ഊരും പേരുമറിയാതെ ഷിര്‍ദിയിലെത്തിയ ബാബ. ആ പുണ്യാത്മാവിന്റെ ദിവ്യത്വം തിരിച്ചറിഞ്ഞത് മഹാലസ്പതിയായിരുന്നു. സായ് എന്ന പേരു ചൊല്ലു വിളിച്ചതും അദ്ദേഹം തന്നെ. മഹാലസ്പതിയുടെ ഉറ്റ സുഹൃത്തുക്കളായിരുന്നു കന്‍ഷിറാം ഷിംപിയും അപ്പാ ജാഗ്ലെയും. മൂവരും
പിന്നീട് ബാബയുടെ അടിയുറച്ച ഭക്തരായി. ദ്വാരകാമായിയിലെത്തുന്ന സംന്യാസിമാര്‍ക്കും ഭക്തര്‍ക്കും വേണ്ട സൗകര്യങ്ങളെല്ലാം ചെയ്തിരുന്നതും അവരായിരുന്നു.
ലൗകിക ജീവിതത്തില്‍ സുഖത്തിനോ സമ്പത്തിനോ മുട്ടില്ലാതിരുന്നിട്ടും ബാബയുടെ
പാദസേവയില്‍ ഷിംപി ആനന്ദം കണ്ടെത്തി. വസ്ത്രവ്യാ
പാരിയായിരുന്നു ഷിംപി. ബാബയ്ക്ക് ആവശ്യാനുസരണം വസ്ത്രം ( നീളന്‍ കുപ്പായം) നല്കിയിരുന്നതും ഷിം
പിയായിരുന്നു.
ദ്വാരകാമായിയിലെ ഹോമകുണ്ഡത്തിലേക്കുള്ള വിറക് പതിവു തെറ്റാതെ ഷിംപി എത്തിക്കും. എല്ലാ ദിവസവും അദ്ദേഹം അതിരാവിലെ തന്നെ ബാബയെ ദര്‍ശിക്കാനെത്തും. അതുകഴിഞ്ഞ് രണ്ടു പൈസാ നാണയം ബാബയുടെ കാല്ക്കല് വയ്ക്കും. അതിന് മുടക്കം വരുത്തില്ല.
ദരിദ്രര്‍ക്കു നല്‍കാനായി അന്ന് ഭക്തരില്‍ നിന്ന് ബാബ ദക്ഷിണ സ്വീകരിക്കാറില്ലായിരുന്നു. പക്ഷേ ഷിംപി സ്നേഹാദരങ്ങളോടെ നല്കുന്ന നാണയം ഒരിക്കലും വേണ്ടെന്നു വയ്ക്കാറില്ല. വേണ്ടെന്നു പറഞ്ഞാല്‍ കൊച്ചു കുട്ടികളെപ്പോലെ ഷിംപി ബാബയുടെ കാല്ക്കലിരുന്ന് കരയും.
ഷിര്ദിക്കു സമീപമുള്ള ഗ്രാമങ്ങളിലെല്ലാം ഷിംപി വസ്ത്രവ്യാപാരത്തിനായി പോകുക പതിവാണ്. . ഒരിക്കല്‍ നാവൂര് ബാസാറില്‍ നിന്ന് കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഷിം
പി. വഴിയില്‍ കൊള്ളക്കാര്‍ ആക്രമിച്ചു. കൈയിലുള്ള പണവും വില്പനകഴിഞ്ഞ് ശേഷിച്ചിരുന്ന വസ്ത്രങ്ങളുമെല്ലാം അവര്‍ തട്ടിയെടുത്തു. എന്നാല്‍ ഒരു കൊച്ചു പൊതിക്കെട്ട് മാത്രം ഷിംപി വിട്ടു കൊടുത്തില്ല. ഉറുമ്പുകള്‍ക്ക് നല്കാന് എപ്പോഴും ഒരു പൊതി പഞ്ചസാര കരുതാറുണ്ടായിരുന്നു. അതു മാത്രം കൈവിടാന്‍ അദ്ദേഹത്തിന് മനസ്സു വന്നില്ല.
പൊതിയില്‍ അമൂല്യമായതെന്തോ ഉണ്ടാകുമെന്ന് കൊള്ളക്കാര്‍ സംശയിച്ചു. അവര്‍ ഷിംപിയെ അതിക്രൂരമായി ആക്രമിച്ചു. മുറിവേറ്റ് താഴെ കിടന്ന ഷിംപി അരികിലൊരു വാള് കിടക്കുന്നതു കണ്ടു. രക്തം വാര്‍ന്ന് തളര്‍ന്നിട്ടും എന്തെന്നില്ലാത്ത ഊര്‍ജവും ശക്തിയും ഷിംപിയില് നിറഞ്ഞു. കൊള്ളക്കാരില്‍ രണ്ടു പേരെ അദ്ദേഹം വാള് കൊണ്ട് വെട്ടിക്കൊന്നു. പിന്നെ അദ്ദേഹം തളര്‍ന്നു വീണു. ഷിംപി മരിച്ചെന്നു കരുതി മറ്റു കൊള്ളക്കാര്‍ സ്ഥലം വിട്ടു. കുറേനേരം കഴിഞ്ഞ് അതുവഴി വന്ന യാത്രക്കാരാണ് ഷിം
പിയെ രക്ഷിച്ചത്. അവരുടെ പരിരിചരണത്താല് ബോധം വീണ്ടെടുത്ത ഷിംപി തന്നെ എങ്ങനെയെങ്കിലും ദ്വാരകാമായിയല്‍ എത്തിക്കണമെന്ന് അപേക്ഷിച്ചു. അങ്ങനെ അവര്‍ ഷിര്‍ദിയിലേക്ക്
പുറപ്പെട്ടു.
ഷിംപി ആക്രമിക്കപ്പെട്ട സമയത്ത് ദ്വാരകാമിയിലിരുന്ന് ബാബയ്ക്കത് അറിയാനായി. അതീവ ശാചനായി ഭക്തരോട് സംസാരിച്ചു കൊണ്ടിരുന്ന ബാബ പെട്ടെന്ന് ആക്രോശത്തോടെ ചാടിയെണീറ്റു. ആരെയെന്നില്ലാതെ ചീത്തവിളിക്കാന്‍ തുടങ്ങി. പിന്നെ കൈയിലിരുന്ന ദണ്ഡെടുത്ത് വെട്ടാനോങ്ങുന്നതു പോലെ വീശി.
അങ്ങ് അകലെയിരുന്ന്, ഷിം
പിയുടെ പ്രാണന് പൊലിയാതെ കാക്കുകയായരുന്നു ബാബ. കുറച്ചു നേരം കഴിഞ്ഞപ്പോഴേക്കും മൃതപ്രായനായ ഷിംപിയെയും കൊണ്ട് ആളുകള്‍ ദ്വാരകാമായിയിലെത്തി. ബാബ വാത്സല്യത്തോടെ ഷിംപിയുടെ ദേഹം തലോടി. പരിചരിക്കാനായി ഷാമയെയാണ് ബാബ ഏര്‍പ്പാടാക്കിയത്. നാളുകള്‍ക്കകം ഷിംപി ആരോഗ്യം വീണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: