കലി തുള്ളിയ കര്‍ക്കടകം മാറി ചിങ്ങപ്പുലരിയുണര്ന്നു. ഇന്ന് ചിങ്ങം ഒന്ന്. മലയാളിയ്ക്ക് പുതുവര്‍ഷപ്പിറവി. നിറസമൃദ്ധിയുടെ പൊന്നോണമാസം. കര്ഷകദിനമെന്ന പ്രത്യേകത കൂടിയുണ്ട് ചിങ്ങത്തിന്. സൂര്യന്റെ സഞ്ചാരപഥം ചിങ്ങം രാശിലെത്തുമ്പോഴാണ് ചിങ്ങമാസമണയുന്നത്.
കര്‍ക്കടകം തോരാമഴയുടേയും വറുതിയുടെയും നാളുകളായിരുന്നു മുമ്പ്. ഇപ്പോഴുമതിന് മാറ്റമില്ല. പക്ഷേ ദുരിതവും ഭീകരതയും പതിന്മടങ്ങായെന്നു മാത്രം. പഞ്ഞ കര്‍ക്കടകം പ്രളയകര്ക്കടകമായി.
പേമാരിമാറി പൊന്‍വെയില്‍ തെളിയുകയാണിനി. ഓണത്തിന്റെ വരവറിയിക്കുന്ന ചിങ്ങം ശുഭപ്രതീക്ഷകളുടേതാണ്. പാടത്ത് പൊന്കതിരും കൊയ്ത്തു പാട്ടും നിറയുന്ന കാലം. പൂക്കളുടെ വര്‍ണ്ണവസന്തം മുറ്റത്തു നിറയാന്‍ ഇനി ഏറെ നാളില്ല. അത്തം പിറന്ന് പത്തുനാള്‍ കഴിഞ്ഞ് ഓണത്തിന്റെ വരവുകാത്തിരിക്കാം.
ചിങ്ങം ഒന്ന് കര്ഷകദിനമെങ്കിലും മലയാളിയുടെ കാര്‍ഷിക സംസ്കൃതി വിസ്മൃതിയിലായി. കൊയ്ത്തും മെതിയും നിറഞ്ഞ മുറ്റങ്ങള്ഓര്മകളായി. വയലേലകള്‍ ചുരുങ്ങിച്ചെറുതാവുമ്പോള് വിളയുന്നത് കെട്ടിടകൃഷി. അതിനൊത്ത മാറ്റം പ്രകൃതിയിലും ദൃശ്യമാണ്. മഴയ്ക്കും നേരവും കാലവും തെറ്റുന്നു.
ക്ഷേത്രങ്ങളില്‍ ഇന്ന് പ്രത്യേകപൂജകള്‍ നടക്കും. ശബരിമലയിലും ഗുരുവായൂരിലും ഭക്തരുടെ തിരക്കേറുന്ന ദിവസമാണിന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: