സര്‍വ ചിന്താം പരിത്യജ്യ
സാവധാനേന ചേതസാ
നാദ ഏവാനുസന്ധേയോ
യോഗ സാമ്രാജ്യമിച്ഛതാ 4 93
യോഗ സാമ്രാജ്യം നേടേണ്ടവര്‍ സര്‍വ ചിന്തകളെയും വിട്ട് ഏകാഗ്ര മനസ്സോടെ നാദത്തെ തന്നെ അനുസന്ധാനം ചെയ്യണം. സര്‍വ ചിന്തയെന്നാല്‍ ബാഹ്യവും ആഭ്യന്തരവുമായ വിഷയങ്ങളുടെയെല്ലാം ചിന്തകള്‍. സാവധാനം എന്നാല്‍ അവധാനത്തോടു കൂടി, അത്യന്തം ശ്രദ്ധയോടെ, ഏകാഗ്രമായി എന്നാണര്‍ഥം. മലയാളത്തില്‍ ഇതിന്ന് ‘മെല്ലെ, പതുക്കെ, വേഗത കുറച്ച്’ എന്നൊക്കെ അര്‍ഥം പറയും. അതല്ല. ശ്രദ്ധയോടെ, ഏകാഗ്രതയോടെ, ഉണര്‍വോടെ എന്നര്‍ഥമെടുക്കണം.
യോഗ സാമ്രാജ്യം എന്നത് യോഗത്തിന്റെ അനന്തസാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നു. ആ സാമ്രാജ്യത്തില്‍ ചക്രവര്‍ത്തിയാവാന്‍ നാദാനുസന്ധാനമേ വഴി. ഇവിടെ ധ്യാനമാണ് പ്രമേയം. ‘തത്ര പ്രത്യയ ഏകതാനതാ ധ്യാനം ‘ എന്ന് പതഞ്ജലി. മനസ്സിനെ ധാരണ ചെയ്ത സ്ഥാനത്ത് (തത്ര ) മറ്റു വൃത്തികളുടെ, മറ്റു ജ്ഞാനത്തിന്റെ ഇടപെടലില്ലാതെ ഇരിക്കുന്നതാണ് ധ്യാനം. ‘തൈല ധാരാവത് ‘ എന്നും വിശേഷണം പറയും. എണ്ണ (തിലത്തില്‍ നിന്ന്, എള്ളില്‍ നിന്ന് ഉണ്ടാവുന്നത് തൈലം, എള്ളെണ്ണ) ഒരു പാത്രത്തില്‍ നിന്ന് മറ്റൊരു പാത്രത്തിലേക്ക് ഒഴുകുന്നതു പോലെ, ധാര മുറിയാതെ ഒഴുകണം, മനസ്സ്. അതാണ് ധ്യാനം.
“തദ്രൂപ പ്രത്യയൈകാഗ്ര സന്തതിഃ (ഒരേ രൂപത്തിന്റെ ജ്ഞാനത്തില്‍ ഏകാഗ്രത ) അന്യനിസ്പൃഹാ തത് ധ്യാനം (മറ്റുള്ളവയില്‍ ഒട്ടും ശ്രദ്ധയില്ലാതിരിക്കല്‍ ഇത് ധ്യാനം) പ്രഥമൈഃ അംഗൈഃ ഷഡ്ഭിഃ നിഷ്പാദ്യതേ” ( ആദ്യത്തെ ആറ് അംഗങ്ങളെ കൊണ്ട് ഉണ്ടാകുന്നു) എന്ന് മണിപ്രഭാകാരന്‍ ഉദ്ധരിക്കുന്നുണ്ട്. അതായത് യമ നിയമ ആസന പ്രാണായാമ പ്രത്യാഹാര ധാരണകളാല്‍ ധ്യാനത്തിന് യോഗ്യത നേടാം എന്നര്‍ഥം.
ധാരണയില്‍ മനസ്സിനെ ഏകാഗ്രമാക്കാന്‍ പരിശ്രമം ആവശ്യമാണ്. എന്നാല്‍ ധ്യാനത്തില്‍ പരിശ്രമം വേണ്ട. ധ്യാനം പലപ്പോഴും നാമറിയാതെ എത്തിപ്പെടുന്ന അവസ്ഥയാണ്. എപ്പോള്‍ ധ്യാനത്തില്‍ പ്രവേശിച്ചു എന്ന് ധ്യാതാവിന് അറിയില്ല. ധ്യാനത്തിലേക്കു വഴുതി വീണു എന്നൊക്കെ ആലങ്കാരികമായി പറയുന്നതിതു കൊണ്ടാണ്. നാമുറങ്ങുന്ന സമയം നമുക്കറിയാത്തതുപോലെ.
നാദോന്തരംഗ സാരംഗ
ബന്ധനേ വാഗുരായതേ
അന്തരംഗ കുരംഗസ്യ
വധേ വ്യാധായതേപി ച 4 94
നാദം മനസ്സാകുന്ന മാനിനെ കുടുക്കുന്ന വലയാണ്. നാദം, പിന്നെ, ആ മാനിനെ കൊല്ലുന്ന വേടനുമാവും.
അന്തരംഗം, മനസ്സ്. സാരംഗം, കുരംഗം രണ്ടും മാന്‍ തന്നെ. വാഗുരം, വല. വ്യാധന്‍, കാട്ടാളന്‍, വേടന്‍. അന്തരംഗമാകുന്ന സാരംഗത്തെ ബന്ധിക്കുന്ന വാഗുരവും ആ കുരംഗത്തെ വധിക്കുന്ന വ്യാധനും നാദം തന്നെ. തനി കട്ടിയായ ശാസ്ത്രം പറയുമ്പോഴും ശബ്ദഭംഗിയും പ്രാസവും സര്‍വസാധാരണ വസ്തുക്കളോടുള്ള ഉപമയും യോഗി മറക്കുന്നില്ല. ശാസ്ത്രത്തിലും ഭാഷയിലും സ്വാത്മാരാമ നുള്ള അനായാസത കാണാതെ പോകരുത്
ഉയര്‍ന്ന ബോധതലത്തിലേക്കെത്താനുള്ള സാധനകള്‍ മനസ്സിനെ പൂര്‍ണമായും ലയിപ്പിക്കാന്‍ പറ്റിയതാവണം. അല്പസമയത്തേക്കെങ്കിലും മനസ്സ് ബാഹ്യചോദനകളില്‍ നിന്നും പൂര്‍ണമായും വിട്ടുനില്‍ക്കണം. തുടങ്ങുന്നത് അവിടുന്ന്, ബാഹ്യത്തില്‍ നിന്നുതന്നെയെങ്കിലും അവിടെ നിന്ന് ഉയരണം. അവയെ ഉപേക്ഷിക്കണം. ചന്ദ്രനിലേക്കു പോകു മ്പോള്‍ വീടും കൂടെ കൊണ്ടുപോകാന്‍ പറ്റില്ലല്ലൊ. വലുതു നേടാന്‍ ചെറുത് ഉപേക്ഷിക്കേണ്ടി വരും.
ബാഹ്യബോധത്തില്‍ ഇരിക്കുമ്പോള്‍ നമ്മില്‍ നിന്ന് വ്യത്യസ്തമായ വസ്തുക്കളി ലാണ് മനസ്സ്. അപ്പോള്‍ മനസ്സ് ഒരു മാസ്മരിക വലയത്തിലാണെന്നും അറിയണം. ക്രമത്തില്‍ അകത്തുള്ളതില്‍ ലയിക്കണം. അപ്പോള്‍ പുറത്തുള്ളവ വിട്ടു പോകും. അപ്പോഴാണ് ഏകാഗ്രത ലഭിക്കുന്നത്.നാദവും ഇതുതന്നെയാണ് ചെയ്യുന്നത്. അതില്‍ മുഴുകിയാല്‍ നാം ബാഹ്യ കര്‍മങ്ങള്‍ അനുഷ്ഠിക്കുമ്പോഴും ഉള്ളില്‍ നാദം മുഴങ്ങും.
ഇന്ദ്രിയവിഷയങ്ങളെ ത്യജിച്ചു കൊണ്ട് വൈരാഗ്യത്തോടെ ഏകാഗ്രത നേടുന്ന യോഗ പദ്ധതികള്‍ ധാരാളമുണ്ട്. അതു പക്ഷെ കഠിനമായ വഴിയാണ്. ഹഠയോഗം ബാഹ്യമായതിനെ ഉപയോഗപ്പെടുത്തുന്ന വഴിയാണ് ഉപയോഗിക്കുന്നത്. തിരഞ്ഞെടുപ്പ് സാധകന്റെതു തന്നെ.
(കൊച്ചി പതഞ്ജലി യോഗ
ട്രെയിനിംഗ് ആന്റ്
റിസര്‍ച്ച് സെന്റര്‍
അധ്യക്ഷനാണ്
ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: