കേരളത്തിലെ സങ്കീര്‍ണമായ രാഷ്ട്രീയ ചക്രവാളത്തില്‍ സൂര്യനെ പോലെ ഉദിച്ചുയര്‍ന്ന പാര്‍ട്ടിയാണ് ബിഡിജെഎസ് എന്ന ഭാരതീയ ധര്‍മ്മ ജന സേന. പാര്‍ട്ടികള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത നാട്ടില്‍ പുതിയ ഒന്നിന് എന്ത് പ്രസക്തിയെ ചോദ്യമായിരുന്നു ആദ്യം ബിഡിജെഎസ് നേരിട്ടത്.
ബൂത്തുകള്‍ തോറും പ്രവര്‍ത്തകരും കമ്മിറ്റികളും ഉണ്ടായപ്പോള്‍ പിന്നെ പരിഹാസങ്ങളുടെയും ആക്ഷേപങ്ങളുടെയും കുത്തൊഴുക്ക്. ഭരണത്തിന്റെ ശീതളച്ഛായയൊന്നുമില്ലാതെ, പ്രവര്‍ത്തകര്‍ വിയര്‍പ്പൊഴുക്കി നടത്തിയ കഠിനാദ്ധ്വാനത്തിന്റേയും പോരാട്ടങ്ങളുടെയും ഫലം ചെറുതല്ല. ബാല്യത്തില്‍ തന്നെ കേരള രാഷ്ട്രീയത്തില്‍ അവഗണിക്കാനാവാത്ത ശക്തിയാണെന്ന് തെളിയിച്ചുകൊണ്ട് എല്ലാ പ്രതിസന്ധികളെയും പരീക്ഷണങ്ങളെയും അതിജീവിച്ച് ബിഡിജെഎസ് അഞ്ചാം വര്‍ഷത്തിലേക്ക് കാലൂന്നുകയാണ്.
നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ ജനിക്കുകയും മരിക്കുകയും ചെയ്ത നാടാണ് കേരളം. വളരുന്തോറും പിളരുകയും പിളരുന്തോറും മന്ത്രിമാരുടെ എണ്ണം കൂടുകയും ചെയ്യുന്ന പാര്‍ട്ടികളുള്ള കേരളം. സംസ്ഥാനത്തെ പിന്നാക്ക ജനവിഭാഗങ്ങളുടെയും സാധാരണക്കാരുടെയും ശക്തിയും ശബ്ദവുമായി കുറഞ്ഞകാലംകൊണ്ട് ബിഡിജെഎസ് മാറി. പാവങ്ങള്‍ ചോരയും നീരും കൊടുത്ത് വെയിലും മഴയുംകൊണ്ട് വളര്‍ത്തിയ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ മതന്യൂനപക്ഷങ്ങളുടെ സംഘടിതശക്തിക്ക് മുന്നില്‍ നടുവളച്ച് മുണ്ട് അരയില്‍കെട്ടി ഓച്ഛാനിച്ച് നില്‍ക്കുന്നത് കണ്ടവരാണ് നാം. പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്ക വിഭാഗങ്ങള്‍ ഇത്രത്തോളം അവഗണിക്കപ്പെട്ട, ചൂഷണം ചെയ്യപ്പെട്ട സംസ്ഥാനം കേരളമല്ലാതെ മറ്റൊന്നില്ല. പിന്നാക്കക്കാര്‍ക്ക് അന്നമേകിയ പരമ്പരാഗത വ്യവസായങ്ങള്‍ ഒന്നൊന്നായി നാശത്തിലേക്ക് വീണപ്പോള്‍ വഴിയാധാരമായത് ലക്ഷക്കണക്കിന് കുടുംബങ്ങളാണ്. ഇവര്‍ക്ക് അന്നം മുടങ്ങാതിരിക്കാന്‍ ചെറുവിരലനക്കാതെ, കൊടുത്തവര്‍ക്ക് തന്നെ വാരിക്കോരിക്കൊടുത്ത് രസിക്കുകയായിരുന്നു ഇടതു വലതു സര്‍ക്കാരുകള്‍. ആശ്രയിച്ചവരാല്‍ വഞ്ചിക്കപ്പെട്ട ജനങ്ങളുടെ ശക്തിയാണ് ബിഡിജെഎസിലൂടെ പുറത്ത് വന്നത്. അതിനിയും തുടരും.
ബിഡിജെഎസിന്റെ കൊടിപിടിച്ച കുറ്റത്തിന് ആക്രമിക്കപ്പെട്ടവരും ആക്ഷേപിക്കപ്പെട്ടവരും പലവിധ ഉപദ്രവങ്ങള്‍ക്ക് വിധേയരായവരും ആയിരങ്ങളാണ്. അത്തരം പീഡനങ്ങള്‍ നേരിട്ടവരുടെ മനസ്സും പ്രാര്‍ത്ഥനയുമാണ് ഈ പാര്‍ട്ടിയുടെ ശക്തി.എന്‍ഡിഎയുടെ ഘടകകക്ഷിയായതിന്റെ പേരില്‍ ബിഡിജെഎസിനെ ആക്ഷേപിക്കുന്ന ഇടതു വലതു മുന്നണികളും അവരുടെ ഘടക കക്ഷികളും വര്‍ഗീയ ഭീകരവാദ പാര്‍ട്ടികളുടെയും പിന്തുണക്കായി അത്താഴം വിളമ്പി പായ വിരിച്ചവരാണെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. അവരാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണക്കുന്നതിന്റെ പേരില്‍ ബിഡിജെഎസിനെ പരിഹസിക്കുന്നത്.
വിശപ്പടക്കാന്‍ മണ്ണുതിന്നേണ്ടി വരുന്നവരുടെ കേരളം, അന്നം ചോദിക്കാതെ എടുത്ത ആദിവാസിയെ തല്ലിക്കൊന്ന കേരളം, സ്വന്തം പാര്ട്ടിക്കാരന് പിഎസ്സി ചോദ്യപേപ്പര്‍ ചോര്‍ത്തിക്കൊടുക്കുന്ന കേരളം, നടുറോഡില്‍ പെണ്ണുങ്ങളെ ബലാത്സംഗം ചെയ്ത് തലക്കടിച്ചു കൊല്ലുന്ന കേരളം, മതതീവ്രവാദം മൂത്ത് സിറിയയ്ക്ക് പോകുന്നവരുടെ കേരളം, സഹോദരിമാരെ പീഡിപ്പിച്ച് കൊന്നവരെ രക്ഷിക്കാന്‍ രാഷ്ട്രീയക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളും കൈകോര്‍ക്കുന്ന കേരളം, ഒരുചെറിയ പാലം പോലും പണിയാന്‍ കെല്‍പ്പില്ലാത്ത സര്‍ക്കാരുകള്‍ ഭരിക്കുന്ന കേരളം. അത്തരം ‘ബഹുമതി’കള്‍ ഒരുപാടുള്ള സംസ്ഥാനമാണ് വടക്കുനോക്കിയിരുന്ന് കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും എതിര്‍ക്കുന്നത്.
ഇത്തരം ഇരട്ടത്താപ്പുകള്‍ക്കുള്ള മറുപടിയായിരുന്നു ബിഡിജെഎസ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ രംഗപ്രവേശം. കപട രാഷ്ട്രീയത്തിനുള്ള മറുപടി. ആദ്യമായി ആ പാര്‍ട്ടിയെ ഇരുകൈയും നീട്ടി സ്വീകരിച്ചത് ബിജെപിയും ദേശീയ ജനാധിപത്യ സഖ്യവുമാണ്. കേരളത്തിലെ അവസരവാദ രാഷ്ട്രീയത്തിനുള്ള ഏറ്റവും നല്ല മരുന്നാണ് എന്‍ഡിഎ സഖ്യം. ബിഡിജെഎസ് സഖ്യത്തിന്റെ ഭാഗമായതോടെ വോട്ടിങ് രീതികളിലും അതിന്റെ പ്രതിഫലനമുണ്ടായി. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ തോല്പ്പിക്കാനായി ബദ്ധവൈരികളായി പറയപ്പെടുന്ന ഇടതു വലതു മുന്നണികള്‍ നടത്തിയ രാഷ്ട്രീയ നാടകങ്ങള്‍ ജനങ്ങള്‍ക്കും മനസ്സിലായിട്ടുണ്ട്.
2015ല്‍ കേരളം ഇളക്കി മറിച്ച സമത്വമുന്നേറ്റ യാത്രയ്ക്ക് ശേഷം ഡിസംബര്‍ അഞ്ചിന് തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് തിരമാലകള്‍ പോലെ ഒഴുകിയെത്തിയ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ബിഡിജെഎസ് പിറവികൊണ്ടപ്പോള്‍ ഉയര്‍ത്തിയ ഒരു നിലപാടുണ്ട്. സാമൂഹ്യനീതിക്ക് വേണ്ടി എന്നും പാവപ്പെട്ടവര്‍ക്കൊപ്പമുണ്ടാകുമെന്ന പ്രഖ്യാപനം. നിലപാടുകളില്‍ വെള്ളം ചേര്‍ക്കാനോ, സ്വാര്‍ത്ഥലാഭത്തിന് വേണ്ടി വന്ന വഴി മറക്കാനോ, ഒപ്പം നിന്നവരെ ഒറ്റുകൊടുക്കാനോ, നാലുവോട്ടിന് വേണ്ടി നടുവളയ്ക്കാനോ, വിഭവങ്ങള്‍ പങ്കിടുമ്പോള്‍ വിവേചനം കാണിക്കാനോ ബിഡിജെഎസ് തയ്യാറല്ല. ഇത് പാവപ്പെട്ടവന്റെ, അവഗണിക്കപ്പെട്ടവന്റെ, വഞ്ചിക്കപ്പെട്ടവന്റെ പാര്‍ട്ടിയാണ്.എല്ലാവര്ക്കും തുല്യനീതിയെന്നത് മാത്രമാണ് നമ്മുടെ മുദ്രാവാക്യം.
അഭിമാനത്തോടെ എന്‍ഡിഎയ്ക്കൊപ്പം
സാമൂഹിക നീതിയുടെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് രൂപം കൊണ്ട ബിഡിജെഎസ്, എന്‍ഡിഎയുടെ ഭാഗമായത് ചരിത്രപരമായ ദൗത്യം നിറവേറ്റാനാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വീണ്ടും അധികാരത്തിലെത്തിയ ദേശീയ ജനാധിപത്യ സഖ്യ സര്‍ക്കാര്‍ ആറു മാസം പിന്നിട്ടു. ദരിദ്രരുടെയും അവഗണിക്കപ്പെട്ടവരുടെയും കര്‍ഷകരുടെയും സ്ത്രീകളുടെയും യുവജനതയുടെയും മദ്ധ്യവര്‍ഗത്തിന്റെയും പട്ടികജാതി, പട്ടികവര്‍ഗക്കാരുടെയും ജീവിതം മെച്ചപ്പെടുത്താന്‍ സഹായകമായ ഭാവനാസമ്പന്നമായ നടപടികള്‍ നടപ്പിലാക്കിയ തിളക്കത്തിലാണ് മോദി സര്‍ക്കാര്‍. ബിഡിജെഎസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളും ഇതുതന്നെയാണ്.
അസാധ്യമെന്ന് പറഞ്ഞു പതിഞ്ഞ പലതും സാധ്യമാണെന്ന് തെളിയിക്കാന്‍ രണ്ടാം മോദി സര്‍ക്കാരിനു കഴിഞ്ഞു. 370-ാം വകുപ്പ് റദ്ദാക്കല്‍, മുത്തലാഖ് ബില്‍, അയോദ്ധ്യ വിധിക്കുശേഷമുള്ള സമാധാനം,അന്താരാഷ്ട്രരംഗത്ത് നരേന്ദ്രമോദിയുടേയും ഭാരതത്തിന്റേയും സ്വീകാര്യത വര്‍ദ്ധിക്കല്‍, സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഒപ്പുവെക്കില്ലന്ന ഉറച്ച തീരുമാനം, കര്‍ഷകര്‍ക്ക് ആറായിരം രൂപയുടെ വാര്‍ഷിക സഹായമായ പി.എം. കിസാന്‍ പദ്ധതി, സ്വച്ഛ്ഭാരത്, ഒറ്റത്തവണ പ്ലാസ്റ്റിക്കുകളുടെ ഉപയോഗം ഒഴിവാക്കല്‍ എന്നീ പദ്ധതികളെയും നിലപാടുകളെയും രാജ്യം തുറന്ന മനസ്സോടെയാണ് സ്വീകരിച്ചത്.
ലോകം മുഴുവന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ വിഷമിക്കുമ്പോള്‍ വലിയ പരിക്കില്ലാതെ രാജ്യം മുന്നോട്ടു പോകുന്നു എന്നത് നിസ്സാരകാര്യമല്ല. ഇന്ത്യ അടുത്തുതന്നെ അഞ്ചു ലക്ഷം കോടി ഡോളര്‍ സമ്പദ്വ്യവസ്ഥയാകും. നികുതി, തൊഴില്‍, ബാങ്കിങ് പരിഷ്കാരങ്ങളിലൂടെയും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ശക്തി പ്രാപിക്കുകയാണ്.നികുതിനിരക്കുകള്‍ ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നായി മാറുകവഴി ഭാരതം ലോകത്തിലെ ഏറ്റവും മത്സരാധിഷ്ഠിതമായ സമ്പദ്വ്യവസ്ഥകളിലൊന്നാവുന്നു. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാര്‍ട്ടപ്പ് സംവിധാനമുള്ള രാജ്യം ഭാരതമാണ്. ഇതുകൊണ്ടെല്ലാം തന്നെ അഭിമാനത്തോടെ നമുക്കും പറയാം. നമ്മുടേതാണ് മോദി സര്‍ക്കാര്‍.(ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനും എന്‍ഡിഎ കണ്‍വീനറുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: