ശൈവാംശമായ് പിറന്ന ദിവ്യതേജസ്സിന് ജന്മലക്ഷ്യം പൂര്‍ത്തിയാക്കി തിരികെ മടങ്ങേണ്ട നേരമായി. 1918 ഒക്ടോബര്‍ 15 ന് വിജയദശമി നാളിലായിരുന്നു ബാബയുടെ മഹാസമാധി. ഒരാഴ്ച മുമ്പു തന്നെ ബാബ അസാധാരണമായ ശാരീരികാസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.
വരാനിരിക്കുന്ന വേര്‍പാട് തിരിച്ചറിഞ്ഞതു പോലെ ഭക്തര്‍ ബാബയ്ക്ക് അരികിലിരുന്ന് പുരാണപാരായണം തുടങ്ങി. ക്ഷീണിതനെങ്കിലും ചുമരില്‍ ചാരിയിരുന്ന് ബാബ ശ്രദ്ധാപൂര്‍വം അത് കേട്ടിരുന്നു. അവസാനനാളുകളില്‍ ഷാമയും ചന്ദ്രോര്‍ക്കറും സദാ സമയവും ബാബയ്ക്ക് കൂട്ടിരുന്നു. ആരെയും അദ്ദേഹത്തിനരികില്‍ ചെല്ലാന്‍ അവര്‍ അനുവദിച്ചിരുന്നില്ല. നാളുകള്‍ പിന്നിടുന്തോറും ബാബ കൂടുതല്‍ കൂടുതല്‍ അവശനായി. എങ്കിലും ഭക്തരോട് സംവദിക്കുന്നതു തുടര്‍ന്നു. ദ്വാരകാമായിയോടു ചേര്‍ന്നുള്ള നാലു വീടുകളില്‍ ഭിക്ഷയ്ക്ക് പോകുന്ന പതിവും മുടക്കിയില്ല. കിട്ടുന്ന ഭക്ഷണത്തില്‍ ഒരു പിടിയെടുത്ത് ഉദി( ഹോമകുണ്ഡം) യിലിടും. ബാക്കിയുള്ളത് പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും വീതിക്കും.
ഒക്ടോബര്‍14 ന് രാത്രി ദ്വാരകാമായിയില്‍ എല്ലാവരേയും അത്ഭുതപ്പെടുത്തിയ ഒരു സംഭവമുണ്ടായി. അവശനായി കിടന്നിരുന്ന ബാബ പെട്ടെന്ന് ചാടിയെണീറ്റു. കൈയില്‍ കരുതുന്ന വടി കൊണ്ട് തറയില്‍ അടിക്കാന്‍ തുടങ്ങി. ആരെയെന്നില്ലാതെ ഉറക്കെ ശാസിച്ചുകൊണ്ടിരുന്നു. ഷാമയും ചന്ദ്രോര്‍ക്കറും ബാബയെ അനുനയിപ്പിച്ച് കാര്യമെന്തെന്ന് അന്വേഷിച്ചു. ‘ ഖര്പാഡെയുടെഅമരാവതിയിലെ വീട്ടില്‍ കള്ളന്മാര് കയറി. ഞാന്‍ അവരെ ഓടിക്കുകയായിരുന്നു. ‘ ബാബ പറഞ്ഞു. ബാബയുടെ പ്രധാനശിഷ്യരില്‍ ഒരാളായിരുന്നു ഖര്‍പാഡെ. കള്ളന്മാര് കയറിയെന്നത് വാസ്തവമായിരുന്നു. ദേഹം ദേഹിയുമായി പിരിയാനിരിക്കുമ്പോഴും ആ ദിവ്യാത്മാവ് ചിന്തിച്ചത് തന്നെത്തേടിയെത്തുന്ന അശരണരെക്കുറിച്ചാണ്. മരണത്തോടു മല്ലടിച്ചു കഴിഞ്ഞ അരുമശിഷ്യന് താത്യാപാട്ടീലിനെ കുറിച്ചുള്ള ആധി ബാബയെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു.
പിറ്റേന്നു രാവിലെയും ബാബയുടെ സാന്നിധ്യത്തില്‍ പ്രഭാത ആരതി നടത്തി. 11 മണിക്ക് മധ്യാഹ്ന ആരതിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ആരതി തുടങ്ങി. അന്നേരം ബാബയുടെ മുഖത്ത് എന്തെന്നില്ലാത്തൊരു ചൈതന്യം നിറയുന്നത് ഭക്തര്‍ സശ്രദ്ധം വീക്ഷിച്ചു. മാരുതിയായി, ദത്താത്രേയനായി, ശ്രീരാമദേവനായി, ഭഗവാന് കൃഷ്ണനായി വ്യത്യസ്ത രൂപഭാവങ്ങളില്‍ ആ മുഖം ഭക്തര്‍ക്കു മുമ്പില്‍ തെളിഞ്ഞു. ആരതി കഴിഞ്ഞു. എല്ലാവരോടും പെട്ടെന്ന് തന്നെ തിരികെ പോകാന്‍ ബാബ പറഞ്ഞു. ആളുകളെല്ലാം വീടുകളിലേക്ക് മടങ്ങി. വൈകാതെ ബാബ അതിരൂക്ഷമായി ചുമയ്ക്കാന്‍ തുടങ്ങി. തുടര്‍ന്ന് രക്തം ഛര്‍ദിച്ചു.
ആ നേരത്താണ് രോഗശയ്യയിലായിരുന്ന താത്യാ പാട്ടീലിന്റെ ആരോഗ്യസ്ഥിതിയില്‍ അത്ഭുതാവഹമായ മാറ്റമുണ്ടായത്. താത്യായുടെ ഹൃദയമിടിപ്പ് നേരെയായി. അസുഖമെല്ലാം ഭേദമായി കിടക്കയില്‍ നിന്നെണീക്കാവുന്ന അവസ്ഥയിലെത്തി. അതും ഞൊടിയിടയ്ക്കുള്ളില്‍! ബാബയെ കാണണമെന്ന് അലറി വിളിച്ച താത്യായെ എല്ലാവരും ചേര്‍ന്ന് ദ്വാരകാമായിയിലെത്തിച്ചു. തനിക്ക് ഈ ‘ പുനര്ജന്മം ‘ നല്‍കിയത് ബാബ മാത്രമാണെന്ന് താത്യയ്ക്ക് മനസ്സിലായി. താത്യയെ ബാബ നെഞ്ചോടു ചേര്‍ത്ത് അനുഗ്രഹിച്ചു. ഷാമയെ വിളിച്ച് താത്യയെ വീട്ടിലെത്തിക്കാന്‍ ഏര്‍പ്പാടാക്കി.
ഉച്ചയ്ക്ക് 2.30. ബയ്യാജിയെന്ന ശിഷ്യനെ വിളിച്ച് തനിക്ക് ജീവന് വെടിയാനുള്ള നേരമായെന്ന് അറിയിച്ചു. ദ്വാരകാമായിയോടു ചേര്‍ന്നുള്ള ബൂട്ടിവാഡയില് ദേഹം അടക്കം ചെയ്യണമെന്നും അവിടെ ഭക്തര്‍ക്ക് തുണയായി തന്റെ സാന്നിധ്യം എക്കാലവും ഉണ്ടാകുമെന്നും ഓര്‍മിപ്പിച്ചു. പെട്ടെന്ന് അസാധാരണമായൊരു തേജസ്സ് അവിടെയെങ്ങും നിറഞ്ഞു. നിമിഷങ്ങള്‍ക്കകം ഷിര്‍ദിയിലെ അവധൂതന് പരമാത്മാവില്‍ വിലയം പ്രാപിച്ചു.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: