കര്‍മനിരതനായിരുന്നു ബാബ. പറയുന്നതെന്തും അക്ഷരം പ്രതി അനുവര്‍ത്തിക്കാന്‍ സന്നദ്ധരായി ശിഷ്യഗണങ്ങളും എപ്പോഴും കൂടെക്കാണും. ഷിര്‍ദിയിലെ അശരണരായജനങ്ങള്ക്ക് ആ പാദങ്ങളില്‍ ഒന്നു പ്രണമിക്കുകയേ വേണ്ടൂ. എല്ലാം സഫലം.
ഷിര്‍ദിയില്‍ അനാഥമായി കിടന്ന ക്ഷേത്രങ്ങളെല്ലാം നവീകരിച്ചത് ബാബയായണ്. താത്യാപാട്ടീലായിരുന്നു ഇക്കാര്യത്തില്‍ ബാബയുടെ വലം കൈ. ഗണപതി, ശനീശ്വര, ശങ്കര-പാര്‍വതി, മാരുതി, ഗ്രാമദേവതാ ക്ഷേത്രങ്ങളെല്ലാം പുനരുദ്ധരിച്ചു. ഭക്തിമാര്‍ഗത്തിലേക്ക് അദ്ദേഹം ജനങ്ങളെ നയിച്ചു.
ഭക്തര്‍ നല്കുന്ന ദക്ഷിണയൊന്നും നിരസിക്കാറില്ല. ഒരു കൈയില്‍ സ്വീകരിച്ച് മറുകൈ കൊണ്ടത് പട്ടിണിപ്പാവങ്ങള്‍ക്ക് നല്‍കും. ഒന്നും അദ്ദേഹത്തിനായി സൂക്ഷിക്കാറില്ല.
രോഗങ്ങള്‍ മാറ്റാന്‍ ബാബയെ അല്ലാതെ മറ്റൊരു ഭിഷഗ്വരനെ അന്വേഷിച്ച് ഷിര്‍ദി വാസികള്‍ മറ്റെവിടെയെങ്കിലും പോകുന്നത് അപൂര്‍വം.
കാഴ്ചയില്ലാത്തവര്‍ ഷിര്‍ദിയിലെ അവധൂതനെ കണ്ട് മടങ്ങിയിരുന്നത് കാഴ്ചയുടെ വിസ്മയ ലോകത്തേക്ക് മിഴി തുറന്നായിരുന്നു. അംഗപരിമിതര്‍ മടങ്ങുന്നത് എല്ലാ പരിമിതികളേയും ബാബയുടെ പാദങ്ങളില്‍ അര്‍പ്പിച്ചായിരുന്നു. പ്രാരാബ്ധങ്ങള്‍ക്കും പരിഹാരം ആ സന്നിധിയായിരുന്നു.
ഒരിക്കലൊരു ഭക്തന് പഴുത്തു വീര്‍ത്ത കണ്ണുകളോടെ ബാബയെ കാണാനെത്തി. മറ്റു വൈദ്യന്മാരെല്ലാം കൈയൊഴിഞ്ഞ ശേഷമാണ് അയാള്‍ ദ്വാരകാമായിയിലെത്തിയത്.
അസഹനീയമായ വേദനയായിരുന്നു തുടക്കം. പിന്നെ കാഴ്ച മങ്ങിത്തുടങ്ങി. ഒന്നും കാണാനും വയ്യ. കണ്ണ് നീരു കെട്ടി വീര്‍ത്തു. പരിശോധിക്കാന്‍ കണ്ണു വൈദ്യം പഠിച്ചവരാരും അന്ന് ഷിര്ദിയിലില്ല. ബന്ധുക്കള്‍, ദൂരെദിക്കുകളിലുള്ള ഡോക്ടര്മാരെയെല്ലാം അയാളെ കൊണ്ടു പോയി, കാണിച്ചു. ഫലമുണ്ടായില്ല. തുള്ളിമരുന്നുകളൊന്നും ഫലിച്ചില്ല. ചിലര്‍ മരുന്നുകള്‍ ചേര്‍ത്തുണ്ടാക്കിയ അഞ്ജനമെഴുതി പരീക്ഷിച്ചു. എല്ലാം വെറുതേ.
ഒടുവിലൊരാള്‍ നിര്‍ദേശിച്ചു. ‘എല്ലാം മതിയാക്കുക. നമുക്ക് ദ്വാരകാമായിയിലേക്ക് പോകാം. ബാബയെ കാണാം. അവിടെയില്ലാത്ത പ്രതിവിധി മറ്റെങ്ങും അന്വേഷിക്കേണ്ടതില്ല.’ അങ്ങനെയാണ് രോഗി ബാബയുടെ സവിധത്തിലെത്തിയത്. അയാളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ബാബ. ഇങ്ങനെയൊരാള്‍ വരുമെന്ന് ബാബ മുന്‍കൂട്ടി കണ്ടിരുന്നു.
രോഗിയെ ആശ്വസിപ്പിച്ച ശേഷം കുറച്ച് ഉണങ്ങിയ ‘ബീവ്വ’ (കശുവണ്ടിയുടെ രൂപത്തിലുള്ള ഔഷധക്കായ) യെടുത്ത് പൊടിച്ചു. അത് ഉരുട്ടിയെടുത്ത് ബാബ രോഗിയുടെ കണ്ണിനു മീതെ വെച്ച് തുണി കൊണ്ട് കണ്ണ് പൊതിഞ്ഞു കെട്ടി. ഒരു രാത്രി മുഴുവന്‍ ദ്വാരകാമായിയില്‍ തങ്ങാന്‍ പറഞ്ഞു. പിറ്റേന്ന് വെളുപ്പിന്ന് ബാബ തന്നെ ആ കെട്ട് അഴിച്ചു മാറ്റി. നീരുവച്ച് വീര്‍ത്ത് കാഴ്ച നഷ്ടപെട്ട് അഴുകിത്തുടങ്ങിയ കണ്ണായിരുന്നില്ല അത്. തെളിഞ്ഞ കണ്ണ്. ചുവപ്പുരാശിയുടെ ലാഞ്ഛനപോലുമില്ല. നീര്‍ക്കെട്ടിന്റെ യാതൊരു ലക്ഷണവുമില്ലാതെ, തെളിഞ്ഞ കാഴ്ചയോടെയാണ് അയാള്‍ മടങ്ങിയത്. അകക്കണ്ണില്‍ പ്രകാശമായ് ആ മഹാവൈദ്യന്റെ ദിവ്യരൂപവുമുണ്ടായിരുന്നു അയാള്‍ക്കൊപ്പം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: