കാലാതീതമായ വരയുടേയും വര്‍ണങ്ങളുടേയും ലോകം സൃഷ്ടിച്ച കലാകാരനായിരുന്നു കെ.കെ. വാരിയര്‍. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ശ്രീകോവില്‍ ഭിത്തികളില്‍ വാരിയര്‍ വരച്ച ചിത്രങ്ങള്‍ കാലത്തെ അതിജീവിച്ച് നിലനില്‍ക്കുമെന്നതില്‍ സംശയമില്ല. കേരളീയ ചിത്രലേഖന പാരമ്പര്യത്തിന്റെ അടിസ്ഥാന സ്വഭാവങ്ങള്‍ നഷ്ടപ്പെടുത്താതെ തന്നെ, പ്രാദേശികമായ രചനാ ശൈലികളെ സമന്വയിപ്പിച്ച്, തന്റേതായ ഒരു ചിത്രണശൈലി രൂപപ്പെടുത്തിയ അനുഗൃഹീത ചിത്രകാരനായിരുന്നു വാരിയര്‍. 2018-ല്‍ അന്തരിച്ച ഈ കലാകാരന് സമര്‍പ്പിക്കുന്ന തിലോദകം കൂടിയാണ് ‘വാരിയരുടെ വര്‍ണ പ്രപഞ്ചം’ എന്ന പുസ്തകം. ഈ ലഘു ഗ്രന്ഥത്തിലൂടെ ഡോ. കൂമുള്ളി ശിവരാമന്, കെ.കെ. വാരിയരുടെ രേഖകളുടേയും നിറങ്ങളുടേയും രൂപങ്ങളുടേയും അലൗകിക പ്രപഞ്ചത്തിലേക്ക് നമ്മെ ആനയിക്കുന്നു.
ഗുരുവായൂര്‍ ക്ഷേത്രത്തിലുണ്ടായ അഗ്നിബാധയില്‍ (1970) ചുറ്റമ്പലത്തിന്റെ പടിഞ്ഞാറുഭാഗത്തുണ്ടായിരുന്ന ഗുരുവായൂര്‍ ശ്രീവൈകുണ്ഠം എന്ന അനന്തശയനചിത്രം പൂര്‍ണ്ണമായും നശിച്ചുപോയി. ശ്രീകോവില്‍ച്ചുമരുകളിലെ ചിത്രങ്ങളും അടര്‍ന്നു പോകാന്‍ തുടങ്ങി. ആ അവസരത്തിലാണ് മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി നായര്‍, പട്ടാമ്പി കൃഷ്ണ വാരിയര്‍, എം.കെ. ശ്രീനിവാസന് എന്നിവരോടൊപ്പം ആ ചിത്രങ്ങളുടെ പുനഃസൃഷ്ടിക്കായി കെ.കെ. വാരിയരും നിയുക്തനാകുന്നത്. ചുവരില്‍നിന്നും പഴയ ചിത്രങ്ങള്‍ അടര്‍ത്തിയെടുക്കുന്ന സാങ്കേതിക വിദ്യ കണ്ടെത്തുകയും വിജയകരമായി പ്രയോഗിക്കുകയും ചെയ്തത് കെ.കെ. വാരിയരാണ്.
ബ്രഹ്മാവിന്റെ വിഗ്രഹസിദ്ധി, വിഗ്രഹം ബ്രഹ്മാവ് സുതപസ്സിന് നല്‍കുന്നത്, സുതപസ്സിന്റെയും പത്നിയുടെയും വിഗ്രഹപൂജ, ദൗമ്യ മഹര്‍ഷി വസുദേവര്‍ക്ക് വിഗ്രഹം നല്‍കുന്നത്, ദേവകീ വസുദേവന്മാരുടെ പൂജ, ബൃഹസ്പതി സമുദ്രത്തില്‍ വിഗ്രഹം ദര്‍ശിക്കുന്നത്, ഗുരുവും വായുവും, വിഗ്രഹവുമായി രുദ്രതീര്‍ത്ഥത്തിനു മുകളില്‍ എത്തുന്നത്, വിഗ്രഹ പ്രതിഷ്ഠ തുടങ്ങി ഒട്ടേറെ ആലേഖനങ്ങള്‍ അക്രിലിക്കില്‍, വാരിയര്‍ ചെയ്തിട്ടുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പുരാവൃത്തവും ചരിത്രവുമെല്ലാം രേഖാവര്‍ണ്ണ സാക്ഷാത്കാരത്തിലൂടെ അനാവൃതമാവുന്നതിന്റെ വിവരണങ്ങളാണ്, തികഞ്ഞ കലാമര്‍മ്മജ്ഞതയോടെ ഡോ. കൂമുള്ളി ശിവരാമന് നല്‍കുന്നത്.
കണ്ണൂര്‍ പരിയാരം സുബ്രഹ്മണ്യക്ഷേത്രച്ചുമരുകളില്‍ വാരിയര്‍ ചെയ്ത, അജന്താ ചിത്രങ്ങളോട് സാദൃശ്യമുള്ള, രചനകളെക്കുറിച്ചും പത്മനാഭപുരം, മട്ടാഞ്ചേരി, കൃഷ്ണപുരം എന്നിവിടങ്ങളിലെ സൃഷ്ടികളെക്കുറിച്ചും ഡോ. കൂമുള്ളി പരാമര്‍ശിക്കുന്നുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടത്തിയ വരകളുടെ ശൈലിയില്‍നിന്നും വേറിട്ടു നില്ക്കുന്നവയാണ് ഈ ആവിഷ്കാരങ്ങളെന്ന് അദ്ദേഹം അപഗ്രഥിക്കുന്നുമുണ്ട്.
കലാകാരന്മാരുടെ, പ്രത്യേകിച്ച് ചുവര് ചിത്രകാരന്മാരുടെ പ്രിയപ്പെട്ട കഥാതന്തുവാണല്ലോ ‘ഗജേന്ദ്ര മോക്ഷം’. ഈ കഥാസന്ദര്‍ഭത്തെ ചൈതന്യവത്താക്കിക്കൊണ്ട്, ഗരുഡാരൂഢനായ മഹാവിഷ്ണുവിന്റെ പ്രത്യക്ഷപ്പെടലും ഗജേന്ദ്രന്റെ ദൈന്യാവസ്ഥയും ഭക്തി പ്രഹര്‍ഷവും, അതിന്റെ സമഗ്രമായ വര്‍ണ്ണലയ ചാരുതയോടെ വാരിയര്‍ ചിത്രീകരിച്ചതെങ്ങനെയെന്ന് ഡോ. ശിവരാമന് വിശദമായി നിരൂപണം ചെയ്യുന്നുണ്ട്. വാരിയരുടെ മഹാഭാരതം രചന, അക്ഷയപാത്രം കഥ, കാളിയമര്‍ദ്ദനം, ഗോവര്‍ദ്ധനോദ്ധാരണം തുടങ്ങിയ പുരാവൃത്തങ്ങള്‍ വിവിധ ചുവരുകളിലേയ്ക്ക് വാരിയര്‍ എപ്രകാരമാണ് കലാസൗന്ദര്യത്തികവോടെ പകര്‍ത്തിവച്ചിരിക്കുന്നത് എന്നും കൂമുള്ളി വിശദമാക്കുന്നുണ്ട്.
വാരിയരുടെ ഛായാചിത്ര രചനകളിലെ ഭാവോന്മീലന വൈഭവത്തെക്കുറിച്ചാണ് മറ്റൊരിടത്ത് ഡോ. കൂമുള്ളി പറയുന്നത്. ശ്രീശങ്കരാചാര്യര്‍, സ്വാമി ചിന്മയാനന്ദന്, തപോവന സ്വാമികള്‍, സ്വാതി തിരുനാള്‍, രാജാരവിവര്‍മ്മ, കുറൂരമ്മ, സത്യസായിബാബ, എഴുത്തച്ഛന് തുടങ്ങി ഒട്ടേറെ മഹത്തുക്കളെ സാത്വിക തേജസ്സോടെ വാരിയര്‍ വരച്ചിട്ടുണ്ട്. ”ഓലയും നാരായവും കൈകളിലൊതുക്കി തൊട്ടരികില്‍ പറന്നിരിക്കുന്ന ശുകതരുണിയില്‍ നിന്നൂര്‍ന്നു വീഴുന്ന രാമകഥ പകര്‍ത്തുന്ന ആചാര്യന് ഭക്തിമുക്തിയുടെ വിഗ്രഹമായി മാറുന്നുണ്ട്” എന്ന് ഗ്രന്ഥകര്‍ത്താവ് കാവ്യാത്മകമായി വര്‍ണ്ണിക്കുന്നത് വായിക്കുമ്പോള്‍, ആ ചിത്രണങ്ങള്‍ ഒന്ന് നേരില്‍ കണ്ടാസ്വദിക്കാന്‍ കൊതി തോന്നിപ്പോകും നമുക്ക്. മ്യൂറല്‍ ശൈലിയില്‍ ജലച്ചായത്തില്‍ ചെയ്ത ‘മഹാകവി അക്കിത്തം’ എന്ന രചനയിലെ ഭാവ-ധ്വനി ഭദ്രതയേയും അദ്ദേഹം വാഴ്ത്തുന്നുണ്ട്.
ചുവര് ചിത്രണ കലയിലെ കേരളീയത്തനിമയെക്കുറിച്ച്, ഭാരതീയവും കേരളീയവുമായ അതിന്റെ പൈതൃകത്തെക്കുറിച്ച്, ആ രചനകള്‍ നിര്‍വഹിക്കുന്ന ആത്മീയ സംവേദനത്തെക്കുറിച്ച്, അവ നല്കുന്ന യോഗാത്മക ദര്‍ശനത്തെക്കുറിച്ച് അതിലെ പ്രകൃത്യുപാസനയെക്കുറിച്ച്, അവയുടെ സാമൂഹ്യ പ്രസക്തിയെക്കുറിച്ച്, രചനാ തന്ത്രങ്ങളെക്കുറിച്ച് ഒക്കെ, അബവോധമുണ്ടാവാന്‍ ഈ ഗ്രന്ഥം നമ്മെ സഹായിക്കുന്നു. കളറിലും ബ്ലാക്ക് ആന്‍ഡ് വൈറ്റിലുമായി വാരിയരുടെ ഇരുപതിലേറെ ചിത്രണങ്ങളുടെ പകര്‍പ്പുകള്‍ ചേര്‍ത്തിട്ടുള്ളത് ഈ പുസ്തകത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ഡോ. എം.ജി. ശശിഭൂഷണിന്റെ അവതാരിക ഒരു തിലകച്ചാര്‍ത്തായി പരിശോഭിക്കുകയും ചെയ്യുന്നു.
അച്ഛനെക്കുറിച്ചുള്ള മകന് ശശി കെ. വാരിയരുടെ ‘ഓര്‍മ്മച്ചിത്രം’ എന്ന ഭാഗം ഈ ഗ്രന്ഥത്തിന് മറ്റൊരലങ്കാരമായി മാറുന്നു. ഓര്‍മ്മകളുടെ ചുവരില്‍ തന്റെ പിതാവിനെ മനോഹരമായി ആലേഖനം ചെയ്യുകയാണ് മകന് ശശി. കേന്ദ്രീയ വിദ്യാലയത്തില്‍ 35 വര്‍ഷം ചിത്രകലാദ്ധ്യാപകനായും എറണാകുളം രവിപുരത്തെ ഇന്ത്യന്‍ സ്കൂള്‍ ഓഫ് ആര്‍ട്സിന്റെ സ്ഥാപക ഡയറക്ടറായും ഗുരുവായൂരിലെ ‘ചിത്രഗേഹം’ സ്റ്റുഡിയോ ഡയറക്ടറായും കലാ പ്രവര്‍ത്തനം നടത്തിയ കെ.കെ. വാരിയര്‍, പൈതൃക സംസ്കൃതിയെ ആരാധിച്ചിരുന്ന ഒരു ദേവ്യുപാസകനായിരുന്നു എന്ന് മകന് അനുസ്മരിക്കുന്നു.
ആത്മീയതയേയും കലയേയും സമന്വയിച്ച് പ്രഭാഷണങ്ങള്‍ നടത്തുന്നതില്‍ എക്കാലത്തും ഉത്സുകനായിരുന്നു വാരിയര്‍ എന്നും മകന് ഓര്‍മ്മിക്കുന്നു. രാജാ രവിവര്‍മ്മ എന്ന അനശ്വര കലാകാരനില്‍നിന്നും, ഗുരു സി.വി. ബാലന് നായരില്‍നിന്നുമാണ് കലയും കലാദര്‍ശനവും അദ്ദേഹം സ്വായത്തമാക്കിയതെന്നും ശശി കെ. വാരിയര്‍ വിലയിരുത്തുന്നു. ഗുരുവായൂര്‍ ശ്രീകോവില്‍ ഭിത്തിയിലെ ചിത്രമെഴുത്തില്‍ അച്ഛന് സഹായിയായി നില്ക്കാന് കഴിഞ്ഞതാണ് തന്റെ ജീവിതത്തിലെ ധന്യതയെന്നും മകന് എഴുതുന്നു. ”ഉള്ളിലെ നാരായണ മന്ത്രമുരുവിട്ടുകൊണ്ടാണ് കെ.കെ. വാരിയര്‍ ഗുരുവായൂരിലെ അനശ്വര ചിത്രങ്ങള്‍ എഴുതിയത്” എന്നും ”വാരിയരുടെ സംഭാവനകളെക്കുറിച്ചുള്ള സൂക്ഷ്മപഠനമാണ്” ഈ ഗ്രന്ഥമെന്നും മഹാകവി അക്കിത്തം, ആമുഖക്കുറിപ്പില്‍ പറഞ്ഞതിനപ്പുറത്ത്, ഒരു ബഹുമതിയും വേണ്ടല്ലോ ഈ പുസ്തകത്തിനും അതിന്റെ കര്‍ത്താവിനും!
പ്രതികരിക്കാൻ ഇവിടെ എഴുതുക: