ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ധനതത്വശാസ്ത്ര പ്രൊഫസര്‍ ആയിരുന്ന രാജ് കൃഷ്ണയാണ് ഹിന്ദു വളര്‍ച്ചാനിരക്ക് (Hindu Rate of Growth) എന്ന (കു)പ്രസിദ്ധമായ പദത്തിന്റെ ഉപജ്ഞാതാവ്. കമ്യൂണിസ്റ്റ് റഷ്യയുടെ ചുവടുപിടിച്ച് സ്വാതന്ത്ര്യാനന്തരം നാം തുടങ്ങിവച്ച നെഹ്റുവിയന്‍ ‘സോഷ്യലിസം’ ഇന്ത്യയുടെ വളര്‍ച്ചയെ പതിറ്റാണ്ടുകള്‍ പിന്നോട്ടടിച്ചപ്പോള്‍ അതിന്റെ ഉപഭോക്താക്കളായ ധനതത്വശാസ്ത്രജ്ഞര്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതെയായി.
ഇന്ത്യയുടെകൂടെ ജനിച്ച പാക്കിസ്ഥാന്, ശ്രീലങ്ക എന്നീ രാജ്യങ്ങള്ക്കൊപ്പംപോലും അന്‍പതുകളിലും അറുപതുകളിലും വികസനനിരക്കില്ലാതിരുന്ന ഭാരതം ഇത്തരത്തില്‍ പിന്നോട്ട് നടന്നത് എന്തുകൊണ്ടാണ്? ഒരു ഉത്തരം പറയണമല്ലോ. എല്ലാക്കുറ്റവും ചാഞ്ഞ മരമായ ഹിന്ദുവിന്റെ തലയില്‍ കെട്ടിവച്ചു. ഇന്ത്യ വികസിക്കാത്തതിനു കാരണം ഹിന്ദുക്കളാണെന്നായിരുന്നു കണ്ടെത്തല്‍. ഇന്നാട്ടിലെ പാവപ്പെട്ട ഹിന്ദുക്കളുടെ വിധിയിലുള്ള വിശ്വാസവും പണിയെടുക്കാനുള്ള മടിയുമൊക്കെയായിരുന്നത്രേ വികസനമുരടിപ്പിന്റെ കാരണം. അപ്പോഴെല്ലാം ധനതത്വശാസ്ത്രജ്ഞര്‍ക്ക് ‘സോഷ്യലിസ’ത്തില്‍ പൂര്‍ണ്ണവിശ്വാസമായിരുന്നു. കമ്യൂണിസ്റ്റ് സോവിയറ്റ് റഷ്യയില്‍നിന്ന് നെഹ്റുജി കണ്ടെടുത്ത മുത്തുകളും പവിഴങ്ങളും എങ്ങനെ കരിക്കട്ടയാകും? ഇതിനെല്ലാം ഹേതു വിധിവിശ്വാസികളും മടിയന്മാരുമായ ഹിന്ദുക്കള്‍ തന്നെയാണ്. അവരെ നന്നാക്കാനാകില്ല.
1947ല്‍ ദക്ഷിണകൊറിയന്‍ ആളോഹരി വരുമാനം ഇന്ത്യയേക്കാള്‍ രണ്ടിരട്ടിയായിരുന്നത് 1990ല്‍ ഇരുപതിരട്ടിയായി. തൊണ്ണൂറുകള്‍ വരെ പാക്കിസ്ഥാനും ബംഗ്ലാദേശും ശ്രീലങ്കയുമെല്ലാം ഇന്ത്യയേക്കാള്‍ വളര്‍ച്ചാനിരക്കുള്ള രാജ്യങ്ങളായിരുന്നു. തലതിരിഞ്ഞ വികസനനയങ്ങളും സോഷ്യലിസം എന്ന പേരില്‍ നടപ്പാക്കിയ ലൈസന്‍സ് രാജും കൊടിയ അഴിമതിയും കെടുകാര്യസ്ഥതയുമൊക്കെയാണ് വികസനമുരടിപ്പിനു കാരണം. എന്നാലും ഇന്നും ഹിന്ദു എന്ന നാമം പേറുന്ന പത്രമാദ്ധ്യമങ്ങള്‍ പോലും സാമ്പത്തികമാന്ദ്യമുണ്ടാകുമ്പോള്‍ നമ്മള് ‘ഹിന്ദു’ വളര്‍ച്ചാ നിരക്കിലേക്ക് തിരികെപ്പോവുകയാണോ എന്ന തലക്കെട്ട് നിരത്താറുണ്ട്. ആ വാക്കിനെ സജീവമായി നിര്‍ത്താന്‍ ആര്‍ക്കൊക്കെയോ താല്‍പ്പര്യമുള്ളതുപോലെ.
അമ്പതുകളിലെ ഈ സാമ്പത്തിക തകര്‍ച്ചയുടെ സമയത്താണ് വിദേശസഹായം പറ്റുന്ന ഒരു രാജ്യമായി ഇന്ത്യ മാറിയത്. സോവിയറ്റ് യൂണിയന് മുതല്‍ പഴയ ബ്രിട്ടന് വരെ ഇന്ത്യയ്ക്ക് സഹായം നല്കി. നല്കിയ സഹായത്തിനെല്ലാം നമ്മെ കണക്കുപറഞ്ഞ് അടിമപ്പണിയും ചെയ്യിച്ചിട്ടുണ്ട്. ഈയിടെ ഇന്ത്യക്ക് നല്കുന്ന സഹായം നിര്‍ത്തിക്കളയും എന്ന് ഭീഷണിപ്പെടുത്തി ബ്രിട്ടന് ഇന്ത്യയോട് വിലപേശിയിരുന്നു. നിങ്ങള്‍ ഞങ്ങള്‍ക്ക് സഹായമെന്ന് പറഞ്ഞുതരുന്നത് കപ്പലണ്ടിവാങ്ങാന്‍ പോലുമില്ല. തുച്ഛമായ പണം തന്ന് ഇന്ത്യയെ വിലക്കെടുക്കാന്‍ നോക്കണ്ട എന്ന് അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന പ്രസിഡന്റ് പ്രണബ് മുഖര്‍ജിയ്ക്ക് പരസ്യമായി പറയേണ്ടിയും വന്നിട്ടുണ്ട്. റഷ്യയില്‍നിന്നായിരുന്നു നമുക്ക് ഏറ്റവും കൂടുതല്‍ സഹായം ലഭിച്ചിരുന്നത്. ഇന്ത്യന്‍ ഗവണ്മെന്റിന് സഹായമായി ഓരോ കൊല്ലവും ശതകോടിക്കണക്കിന് രൂപ റഷ്യ നല്‍കിയിരുന്നു. 1954 മുതല്‍ 1984 വരെയുള്ള കണക്കെടുത്താല്‍ സോവിയറ്റ് യൂണിയനില്‍നിന്ന് ഏറ്റവും കൂടുതല്‍ സഹായം ലഭിച്ചിട്ടുള്ള രാജ്യമാണ് ഇന്ത്യ. അത്തരം സഹായങ്ങളുടെ ബാക്കിപത്രമെന്ന നിലയില്‍ അന്താരാഷ്ട്രബന്ധങ്ങളില്‍ ചേരിചേരാ നയം എന്ന പേരില്‍ സോവിയറ്റ് യൂണിയനുവേണ്ടി വിടുപണി ചെയ്യേണ്ടിയും വന്നിട്ടുണ്ട്.
പാലസ്തീനിനെ അനുകൂലിച്ച് സോവിയറ്റ് യൂണിയന് നിലയുറപ്പിച്ചപ്പോള്‍ ഇേസ്രയലുമായുള്ള സകലബന്ധവും ഇന്ത്യയ്ക്ക് വേണ്ടെന്നുവയ്ക്കേണ്ടിവന്നു. സ്വന്തമായി സുഹൃത്തുക്കളെ തെരഞ്ഞെടുക്കാന്‍ പോലും അവകാശമില്ലാതെയായി. കമ്യൂണിസ്റ്റ് സംഘടനകളും വര്‍ഗ്ഗ ബഹുജനപ്രസ്ഥാനങ്ങളെന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്ന കമ്യൂണിസ്റ്റ് അടിമകളും റഷ്യയെപ്പറ്റി വാഴ്ത്തിപാടിയും എഴുതിയും പറഞ്ഞുമൊക്കെ കൊച്ചുകുട്ടികളില്‍പ്പോലും സോവിയറ്റ് വിധേയത്തം ഉണ്ടാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. സോവിയറ്റ് യൂണിയന്റെ മാനസികാധിനിവേശ പ്രോഗ്രാമുകളിലെ ഉപയോഗമുള്ള മന്ദബുദ്ധികള്‍ (യൂസ്ഫുള്‍ ഇഡിയറ്റ്സ്) ആയി ഒരു തലമുറ അവനവന്റേതായ സകലതിനേയും തകര്‍ത്തെറിഞ്ഞത് അതുകൊണ്ടാണ്. എന്നാല്‍ സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം സ്ഥിതിയ്ക്ക് മാറ്റമുണ്ടായി. ഇന്ത്യയിലേക്ക് അധിനിവേശാശയങ്ങള് കയറ്റിയയയ്ക്കാന്‍ പുതിയ റഷ്യയ്ക്കിന്ന് ആഗ്രഹമൊന്നുമില്ല. പഴയ ഒരു സുഹൃത്തുമായുള്ള സാമ്പത്തിക സഹകരണം മാത്രമാണ് റഷ്യയുടെ ലക്ഷ്യം. 2010കളുടെ പകുതിമുതല്‍ റഷ്യന്‍ സമ്പദ്വ്യവസ്ഥ ഒരു ബുദ്ധിമുട്ട് നേരിടുകയാണ്. അമേരിക്കന്‍ ഉപരോധവും എണ്ണവിലയിലെ ഇടിവുമെല്ലാം അതിനു കാരണങ്ങളാകാം. ഇന്ത്യയുമായുള്ള ഇടപാടുകള്‍ റഷ്യയുടെ ജീവനാഡിയാണിപ്പോള്. അമേരിക്ക പരമാവധി ശ്രമിച്ചിട്ടും എസ് 400 എന്ന മിസൈല്‍ പ്രതിരോധ സംവിധാനം നാം റഷ്യയില്‍നിന്ന് വാങ്ങാന്‍ സമ്മതിച്ചത് മുതല്‍ ഒരു ബില്യന്‍ അമേരിക്കന്‍ ഡോളര്‍ റഷ്യയിലെ വിദൂരപൂര്‍വ മേഖലകളുടെ വികസനത്തിനായി നല്‍കുന്നത് വരെയുള്ള കാര്യങ്ങള്‍ ഇന്ത്യയുടെ മുഖം ആഗോളരീതിയില്തന്നെ വലിയ മാറ്റത്തിലെത്തിച്ചു.
ഒരു ബില്യന്‍ അമേരിക്കന്‍ ഡോളര്‍ എന്നത് ഏതാണ്ട് എഴുപത്തിരണ്ടായിരം കോടി രൂപവരും. നാം കൊടുത്ത കടം വെറുതേയല്ല. രാഷ്ട്രീയവും സാമ്പത്തികവുമായ താല്‍പ്പര്യങ്ങള്‍ അതിനുപിന്നില്‍ നമുക്കുമുണ്ട്, റഷ്യയ്ക്കുമുണ്ട്. ഒരു ചതുരശ്ര മീറ്ററില്‍ വെറും ഒരാള്‍ വച്ചുമാത്രം ജനസംഖ്യയുള്ള വിശാലമായ പ്രദേശമാണ് റഷ്യന്‍ വിദൂരപൂര്വമേഖലകള്. പെട്രോളിയം മുതല്‍ സ്വര്‍ണ്ണം വരെയുള്ള വന്‍ സമ്പത്തൊളിച്ചു വച്ചിരിയ്ക്കുന്ന ഭൂമിയാണവിടം. മംഗോളിയ, ചൈന, വടക്കന്‍ കൊറിയ എന്നിവയോടൊപ്പം കടല്‍ വഴി നോക്കിയാല്‍ അമേരിക്കയോടും ജപ്പാനോടും അടുത്തുകിടക്കുന്ന ഭൂഭാഗം. സോവിയറ്റ് സമയത്ത് ഇവിടെയായിരുന്നു അവരുടെ രഹസ്യ നാവികകേന്ദ്രങ്ങളും പരീക്ഷണശാലകളുമെല്ലാം. അവയില്‍ ചിലതൊക്കെ ഇന്നും സജീവമാണ്.
മാത്രമല്ല, ഈ മേഖലയില്‍ വന്‍ ധാതുസമ്പത്തുണ്ട്. ചൈന ഇവിടെ വന്‍ നിക്ഷേപം നടത്താനും ഇതുതന്നെയാണ് കാരണം. ചൈനീസ് കമ്പനികളാണ് മേഖലയില്‍ ഏറ്റവും കൂടുതല്‍ ഖനനം ചെയ്യുന്നത്. റഷ്യയെ സംബന്ധിച്ചടത്തോളം ഇതില്‍ മറ്റൊരു പ്രശ്നം കൂടിയുണ്ട്. ചൈനീസ് കമ്പനികള്‍ അവരുടെ തൊഴിലാളികളേയും കൊണ്ടാണ് വരുന്നത്. അത് ചൈനയോട് ചേര്‍ന്ന പ്രദേശങ്ങളിലെ ജനസംഖ്യാനുപാതങ്ങളില് വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. കാലക്രമേണ റഷ്യന്‍ സര്‍ക്കാരിനു നിയന്ത്രിയ്ക്കാനാവാത്ത പ്രദേശങ്ങളായി ഇവ മാറിയേക്കാം.
കമ്യൂണിസത്തിന്റെ ചൂടറിഞ്ഞ റഷ്യയ്ക്ക് ചൈനയുടെ യഥാര്‍ത്ഥ ഉദ്ദേശം നല്ലവണ്ണമറിയാം. അതുകൊണ്ട് കൂടിയാണ് ഇന്ത്യയുടെ സാന്നിദ്ധ്യം ആ മേഖലയില്‍ റഷ്യ സ്വാഗതം ചെയ്യുന്നത്. മണ്ടന്‍ ആശയങ്ങള്‍ പരത്തുകയോ ഗവണ്മെന്റുകളെ മറിച്ചിട്ട് ഏകാധിപത്യം നടത്തുകയ്യോ ഒന്നുമല്ല ഇന്ത്യയ്ക്ക് വേണ്ടതെന്ന് റഷ്യയ്ക്ക് നല്ല വിശ്വാസമുണ്ട്. നമുക്കുവേണ്ടത് നല്ല ബന്ധങ്ങളും വികസനവും മാത്രമാണ്. ടാറ്റയും ഒഎന്‍ജിസിയും ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഇപ്പോള്‍തന്നെ ആ മേഖലയില്‍ വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകഴിഞ്ഞു. ഇന്ത്യയും റഷ്യയും തമ്മിലുള്ള കച്ചവടം ഇപ്പോഴുള്ള 12 ബില്യന്‍ ഡോളറില്‍നിന്ന് 2025ഓടെ 30 ബില്യനില്‍ എത്തിക്കാനാണ് ഇരു രാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്.
ഈ ഒരു ബില്യന്‍ ഡോളര്‍ കടംനല്‍കി വലിയൊരു വാണിജ്യക്കരാറിലാണ് നാം പങ്കാളിയായിരിക്കുന്നത്. ജനസാന്ദ്രത വളരെയധികമുള്ള ഭാരതത്തില്‍ ഖനനം എന്നത് ഏറെക്കുറേ അസാദ്ധ്യമായിവരുന്ന ഈ അവസരത്തില്‍ നമുക്ക് ആശ്രയിയ്ക്കാവുന്ന മികച്ച ഒരു നിക്ഷേപമായി മാറും റഷ്യയുടെ വിദൂരപൂര്വമേഖലകളുടെ വികസനത്തിനായി നല്കുന്ന കടം. ലോകം മുഴുവന്‍ കമ്യൂണിസം കയറ്റുമതി ചെയ്തുകൊണ്ടിരിക്കുന്ന സോവിയറ്റ് റഷ്യയില്‍നിന്ന് കമ്യൂണിസ്റ്റ് ചൈനയുടെ ചതികള്‍ക്ക് പകരമായി, ത്രാസിലെ സമഭാരമായ ജനാധിപത്യ ഇന്ത്യയെ വികസനനിക്ഷേപത്തിനു ക്ഷണിച്ച റഷ്യയായി മാറിയത് കാലം കാത്തുവച്ച സത്യത്തിന്റെ ജയമല്ലെങ്കില്‍ പിന്നെന്താണ്?
പണ്ട് സോവിയറ്റ് റഷ്യയില്‍നിന്ന് ഇറക്കുമതിചെയ്ത മണ്ടന്‍ സിദ്ധാന്തങ്ങള്‍ ഇന്ത്യയില്‍ വികസനമുരടിപ്പുണ്ടാക്കിയപ്പോള് സൈദ്ധാന്തിക അടിമകള്‍ തങ്ങളുടെ മുഖം രക്ഷിയ്ക്കാനായി പഴിപറഞ്ഞ ഹിന്ദുത്വം… ഹിന്ദു വളര്‍ച്ചാനിരക്ക്…ഇന്ന് നിവര്‍ന്നുനിന്ന് അതേ റഷ്യയ്ക്ക് എഴുപത്തിരണ്ടായിരം കോടി രൂപ കടമായി നല്കിയിരിക്കുന്നു. യഥാര്‍ത്ഥ ഹിന്ദു വികസന മാതൃക എന്താണെന്ന് ലോകത്തെ കാട്ടുന്നത് കാലനീതിയല്ലെങ്കില് പിന്നെയെന്താണ്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: