പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിലിറങ്ങിയിരിക്കുന്നവര്‍ വാസ്തവം തിരിച്ചറിയാതെ സ്വന്തം രാഷ്ട്രത്തിനും സര്‍ക്കാരിനുമെതിരെയാണ് പ്രവര്‍ത്തിക്കുന്നത്. വ്യാജപ്രചാരണങ്ങളും തെറ്റിദ്ധാരണകളുമാണ് അവര്‍ സൃഷ്ടിക്കുന്നത്. ഭയത്തിന്റെ അന്തരീക്ഷമുണ്ടാക്കി ജനങ്ങളെ തെരുവിലിറക്കുന്നതാകട്ടെ ക്രിയാത്മകമായി പ്രവര്‍ത്തിക്കേണ്ട പ്രതിപക്ഷവും. പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് മതത്തിന്റെ പേരു പറഞ്ഞ് പൗരന്മാരെ ഭരണത്തിനെതിരെ തിരിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. കേട്ടപാതി കേള്‍ക്കാത്ത പാതി ചില മതപണ്ഡിതന്മാരും ഇവരുടെ വ്യാജപ്രചാരണങ്ങള്‍ക്ക് കീഴ്പ്പെട്ടുകഴിഞ്ഞു.
മുസ്ലിം വിഭാഗത്തെ മുഴുവന്‍ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി രാഷ്ട്രീയ ലാഭം നേടാനാണ് ശ്രമം. രാമജന്മഭൂമി കേസിലെ വിധിയും ജമ്മുകശ്മീരിന്റെ 370-ാം വകുപ്പ് എടുത്തു കളഞ്ഞതും ചിലരെയെല്ലാം വല്ലാതെ അസ്വസ്ഥരാക്കിയിരുന്നു. എന്നാല്‍ ഇതെല്ലാം രാജ്യത്തെ പൊതുസമൂഹം പക്വതയോടെ ഉള്‍ക്കൊണ്ടു. അസ്വസ്ഥരായവര്‍ക്ക് ഇപ്പോള്‍ വീണു കിട്ടിയ അവസരമാണ് പൗരത്വ ഭേദഗതി നിയമം. മതത്തിന്റെ പേരുപറഞ്ഞ് ജനത്തെ ഭരണകൂടത്തിനെതിരെ തിരിക്കുകയാണിപ്പോള്‍. മറ്റൊന്നും നോക്കാതെ ഒരു വിഭാഗം രാഷ്ട്രീയക്കാര്‍ വ്യാജപ്രചാരണങ്ങള്‍ ഇളക്കിവിട്ടു. ഇവരെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം മാധ്യമങ്ങളും മറ്റു രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും അതേറ്റു പിടിച്ചു. ആര്‍ട്ടിക്കിള്‍ പതിനാല് ഭാരതത്തിലെ പൗരന്മാര്ക്കുള്ളതാണ്. അനധികൃതമായി കുടിയേറിയവര്ക്കുള്ളതല്ല.
രാജ്യത്തെ ഒരു പൗരനെയും ഒരു തരത്തിലും ബാധിക്കാത്ത നിയമം. ഭാരതത്തില്‍ ജനിച്ച ഒരു കുട്ടിയെയും ഈ നിയമം ബാധിക്കില്ല. സത്യം ഇതായിരിക്കെ, പ്രതിഷേധങ്ങള്‍ അക്രമങ്ങളിലേക്ക് വഴിതിരിച്ചു വിടുകയും ചെയ്യുന്നു. രാഷ്ട്രീയ ലാഭത്തിനായി ഇടതു-വലതു മുന്നണികള്‍ ഇപ്പോള്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ക്ക് ഭാവിയില്‍ ഉത്തരം പറയേണ്ടി വരുമെന്ന കാര്യം തീര്‍ച്ച. മൗദൂദി – മാവോയിസ്റ്റ് വാദികളാണ് സമരങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നത്. ചില തീവ്രവാദ സംഘടനകളുടെ സ്വാധീനവും ഇല്ലെന്ന് പറയാതിരിക്കാനാവില്ല. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്നുപറഞ്ഞവരുടെ അനുയായികളും സമരങ്ങള്‍ക്ക് മുന്നിലും പിന്നിലുമുണ്ട്. ആധാര്‍ കാര്‍ഡിനെതിരെ സമരം ചെയ്തവരാണ് ഇവിടെയുള്ളത്. കമ്പ്യൂട്ടറിനും സ്വാശ്രയ കോളേജുകള്‍ക്കുമെതിരെ സമരം ചെയ്തവര്‍ ഇന്നെവിടെ നില്‍ക്കുന്നുവെന്നും സമൂഹം തിരിച്ചറിയണം.
സെമറ്റിക് മതങ്ങള്‍ക്ക് ഇത്രയധികം സ്വാതന്ത്ര്യം നല്കുന്ന രാജ്യം മറ്റൊന്നില്ല. ഇസ്ലാമിക രാഷ്ട്രങ്ങളില്‍ വെള്ളിയാഴ്ച ഖുതുബയില്‍ എന്തു വിഷയം സംസാരിക്കണം എന്നു തീരുമാനിക്കുന്നത് അവിടുത്തെ രാജാവാണ്. രാജാവ് നല്കുന്ന സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രസംഗം. എന്നാലിവിടെ ഭരണാധികാരികളെയും അവര്‍ പാസ്സാക്കുന്ന നിയമത്തെയും വിമര്‍ശിക്കാന്‍ വരെ സ്വാതന്ത്ര്യമുണ്ട് മാലിക് ദിനാറും സെന്റ് തോമസും കടന്നുവന്നപ്പോള്‍ അവര്‍ക്ക് പള്ളി പണിയാനും പള്ളിക്കൂടം പണിയാനും സ്ഥലവും സൗകര്യവും ഒരുക്കി കൊടുത്തവരാണ് ഇവിടുത്തെ ജനത. ഭാരതത്തിന്റെ സനാതന സംസ്ക്കാരത്തിന്റെ പ്രത്യേകതയാണത്.
പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ ഇന്ത്യന്‍ മുസ്ലിങ്ങളെ ദേശീയ ധാരയില്‍ നിന്ന് അകറ്റാനും ശ്രമം നടക്കുന്നുണ്ട്. മുസ്ലിം സമൂഹത്തോട് ചെയ്യുന്ന വലിയ ചതിയാണിത്. ഇതു തിരിച്ചറിയണം. ഈ സമൂഹത്തിലെ തന്നെ വിദ്യാസമ്പന്നരായവര്‍ തെറ്റിദ്ധാരണകള്‍ മാറ്റിയെടുക്കാന്‍ രംഗത്തിറങ്ങണം. ഇരുപതിലേറെയാളുകള്ക്കാണ് ഇതുവരെ ജീവന് നഷ്ടപ്പെട്ടത്. എല്ലാവരും മുസ്ലിങ്ങളുമാണ്. ആര്‍ക്കാണതിന്റെ ഉത്തരവാദിത്വം?. അവരെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറങ്ങിയവര്‍ക്ക് തന്നെയാണത്. രാഷ്ട്രീയലാഭത്തിനായി മുസ്ലീങ്ങളുടെ മൃതദേഹങ്ങള്‍ക്കായി ആര്‍ത്തിയോടെ കാത്തിരിക്കുന്ന കഴുകന്മാരാണ് കോണ്‍ഗ്രസ്സിലും ഇടതുപക്ഷത്തുമുള്ളത്. മുസ്ലിം സമുദായത്തെ വോട്ടുബാങ്ക് രാഷ്ട്രീയത്തിനായി ഉപയോഗിച്ചതല്ലാതെ അവരുടെ സാമൂഹ്യ, സാമ്പത്തിക സാഹചര്യം മെച്ചപ്പെടുത്താന്‍ ഭരണത്തിലിരിക്കുമ്പോള്‍ ഇവര്‍ ഒരു ഇടപെടലും നടത്തിയിട്ടില്ല. മുസ്ലീങ്ങള്‍ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ളത് മൂന്നരപ്പതിറ്റാണ്ട് ഇടതുപക്ഷം ഭരിച്ച ബംഗാളിലാണെന്നതും ഓര്‍ക്കണം. കേരളത്തിലുള്‍പ്പെടെ സിപിഎം കൊന്നുതള്ളിയ മുസ്ലിം ചെറുപ്പക്കാരുടെ കണക്കുകളും നമുക്ക് മുന്നിലുണ്ട്. 1987ല്‍ ഉത്തര്‍ പ്രദേശിലെ ഹാഷിംപുരയില്‍ കോണ്‍ഗ്രസ് ഭരണകാലത്താണ് പോലീസ് 42 മുസ്ലിം ചെറുപ്പക്കാരെ വെടിവെച്ച് കൊലപ്പെടുത്തിയത്. ജനാധിപത്യവും മതേതരത്വവും അംഗീകരിക്കാത്ത ജമാ അത്തെ ഇസ്ലാമിയുടെയും
പോപ്പുലര്‍ ഫ്രണ്ടിന്റെയും പ്രചാരണവും പ്രവൃത്തിയും ഏറ്റെടുത്ത് നടത്തുകയാണ് കോണ്‍ഗ്രസ്സും സിപിഎമ്മും. കേരളം ഐഎസ്സിന്റെ റിക്രൂട്ടിംഗ് കേന്ദ്രമായി മാറിയതില്‍ ഈ രണ്ട് പാര്‍ട്ടികള്‍ക്കുമുള്ള പങ്കും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.
ആകെ രണ്ടു മതങ്ങളെ ഉള്ളൂ. ഒന്ന് അഭയാര്‍ത്ഥികളുടെ മതവും രണ്ട് അനധികൃത കുടിയേറ്റക്കാരുടെ മതവും. അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്കുകയാണിവിടെ. ഭാരതത്തിന്റെ പാരമ്പര്യവും അതാണ്. അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കണമെന്നത് പൊതുനിലപാടാണ്. ഇപ്പോഴെങ്കിലും ഈ നിയമം നടപ്പാക്കിയില്ലങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. പുറത്തു നിന്നെത്തുന്നവരെ മുഴുവന്‍ ഉള്‍ക്കൊള്ളാനാവാത്ത അവസ്ഥ വരും. നമ്മുടെ രാജ്യത്തിന്റെ സ്ഥിതിയെയും ഇത് ഗുരുതരമായി ബാധിക്കും. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ചെയ്ത തെറ്റുകള്‍ എന്‍ഡിഎ സര്‍ക്കാര്‍ തിരുത്തിക്കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ആഭ്യന്തര മന്ത്രി അമിത്ഷായോടും ഭാവി ഭാരതം കടപ്പെട്ടിരിക്കുന്നു.
സമനില തെറ്റിയ കോണ്‍ഗ്രസ് നിലനില്‍പ്പിനായി തീക്കളി കളിക്കുകയാണ്. ഇതില്‍ അവര്‍ പരാജയപ്പെടുക തന്നെ ചെയ്യും. മാവോവാദി – മാര്‍ക്സിസ്റ്റ് ബന്ധം പോലെ ഇപ്പോള്‍ മാര്‍ക്സിസ്റ്റ് – മൗദൂദി ബന്ധം ഉണ്ടായിരിക്കുന്നു. കേരളത്തിലാകട്ടെ മുസ്ലീം ലീഗ് – കമ്മ്യൂണിസ്റ്റ് ബന്ധം ആരംഭിച്ചിരിക്കുന്നു. കേരളത്തിന്റെ തെരുവുകളില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്ന മുദ്രാവാക്യം അതിന്റെ സൂചനയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണിത്.
തെറ്റിദ്ധാരണ പരത്തുന്നവര്‍ അതവസാനിപ്പിച്ച് രാഷ്ട്രത്തിനൊപ്പം നില്‍ക്കണം. ദല്‍ഹി ജുമാ മസ്ജിദ് ഷാഹി ഇമാം സെയ്യദ് അഹമ്മദ് ബുഖാരിയുടെയും അജ്മീര്‍ ദര്‍ഗ ഷെരീഫ് സൈനുള്‍ അബ്ദീന് അലി ഖാന്റെയും വാക്കുകള്‍ മുസ്ലീംസമൂഹം ഏറ്റെടുക്കണം. രാഷ്ട്രത്തിന് വേണ്ടിയാണീ നിയമം.
(ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: