കൊല്‍ക്കത്തയില്‍ 1948 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രണ്ടാം സമ്മേളനം. ബി.ടി. രണദിവെ ആയിരുന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി. ഇന്ത്യക്ക് ലഭിച്ച സ്വാതന്ത്ര്യം കള്ളമാണെന്നും ശരിയായ സ്വാതന്ത്ര്യം ഇതല്ലെന്നും രണദിവെ വാദിച്ചു. യഥാര്‍ത്ഥ സ്വാതന്ത്ര്യം കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരം പിടിച്ചാല്‍ മാത്രമെന്നായിരുന്നു രണദിവയുടെയും കൂട്ടരുടെയും സിദ്ധാന്തം. ഇത് അന്താരാഷ്ട്ര രാഷ്ട്രീയത്തിന്റെ ചുവടുപിടിച്ച് ഉണ്ടായതാണെന്നുറപ്പ്. റഷ്യയില്‍ ആദ്യം ജനാധിപത്യവാദികളുമായി ഒത്തുചേര്‍ന്ന് സര് ചക്രവര്‍ത്തിയെ സ്ഥാനഭൃഷ്ടനാക്കുകയും അതുകഴിഞ്ഞ് കൂടെയുള്ള ജനാധിപത്യവാദികളെ കൊന്നുതള്ളുകയുമായിരുന്നല്ലോ ലെനിന്റെ പരിപാടി. അതുപോലെ ബ്രിട്ടീഷുകാര്‍ പോയ ഒഴിവില്‍ സായുധാക്രമണം കൊണ്ട് ഇന്ത്യയുടെ ഭരണം കമ്യൂണിസ്റ്റുകള്‍ പിടിച്ചെടുക്കണമെന്നായിരുന്നു രണദിവെയുടെ കണ്ടെത്തല്‍. അതിനുവേണ്ടി കൊല്‍ക്കത്ത പാര്‍ട്ടി സമ്മേളനത്തില്‍ ജനാധിപത്യ വിപ്ലവത്തിനായുള്ള നടപടികള്‍ അവതരിപ്പിക്കപ്പെട്ടു. ‘കല്‍ക്കട്ട തീസിസ്’ എന്നാണ് പൊതുവേ അത് അറിയപ്പെടുന്നത്.
സ്റ്റാലിന് നയം
കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തില്‍ രാജ്യമെങ്ങും വന്‍ ആക്രമണം അഴിച്ചുവിട്ടു. പുതിയതായി അധികാരമേറ്റ സര്‍ക്കാര്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയ സന്ദര്‍ഭം. ഇന്ത്യയുടെ അഖണ്ഡത തകര്‍ത്ത് ചെറിയ നാട്ടുരാജ്യങ്ങള്‍ സ്വതന്ത്രമാക്കി സോവിയറ്റ് യൂണിയന്റെ സഹായത്തോടെ ഭരിക്കാമെന്നായിരുന്നു കമ്യൂണിസ്റ്റുകളുടെ കണക്കുകൂട്ടല്‍. സര്‍ദാര്‍ പട്ടേലിന് ഇതുപോലെയുള്ള പ്രവര്‍ത്തനങ്ങളുടെ വ്യക്തമായ വിവരങ്ങള്‍ ഇന്റലിജന്‍സ് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ് നാഷണല്‍ ആര്‍ക്കൈവുകളിലുണ്ട്. 1948 മാര്‍ച്ചില്‍ കൊല്‍ക്കത്ത സമ്മേളനത്തില്‍ പൊതുവേ മിതവാദിയായിരുന്ന പി.സി. ജോഷിയെ സിപിഐയുടെ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റി രണദിവെയെ പ്രതിഷ്ഠിച്ചതിന് പിന്നിലും വിദേശ ഇടപെടലുണ്ടായിരുന്നു. റഷ്യക്കാര്‍ സമ്മേളനത്തില്‍ നേരിട്ട് പങ്കെടുക്കുത്തു. ഇവരുടെ സഹായത്താലാണ് പി.സി. ജോഷിയെ പുറത്താക്കിയതെന്ന് സര്‍ദാര്‍ പട്ടേലിന് ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. യുഗസ്ലോവ് എന്ന റഷ്യക്കാരനായിരുന്നു ഇതിന് ചുക്കാന്‍ പിടിച്ചത്.
രണാദിവെയുടെ അക്രമപരമ്പരകള്‍ അന്ന് സര്‍ദാര്‍ പട്ടേലും നെഹ്റു സര്‍ക്കാരും അടിച്ചമര്‍ത്തി. അങ്ങനെ ജനാധിപത്യ വിപ്ലവം എന്ന ഓമനപ്പേരില്‍ വിളിച്ച അധികാരം പിടിച്ചെടുക്കല്‍ ഇന്ത്യയില്‍ നടക്കില്ലെന്ന് സിപിഐ നേതാക്കള്‍ക്ക് മനസിലായി. അതോടെ അജയ് ഘോഷ്, ബസവ പുന്നയ്യ, എസ്.എ. ഡാങ്കേ, രാജശേഖര റാവു എന്നിവര്‍ സ്റ്റാലിനെ നേരിട്ടുകണ്ട് ഉപദേശം വാങ്ങാന്‍ റഷ്യയിലേക്ക് യാത്രയായി. കേട്ടാല്‍ തമാശ തോന്നുന്ന ചോദ്യങ്ങളുമായായിരുന്നു അവരുടെ യാത്ര.
ഇന്ത്യന്‍ സമൂഹം എന്താണ്? 1947ല്‍ എന്ത് സ്വാതന്ത്ര്യമാണ് ഇന്ത്യക്ക് ലഭിച്ചത്? അത് ശരിയായ സ്വാതന്ത്ര്യമോ അതോ കപട സ്വാതന്ത്ര്യമോ? കോണ്‍ഗ്രസ് പാര്‍ട്ടി എന്താണ്? റഷ്യയിലിരിക്കുന്ന സ്റ്റാലിനോട് ഇത്തരം ചോദ്യങ്ങള്‍ ചേദിക്കാനാണ് തങ്ങള്‍ പോയതെന്ന് പിന്നീട് ബസവ പുന്നയ്യ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇംഗ്ലീഷ് പോലുമറിയാത്ത റഷ്യയിലിരിക്കുന്ന സ്റ്റാലിന് പറഞ്ഞിട്ട് വേണോ ഇവര്‍ക്ക് ഇന്ത്യന്‍ സമൂഹം എന്താണെന്ന് തിരിച്ചറിയാന്‍. ഇവര്‍ ഇത്രത്തോളം തലമരവിച്ച കൂട്ടരാണെന്ന് തെളിയിക്കാന്‍ ഇതിലും വലിയ ഉദാഹരണമില്ല. എങ്കിലും സ്റ്റാലിന് പറഞ്ഞ പോംവഴികള്‍ കൂട്ടിചേര്‍ത്ത് ”പാര്‍ട്ടി പരിപാടി” മാറ്റിയെഴുതുകതന്നെ ചെയ്തു. ഗുണമൊന്നുമില്ലെന്നത് മറ്റൊരുകാര്യം. എന്നാല്‍, നെഹ്റു ചേരിചേരാനയമെന്ന നിലയില്‍ റഷ്യന്‍ ചേരിയിലേക്ക് അടുത്തു തുടങ്ങിയതോടെ സ്റ്റാലിനും പിന്നീട് വന്ന റഷ്യന്‍ ഭരണാധികാരികള്‍ക്കും കമ്യൂണിസ്റ്റുകാര്‍ തലവേദനയായെന്ന് വേണം കരുതാന്‍. നെഹ്റു കുടുംബത്തിന്റെ വിധേയത്വം ഉറാപ്പാക്കിയാല്‍ ഇന്ത്യയെന്ന മഹാരാജ്യത്തെ സാമന്തരാജ്യമായി കിട്ടുമെന്ന് റഷ്യക്കാര്‍ സ്വപ്നംകണ്ടു. ബുദ്ധിയുറച്ചിട്ടില്ലാത്ത ഈ കമ്യൂണിസ്റ്റുകാരെകൊണ്ട് അവര്‍ക്ക് എന്താവശ്യം.
പക്ഷംപിടിച്ച കാലം
അപ്പോഴാണ് ചൈനയില്‍ മാവോസെതൂങ്ങിന്റെ ഭരണകൂടം നിലവില്‍ വരുന്നത്. റഷ്യയും ചൈനയും തമ്മില്‍ അന്‍പതുകളുടെ തുടക്കത്തിലേ ചെറിയ പിണക്കങ്ങള്‍ രൂപപ്പെട്ടിരുന്നു. റഷ്യയുടെ സഹായം ചൈനയ്ക്ക് വേണ്ടരീതിയില്‍ ലഭിയ്ക്കുന്നില്ല എന്ന് മാവോയ്ക്ക് അഭിപ്രായമുണ്ടായി. എന്നാല്‍ സ്റ്റാലിന്റെ കാലം കഴിഞ്ഞ് നികിതക്രൂഷ്ചേവ് അധികാരത്തിലെത്തിയതോടെ സംഭവം വഷളായി. 1953ല്‍ ആയിരുന്നു സ്റ്റാലിന്റെ അന്ത്യം. ഏകാധിപതിയായിരുന്നു സ്റ്റാലിന് എന്നൊക്കെയുള്ള ക്രൂഷ്ചേവിന്റെ പരാമര്‍ശങ്ങള്‍ ചൈനീസ് കമ്യൂണിസ്റ്റുകളെ വീണ്ടും ചൊടിപ്പിച്ചു. മാത്രമല്ല റഷ്യ അമേരിക്കയോട് അടുക്കാനും തുടങ്ങി. ഇതോടെ റഷ്യയെ വിശ്വസിക്കാനാകില്ലെന്ന നിലപാടിലേക്കും ചൈനയിലെ കമ്യൂണിസ്റ്റുകള്‍ എത്തി. ഇന്ത്യയിലെ വിഡ്ഢികമ്യൂണിസ്റ്റുകള്‍ തങ്ങള്‍ക്ക് ആരും ഒരു വിലയും നല്കുന്നില്ലെങ്കിലും പക്ഷംപിടിക്കാന്‍ മറന്നില്ല. യജമാനന്മാരുടെ വഴക്കില്‍ ഭാഗം പിടിച്ച് പരസ്പരം തല്ലാന്‍ തുടങ്ങി. ഒരു ഭാഗം ചൈനയുടെ നയങ്ങളും മറുഭാഗം റഷ്യന്‍ നയങ്ങളുമായി വാദിച്ചു. ഭാരതീയരെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഇന്ത്യ-ചൈന യുദ്ധമുണ്ടായത്. അവിടെയും ഇന്ത്യയിലെ കമ്യൂണിസ്റ്റുകള്‍ പക്ഷംപിടിച്ചു. റഷ്യയെ പിന്തുണച്ച കമ്യൂണിസ്റ്റുകള്‍ യുദ്ധത്തില്‍ ഇന്ത്യക്കൊപ്പവും ചൈനീസ് പക്ഷപാതികള്‍ ഇന്ത്യയെ ഒറ്റുകൊടുക്കാനും തയാറായി.
ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ വാക്കുകള്‍ ഇതിനെ ശരിവയ്ക്കുന്നതുമാണ്. ”ചൈനക്കാര്‍ അവരുടേതെന്ന് കരുതിയ ഭൂഭാഗത്തേക്ക് പ്രവേശിക്കുന്നു. അതില്‍ പ്രകോപനപരമായി ഒന്നുമില്ല. അതുപോലെ ഇന്ത്യക്കാര്‍ തങ്ങളുടെ ഭൂഭാഗം പ്രതിരോധിച്ചു. ഇവിടെയും പ്രകോപനപരമായി ഒന്നുമില്ല”. ചൈന ഇന്ത്യയുടെ അതിര്‍ത്തി കടന്നില്ലേയെന്ന ചോദ്യത്തോട് ഞങ്ങള്‍ ഇതേപ്പറ്റി അധികം പഠിച്ചിട്ടില്ലെന്ന ഉഴപ്പന് മറുപടിയായിരുന്നു ഇഎംഎസിന്റെ ഭാഗത്തുനിന്നുണ്ടായത്. ചൈനയെ സഹായിക്കുന്നെന്ന് സംശയം തോന്നിയ കമ്യൂണിസ്റ്റുകളെയൊക്കെ നെഹ്റു സര്‍ക്കാര്‍ അധികം വൈകാതെ ജയിലിലടച്ചു.
1964 ആയതോടെ റഷ്യയും ചൈനയും തമ്മിലുള്ള പ്രശ്നങ്ങള്‍ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തി. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെയും പ്രശ്നങ്ങള്‍ അതുപോലെ വളര്‍ന്നു. ചൈനയെ അനുകൂലിക്കുന്ന വിഭാഗം പിളര്‍ന്ന് സിപിഎം എന്ന പാര്‍ട്ടി രൂപീകരിച്ചു. ഇതോടെ ഇന്ത്യന്‍ കമ്യൂണിസ്റ്റുകാരുടെ ചരിത്രത്തിന്റെ വലിയൊരു ഘട്ടം അവസാനിച്ചെന്ന് പറയാം. അവരുടെ
പുതിയ രാഷ്ട്രീയം ഇവിടെ തുടങ്ങി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: