ഹൈന്ദവാരാധനകളില് അഭേദ്യമായ ബന്ധമുണ്ട് മഞ്ഞളിന്. താന്ത്രിക, മാന്ത്രിക ചടങ്ങുകള്‍ക്കെല്ലാം അവിഭാജ്യഘടകം. നാഗപ്രീതിയ്ക്കും മഞ്ഞളിനെ മാറ്റിനിര്‍ത്താനാവില്ല. അതിപുരാതന കാലം മുതല്‍ ഭാരതത്തില്‍ ശക്തി ആരാധനയ്ക്ക് മഞ്ഞളുപയോഗിച്ചിരുന്നു.
പൂജാ ചടങ്ങുകളുടെ ഇത്തിരി വട്ടത്തിനപ്പുറം വര്‍ഷത്തില്‍ നാലു ദിനം മഞ്ഞളില്‍ ആറാടുന്നൊരു ഗ്രാമമുണ്ട് മഹാരാഷ്ട്രയില്‍. കൊല്‍ഹാപ്പൂര്‍ ജില്ലയിലുള്ള പട്ടാന്‍ കൊഡോളി. ഇവിടെ ഗ്രാമദേവതയായ വിട്ടല ബീരദേവ് മഹാരാജിന്റെ ജന്മദിനാഘോഷത്തിലാണ് ഈ മഞ്ഞളാറാട്ട്. പരസ്പരം മഞ്ഞള്‍ വാരിയെറിഞ്ഞുള്ള ആഘോഷം.
പട്ടാന്‍ കൊളോഡിയിലെ ആട്ടിടയന്മാരുടെ ആരാധനാമൂര്‍ത്തിയാണ് വിട്ലബീര്ദേവ് (ശിവഭഗവാന്). ഗ്രാമീണരൊന്നാകെ ബീര്ദേവന്റെ പിറന്നാളാള്‍ തിമിര്ത്താഘോഷിക്കാനെത്തും. ആട്ടിടയരുടെ ആചാര്യനായ ‘ബാബ’ യെ ഘോഷയാത്രയോടെ ആനയിക്കുന്നതാണ് പ്രധാന ചടങ്ങ്. ഷോലാപ്പൂരിലെ അന്ജുന്ഗാവിലെ കേലോബ രാജ്ബാവു വാങ്മോഡെയാണ് വിട്ല ക്ഷേത്രത്തിലെ ഇപ്പോഴത്തെ ബാബ. അടുത്ത ഒരാണ്ടിലെ കൃഷി, വിളവെടുപ്പ്, കാലാവസ്ഥ ഇവയെല്ലാം കര്‍ഷകര്‍ക്ക് അനുകൂലമാണോ, അല്ലയോ എന്നത് ബാബ പ്രവചിക്കും. ഉത്സവം തുടങ്ങുന്നതിന് 17 നാള് മുമ്പ് അന്ജുന്ഗാവില് നിന്ന് കാല്‍നടയായാണ് ബാബയെത്തുന്നത്.
ബാബയെ സ്വീകരിക്കാന്‍ വര്‍ണക്കുടകളോടെ ജനങ്ങള്‍ നിരനിരയായി കാത്തു നില്ക്കും. സംഗീതസാന്ദ്രമായിരിക്കും ഘോഷയാത്ര. കൂറ്റന്‍ ആല്‍മരത്തിനു കീഴെയാണ് ബാബ ഉപവിഷ്ടനാകുന്നത്. അദ്ദേഹത്തിന്റെ ദേഹത്ത് ഭക്തര്‍ തേങ്ങാപ്പൊടിയും മഞ്ഞള്‍പ്പൊടിയും വാരിയെറിയും. പിറ്റേന്നാളാണ് ആസുരവാദ്യങ്ങളുടെ അകമ്പടിയോടെ ബാബ വിട്ല ഭൈരവ ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്നത്. ആ യാത്രയിലുടനീളം അദ്ദേഹം നൃത്തം ചെയ്തു കൊണ്ട് പ്രവചനങ്ങള്‍ നടത്തും. കന്നഡയിലാണ് പ്രവചനം. ക്ഷേത്രത്തിലെ മുഖ്യപൂജാരി കൂടെ നടന്ന് അത് മറാഠിയിലേക്ക് പരിഭാഷപ്പെടുത്തും. നാലാം ദിവസം ഉത്സവം കൊടിയിറങ്ങിയാല്‍ ബാബ തിരികെ ഗ്രാമത്തിലേക്ക് മടങ്ങും. എല്ലാ വര്‍ഷവും ഒക്ടോബറിലാണ് പട്ടാന്‍ കൊഡോളിലെ ‘മഞ്ഞള്‍ ഉത്സവം’
9400209241
പ്രതികരിക്കാൻ ഇവിടെ എഴുതുക: