകാരനും വാഗ്മിയുമായ എം.എന്‍. കാരശ്ശേരിക്കെതിരെ ശാരീരികാക്രമണമുണ്ടായത് നമ്മള് കണ്ടതാണ്. കാരശ്ശേരിമാഷ് നേരിട്ട് പോലീസില്‍ പരാതിനല്‍കിയിട്ടും തന്നെയും കൂടെയുള്ള സാംസ്കാരിക പ്രവര്‍ത്തകരെയും ആക്രമിച്ചത് ഒരു ജനപ്രതിനിധിയുടെ ആളുകളാണ് എന്ന് പ്രസ്താവിച്ചിട്ടും അതിനെതിരെ പ്രതികരിക്കാന്‍പോലും ആരും ധൈര്യപ്പെട്ടില്ല. ഉത്തരേന്ത്യയിലൊരു കരിയിലയനങ്ങിയാല്പ്പോലും സടകുടഞ്ഞെഴുന്നേല്‍ക്കുന്ന സാംസ്കാരിക സിംഹങ്ങള്‍ പ്രതികരിക്കാതെ ഉറക്കം നടിച്ചു കിടന്നു.
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ അരക്ഷിതാവസ്ഥ വളര്‍ത്താനുള്ള ശ്രമങ്ങള്‍ വ്യാപകമായി നടന്നു വരികയാണ്. ഒരു വിഭാഗം ആളുകളില്‍ ഭീതി വളര്‍ത്തി വര്‍ഗ്ഗീയ കലാപമുണ്ടാക്കാനും ആളിക്കത്തിക്കാനമുള്ള ശ്രമങ്ങളും നടന്നു വരുന്നു. മാധ്യമങ്ങളിലൂടെയും കവലപ്രസംഗങ്ങളിലൂടെയും വ്യാപകമായി നുണകള്‍ പ്രചരിപ്പിക്കുമ്പോള്‍ യാഥാര്‍ത്ഥ്യം വിശദീകരിക്കുന്നതിനായി നടത്തുന്ന ശ്രമങ്ങളോട് ഈ അസഹിഷ്ണുതയുടെ ആള്‍രൂപങ്ങള്‍ സ്വീകരിക്കുന്ന സമീപനവും കവി ഇഞ്ചക്കാട് ബാലചന്ദ്രനു നേരെയുണ്ടായ സൈബര്‍ ആക്രമണവും ചേര്‍ത്തുവായിക്കണം. വിശദീകരണ പൊതുയോഗങ്ങള്‍ നടത്തപ്പെടുന്നയിടങ്ങളില് മിന്നല്‍ ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്നു. കടയടപ്പുകള്‍ നടത്തിയും ജനങ്ങളെ ഭീഷണിപ്പെടുത്തിയും വിശദീകരണ പൊതുയോഗങ്ങള്‍ നടക്കുന്ന കവലകള്‍ വിജനമാക്കുന്നു. ഇത്തരം വിശദീകരണ യോഗങ്ങളിലെ പ്രസംഗങ്ങള്‍ ശ്രവിക്കുന്നവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്തുന്നു. കോഴിക്കോട് ജില്ലയിലെ നാദാപുരത്തിനടുത്ത വളയം പ്രദേശത്ത് ഇത്തരത്തില്‍ വിശദീകരണ പ്രസംഗം കേട്ടു എന്നാരോപിച്ച് ഒരു ഗ്രാമീണ മത്സ്യവില്‍പ്പനക്കാരനെ അദ്ദേഹത്തിന്റെ തൊഴിലില്‍ നിന്നും വിലക്കുകയും ജീവനോപാധി ഇല്ലാതാക്കുകയും ചെയ്തു. മലപ്പുറം ജില്ലയില്‍ ജ്വല്ലറികള്‍ക്കു നേരെയുണ്ടായ ബഹിഷ്കരണ ആഹ്വാനങ്ങളും സ്ത്രീകളുടെ സഹകരണ സംഘങ്ങള്‍ നടത്തുന്ന ടൈലറിംഗ് യൂണിറ്റിനു നേരെയുള്ള ഒറ്റപ്പെടുത്തല്‍ ആഹ്വാനങ്ങളും ഇതിനോട് ചേര്‍ത്തു വായിക്കാം.
വേള്‍ഡ് റെഡ് ക്രോസിന്റെ കോണ്‍ഫ്ളിക്ട് റിപ്പോര്‍ട്ടിംഗ് അവാര്‍ഡ് ലഭിച്ച, ഹിന്ദു പത്രത്തിന്റെ മുന്‍ അസോസിയേറ്റ് എഡിറ്ററും പ്രശസ്ത മാധ്യമ പ്രവര്‍ത്തകനുമായ രാഹുല്‍ പണ്ഡിത എന്ന എഴുത്തുകാരന്റെ വിഖ്യാതമായൊരു ഗ്രന്ഥമുണ്ട്. ‘ഔവര്‍ മൂണ്‍ ഹാസ് ബ്ലഡ് കോട്സ’് എന്ന ആ ഗ്രന്ഥത്തില്‍, കശ്മീര്‍ താഴ്വരയില് എങ്ങിനെയാണ് പണ്ഡിറ്റ് സമൂഹത്തെ ബഹിഷ്കരണങ്ങളിലൂടെ ഒറ്റപ്പെടുത്തിയതെന്നും പിന്നീടവര്‍ക്ക് ജന്മദേശം വിട്ട് ജീവനും കൊണ്ട് പലായനം ചെയ്യേണ്ടിവന്നതെന്നും പ്രതിപാദിക്കുന്നുണ്ട്. സ്വയം അത്തരത്തില്‍ പലായനം ചെയ്യേണ്ടിവന്ന എഴുത്തുകാരന് സ്വന്തം ജീവിതത്തിലെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ആ പുസ്തകത്തിലൂടെ. ആ ഓര്‍മ്മകളെ മനസ്സിലുണര്ത്തുകയാണ് യഥാര്‍ത്ഥത്തില്‍ കേരളത്തിലെ സമകാലിക സാഹചര്യങ്ങള്‍.
തന്നെ നന്നായി അറിയുന്നവര്‍ പോലും ഒരു ചിത്രം കണ്ടതിന്റെ പേരില്‍ എഴുതിത്തള്ളുന്നതു സഹിക്കാവുന്നതിനും അപ്പുറമായി എന്ന് ബാലചന്ദ്രന് ഇഞ്ചക്കാട് കുറിക്കുന്നുണ്ട്. വിമര്‍ശിച്ചവര്‍ക്കൊക്കെ വിശദീകരണക്കുറിപ്പുകളയച്ചിട്ടുപോലും അതിനെക്കുറിച്ച് മൗനം പാലിക്കുകയും എന്തോ മഹാപരാധം ചെയ്തതുപോലെ ഒറ്റപ്പെടുത്തുകയും ചെയ്യുന്നതില്‍ കവി വ്യാകുലപ്പെടുന്നു. ഈ ഒറ്റപ്പെടുത്തല്‍ ശ്രമങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ല. ഭീഷണിപ്പെടുത്തി വായടപ്പിക്കുന്ന പ്രവണതയുടെ തുടര്‍ച്ച മാത്രമാണത്. ഇങ്ങനെയൊരു പ്രവണത നിലനില്ക്കുമ്പോള് കലാകാരന്മാര്ക്കും കവികള്‍ക്കും സാഹിത്യകാരന്മാര്ക്കും ഇവിടെ വാസം സാധ്യമോ എന്ന ചോദ്യം ഉച്ചത്തില്‍ മുഴങ്ങുന്നു.
8907308779
പ്രതികരിക്കാൻ ഇവിടെ എഴുതുക: