ഇന്തോനേഷ്യന്‍ ദ്വീപായ ജാവയിലെ അതിബൃഹത്തായ ക്ഷേത്ര സമുച്ചയമാണ് പ്രാംബനന്‍ ശിവക്ഷേത്രം. ഇന്തോനേഷ്യയിലെ ഹൈന്ദവ സംസ്ക്കാരത്തിന്റെ ഗതകാല ചരിത്രവും പ്രതാപവും വിളിച്ചോതുന്ന തിരുശേഷിപ്പുകള്‍. പ്രധാനക്ഷേത്രം മഹാദേവന്റേതാണെങ്കിലും മൂര്ത്തിത്രത്തിനായി സമര്‍പ്പിക്കപ്പെട്ട മൂന്ന് ക്ഷേത്രങ്ങളുടെ കൂട്ടമാണ് പ്രാംബനന്‍. ഇതു കൂടാതെ ശിവക്ഷേത്രത്തോട് ചേര്‍ന്ന് 224 ഉപക്ഷേത്രങ്ങളുമുണ്ട്. ഒമ്പതാം നൂറ്റാണ്ടില്‍ പണിത പ്രാംബനന്‍ ജാവയിലെ യോഗ്യാകര്ത്താ നഗരത്തില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു. മേരു പര്‍വതത്തിന്റെ മാതൃകയിലാണ് ക്ഷേത്രഗോപുരങ്ങളുടെ നിര്‍മിതി.
കാന്‍ഡി ശിവമഹാദേവ ക്ഷേത്രമെന്നാണ് പ്രാംബനനന് ശിവക്ഷേത്രത്തിന്റെ മറ്റൊരു പേര്. ഇവിടെ ക്ഷേത്രച്ചുമരുകള്‍ രാമായണത്തിലെ കഥാസന്ദര്‍ഭങ്ങളാല്‍ അലംകൃതമാണ്. സീതാന്വേഷണത്തിനിറങ്ങിയ വാനര സൈന്യത്തിന്റേതാണ് അവയിലേറെയും. താമരയില്‍ പാദങ്ങളൂന്നിയ നിലയിലാണ് ഇവിടുത്തെ ശിവപ്രതിഷ്ഠ. ഹിന്ദു, ബുദ്ധസംസ്കൃതിയുടെ സങ്കലനമാണ് ഈ ക്ഷേത്രക്കൂട്ടങ്ങളെന്ന് ഇത് വ്യക്തമാക്കുന്നു.
ചതുര്‍ബാഹുവായ വിഷ്ണുവും മഹാഭാരതകഥകള്‍ കൊത്തിയ ചുവരുകളുമാണ് ശിവാലയത്തോടു ചേര്‍ന്നുള്ള വിഷ്ണുക്ഷേത്രത്തിന്റെ പ്രത്യേകത. ബ്രഹ്മാവിനായ് സമര്‍പ്പിക്കപ്പെട്ട ക്ഷേതത്തിന്റെ പ്രൗഢിയേറ്റുന്നതും രാമായണത്തിലെ കഥകളാണ്. നന്ദിപ്രതിമ, വിഷ്ണു വാഹനമായ ഗരുഡന്റെ പ്രതിമ, ബ്രഹ്മക്ഷേത്രത്തിലെ ഹംസ പ്രതിമ എന്നിവയാണ് പ്രാംബനന്‍ ക്ഷേത്രസമുച്ചയത്തിലെ മറ്റു വിസ്മയങ്ങള്‍. ഇന്തോനേഷ്യയുടെ ദേശീയചിഹ്നം കൂടിയാണ് ഗരുഡന്.
ഇന്തോനേഷ്യ ഭരിച്ചിരുന്ന സഞ്ജയ രാജവംശത്തിലെ രാകായ് പികാതനാണ് പ്രാംബനന്‍ നിര്‍മിച്ചത്. അദ്ദേഹത്തിന്റെ പിന്മുറക്കാരനായ ലോകപാല രാജാവ് ക്ഷേത്രത്തെ വിശ്വ പ്രസിദ്ധമാക്കി.
രാജവംശങ്ങള്‍ തമ്മിലുള്ള പോരാട്ടവും ഇടയ്ക്കിടയുണ്ടാകുന്ന മെറാപി അഗ്നി പര്‍വത സ്ഫോടനവും നിമിത്തം പ്രാംബനിനു സമീപത്തു നിന്ന് സഞ്ജയ രാജാക്കന്മാര് തങ്ങളുടെ രാജധാനി ജാവയിലേക്ക് മാറ്റി. അതോടെ ക്ഷേത്രസങ്കേതം അവഗണിക്കപ്പെട്ടു. 16ാം നൂറ്റാണ്ടിലുണ്ടായ ഭൂമികുലുക്കത്തില്‍ ഇവിടെയുള്ള ക്ഷേത്രങ്ങളില്‍ പലതും തകര്‍ന്നു. ഏറെ വൈകാതെ പ്രാംബനന്‍ തീര്‍ത്തും തിരസ്ക്കരിക്കപ്പെട്ടു. 1773 എഡി യില്‍ ഡച്ച് ഗവേഷകനായ സി. എ. ലോണ്‍സാണ് പ്രാംബനിനെ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ നിമിത്തമായത്. 1991 ല്‍ ഈ ക്ഷേത്രസമുച്ചയം യുനസ്കോയുടെ ലോക പൈതൃക മാപ്പില്‍ ഇടം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: