തിരുവനന്തപുരം: കാഞ്ഞിരംപാറ വികെപി നഗറില്‍ മേയര്‍ക്കും സ്ഥലം കൗണ്‍സിലര്‍ക്കുമെതിരെ പ്രതിഷേധം ശക്തം. കാഞ്ഞിരംപാറയില്‍ വി.കെ. പാപ്പന് നഗര്‍ എന്നറിയപ്പെടുന്ന വികെപി നഗറില്‍ മുന്നൂറില്‍പ്പരം കുടുംബങ്ങളാണ് താമസിക്കുന്നത്. ഏകദേശം പതിനെട്ടേക്കര്‍ സ്ഥലമാണ് വികെപി നഗറിലുള്ളത്. ഇവിടത്തെ താമസക്കാര്‍ക്കായി മാത്രം ഒരു ശ്മശാനവും കുട്ടികള്‍ക്ക് കളിയ്ക്കാനായി ഒരു കളിസ്ഥലവും ഒരു കമ്മ്യൂണിറ്റി ഹാളും ഉണ്ട്. ഇപ്പോള്‍ ഇവിടത്തെ താമസക്കാര്‍ക്ക് മാത്രമുള്ള ശ്മശാനം തട്ടിയെടുത്ത് പൊതു ഇലക്ട്രിക് ശ്മശാനമാക്കാനുള്ള തയാറെടുപ്പിലാണ് മേയര്‍ വി.കെ. പ്രശാന്തും നഗരസഭയും. ഇതിനെതിരെ നാട്ടുകാര്‍ ഒന്നടങ്കം പ്രതിഷേധത്തിലാണ്.
തങ്ങളുടെ പൂര്വികന്മാര് സംരക്ഷിച്ചുപോരുന്ന ശ്മശാനം പൊതുശ്മശാനമാക്കാന്‍ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും തങ്ങളുടെ അവകാശങ്ങള്‍ തകിടം മറിക്കാനാണ് സ്ഥലം കൗണ്‍സിലറും മേയര്‍ വി.കെ. പ്രശാന്തും ശ്രമിക്കുന്നതെന്നും ഇത് ഏകാധിപത്യപരമായ തീരുമാനമെന്നുമാണ് നാട്ടുകാരുടെ പ്രധാന പരാതി. ഇതിനെതിരെ നാട്ടുകാര്‍ പ്രദേശത്ത് പ്രതിഷേധ ബോര്‍ഡും സ്ഥാപിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ സിപിഎം പ്രവര്‍ത്തകര്‍ ബോര്‍ഡ് അവിടെ നിന്നുമാറ്റി.
പൊതുശ്മശാനത്തിനെതിരെ മുഴുവന്‍ നാട്ടുകാരുടെ ഒപ്പോടുകൂടിയ പരാതി മേയര്‍ക്ക് നാട്ടുകാര്‍ മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയതാണ്. മേയര്‍ ഈ പരാതിയോട് അനുഭാവപൂര്‍വമായ നടപടി സ്വീകരിക്കാതെ എന്തുവന്നാലും പൊതുശ്മശാനം ഇവിടെ നിര്‍മിക്കുമെന്ന് നാട്ടുകാരോട് പറഞ്ഞതായി ഇവര്‍ ആരോപിക്കുന്നു. 40 ലക്ഷം രൂപ ഇലക്ട്രിക് ശ്മശാനത്തിനായി ഇതിനോടകം തിരുവനന്തപുരം നഗരസഭ അനുവദിച്ചിട്ടുണ്ട്. ഇതിനായുള്ള ട്രാന്‍സ്ഫോമറുകളും ഇവിടെ സ്ഥാപിച്ചു കഴിഞ്ഞു.
പൊതുശ്മശാനത്തിനെതിരെ നാട്ടുകാര്‍ പ്രതിഷേധം ഉന്നയിക്കുന്നതിന് നിരവധി കാരണങ്ങളാണ്. ഇപ്പോള്‍ ഇവിടത്തെ കുട്ടികള്‍ നിത്യവും കളിക്കുന്ന ഗ്രൗണ്ടാണ് പൊതുശ്മശാനത്തിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടായി മേയറും നഗരസഭയും കണ്ണുവച്ചിരിക്കുന്നത്. ഇത് കുട്ടികളോടുള്ള നീതി നിഷേധമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പല സ്ഥലങ്ങളിലും കളി സ്ഥലങ്ങള്‍ നിര്‍മിക്കുമ്പോള്‍ ഇവിടുള്ളത് നശിപ്പിക്കാനാണ് നഗരസഭയും മേയറും ശ്രമിക്കുന്നത്. ഈ ശ്മശാനത്തിന് സമീപം അന്‍പതോളം വീടുകളുമുണ്ട്. ഇതിനൊന്നും പരിഹാരം കാണാതെയാണ് പൊതുശ്മശാനം എന്ന ആശയവുമായി മേയര്‍ മുന്നോട്ട് പോകുന്നത്. തെരഞ്ഞെടുപ്പ് അടുത്തതോടെ ഇലക്ട്രിക് ശ്മശാനം ഇവിടെ സ്ഥാപിക്കില്ലെന്നു പറഞ്ഞ് ജനങ്ങളെ തെറ്റിധരിപ്പിക്കാനാണ് മേയറും സിപിഎമ്മും ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: