അചഞ്ചലമാണ് ബാബയോടുള്ള ഭക്തിയെങ്കില്‍ ആ ദിവ്യസാന്നിധ്യം നിങ്ങളോടൊപ്പം എവിടെയുമുണ്ടാകും. അരികെ നിന്നത് തൊട്ടറിയാനാകും. കൂരിരുട്ടിലും വെളിച്ചമായ്, പൊള്ളുന്ന നോവുകളില്‍ തണലായ്, ജീവിതസമസ്യകള്‍ക്ക് ഉത്തരമായ് നിറഞ്ഞൊഴുകിയ അഭൗമചൈതന്യം.
ഷിര്‍ദിയിലെത്തി ബാബയെ ദര്‍ശിച്ച്, പരിചരിച്ച് ജന്മസാഫല്യമറിഞ്ഞ ഒരു കൂട്ടം മനുഷ്യരുണ്ടായിരുന്നു. നാഗ്പൂര്‍ സ്വദേശിയായ കാക്കാസാഹെബ് ദീക്ഷിതും ഗ്വാളിയോറിലെ നാനാസാഹെബ് ചന്ദോര്ക്കര്ക്കറും ആ ഗണത്തില്‍ പെടുന്നവരാണ്. എന്തിനും ഏതിനും അവരുടെ അഭയകേന്ദ്രം ഷിര്ദിയായിരുന്നു.
ഒരിക്കല്‍, മകന്റെ ഉപനയനത്തിന് ബാബയെ ക്ഷണിക്കാനായി കാക്കാസാഹെബ് ദ്വാരകാമായിയിലെത്തി. ഇതേ സമയത്താണ് മകന്റെ കല്യാണത്തിന് ഗ്വാളിയോറിലേക്ക് ക്ഷണിക്കാനായി ചന്ദോര്ക്കറുമെത്തിയത്. തനിക്കു പകരം ശിഷ്യനായ ഷാമയെ അയയ്ക്കാമെന്ന് ബാബ അവരോട് പറഞ്ഞു.
രണ്ടു ചടങ്ങുകള്‍ക്കും ഷാമ സന്തോഷത്തോടെ യാത്രയായി. ആദ്യം നാഗ്പൂരിലേക്ക് അവിടെ നിന്ന് ഗ്വാളിയോറിലേക്ക്. സഹയാത്രികനായി സുഹൃത്ത് അപ്പാ കോട്ടെയുമുണ്ടായിരുന്നു. മടക്കയാത്രയില്‍ പുണ്യസ്ഥലങ്ങളായ കാശിയും പ്രയാഗും ഗയും സന്ദര്‍ശിക്കാനായിരുന്നു അവരുടെ തീരുമാനം. പുറപ്പെടും മുമ്പ് അക്കാര്യം ബാബയെ അറിയിച്ച് അനുമതിയും വാങ്ങിയിരുന്നു. അതു കേട്ടപ്പോള്‍, ‘ നിങ്ങള്‍ കാശിയും പ്രയാഗും കണ്ടു മടങ്ങിയെത്തുമ്പോഴേക്കും ഞാന്‍ ഗയയിലെത്തിയിരിക്കുമെന്ന് ‘ തമാശ രൂപേണ ബാബ മറുപടി പറഞ്ഞു.
അങ്ങനെ, ഷാമയും അപ്പാകോട്ടെയും നാഗ്പൂരെത്തി. ഉപനയനത്തില്‍ പങ്കെടുത്തു. മടങ്ങുമ്പോള്‍ യാത്രാച്ചെലവിനായി ഷാമയ്ക്ക്, കാക്കാസാഹെബ് 200 രൂപ നല്കി.
പിറ്റേന്ന് ഇരുവരും ഗ്വാളിയാറിലെത്തി. വിവാഹത്തില്‍ പങ്കെടുത്തു. ബാബയുടെ പ്രതിനിധിയായി എത്തിയവര്‍ക്ക് അര്‍ഹിക്കുന്ന സ്വീകരണം തന്നെ ലഭിച്ചു. തിരിച്ചു പോരുമ്പോള്‍ ചന്ദോര്‍ക്കറും ബന്ധുക്കളും കൈനിറയെ ഷാമയ്ക്ക് ദക്ഷിണയും നല്കി. അവിടെനിന്ന് യാത്രയായത് കാശിയിലേക്കായിരുന്നു. രണ്ടു മാസം അവിടെ താമസിച്ചു. അതു കഴിഞ്ഞ് അയോധ്യ. ഭഗവത് ചിന്തകളും പ്രാര്‍ഥനയുമായി ശ്രീരാമചന്ദ്രന്റെ ജന്മസ്ഥലിയില്‍ 21 നാള് ഇരുവരും തങ്ങി. അയോധ്യയും പ്രയാഗും കണ്ട്, ഗയയിലേക്കായിരുന്നു തുടര്‍യാത്ര.
ഗയ സ്റ്റേഷനില്‍ വണ്ടിയിറങ്ങിയപ്പോഴാണറിഞ്ഞത് അവിടെയാകെ പ്ലാഗ് പടര്‍ന്നതായുള്ള വാര്‍ത്ത. ഇരുവര്‍ക്കും ഭയമായി. എന്തു ചെയ്യണമെന്നോര്‍ത്ത് സ്റ്റേഷനില്‍ ഇരിക്കുമ്പോഴാണ് തീര്‍ഥാടകര്‍ക്ക് ഭക്ഷണവും താമസവുമൊരുക്കുന്ന ഒരു പുരോഹിതന് അതുവഴിയെത്തിയത്. പ്ലാഗിനെക്കുറിച്ച് ഭയക്കാതെ തന്നോടൊപ്പം വരാന്‍ അയാള്‍ ഷാമയെും സുഹൃത്തിനെയും ക്ഷണിച്ചു.
ഇരുവരും അയാള്‍ക്കൊപ്പം പോയി. വലിയൊരു വീട്ടിലാണ് അവര്‍ക്ക് താമസമൊരുക്കിയത്. അവിടെയെത്തിയപ്പോള്‍ എന്തെന്നില്ലാത്ത ശാന്തതയായിരുന്നു ഷാമയുടെ മനസ്സിന് ലഭിച്ചത്. അതിവിശാലമായൊരു ഹാളിലേക്കാണ് അവര്‍ ആദ്യം കയറിയത്. അതിന്റെ മധ്യത്തിലായി ചുമരില്‍ ഷാമയൊരു അപൂര്‍വ കാഴ്ച കണ്ടു. തേജസ്സു വഴിഞ്ഞൊഴുകുന്ന ബാബയുടെ വലിയൊരു ഛായാചിത്രം. സന്തോഷം കൊണ്ട് ഷാമയുടെ കണ്ണു നിറഞ്ഞു. അവിടെ അങ്ങനെയൊരു ദൃശ്യം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. കാതുകളില്‍ ബാബയുടെ വാക്കുകള്‍ പ്രകമ്പനമായി. ‘നിങ്ങള്‍ കാശിയും പ്രയാഗും കണ്ടു മടങ്ങിയെത്തുമ്പോഴേക്കും ഞാന്‍ ഗയയിലെത്തിയിരിക്കും…’ അപ്പോള്‍ ആ പറഞ്ഞതിനര്‍ഥം ഇതായിരുന്നു. തനിക്കു മുമ്പേ ബാബ ഇവിടെയെത്തിയിരിക്കുന്നു!
അതാകട്ടെ തന്റെ കൈവശമുണ്ടായിരുന്ന ചിത്രം. കണ്ണില്‍ നിന്ന് ആനന്ദധാരയൊഴുകി.
ചിത്രവും നോക്കി മിഴിച്ചു നിന്ന ഷാമയെ പുരോഹിതന് തട്ടി വിളിച്ചു. പ്ലാഗിനെ ഭയന്നാണ് ഷാമ കരയുന്നതെന്നാണ് അയാള്‍ ധരിച്ചത്. പക്ഷേ ഈ പടം എവിടെ നിന്നു കിട്ടിയെന്നായിരുന്നു ഷാമയുടെ ചോദ്യം. അതു തനിക്ക് ലഭിച്ചതെങ്ങനെയെന്ന് അയാള്‍ പറഞ്ഞു തുടങ്ങി.
ഗയയിലേക്ക് വരുന്ന തീര്‍ഥാടകര്‍ക്ക് യാത്രാസൗകര്യമൊരുക്കാനായി ഷിര്ദിയ്ക്കടുത്തുള്ള മന്മദിലും പുനതാംബയിലും അദ്ദേഹത്തിന്റെ ഒരു ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. അതിലെ ജീവനക്കാരില്‍ നിന്നാണ് അയാള്‍ ബാബയെക്കുറിച്ച് അറിഞ്ഞത്. അതോടെ ബാബയെ കാണണമെന്ന ആഗ്രഹമായി. ഷിര്‍ദിയിലെത്തി ബാബയെ കണ്ടു വണങ്ങി. 12 വര്‍ഷം മുമ്പായിരുന്നു അത്. അവിടെ ഷാമയെന്ന വ്യക്തിയുടെ മുറിയില്‍ തൂക്കിയിട്ടിരുന്ന പടമാണിതെന്നും ബാബയുടെ സമ്മതത്തോടെ അതു തനിക്ക് ലഭിച്ചെന്നും പുരോഹിതന് ആവേശത്തോടെ പറഞ്ഞു നിര്‍ത്തി. അതേ ഷാമയാണ് തന്റെ മുമ്പില്‍ നില്‍ക്കുന്നതെന്ന് അറിഞ്ഞതോടെ അയാളുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. ഷാമയ്ക്കും അപ്പാകോട്ടെയ്ക്കും പിന്നീട് അവിടെ ലഭിച്ചത് രാജകീയ സ്വീകരണമായിരുന്നു. ഷാമയുടെ മനസ്സപ്പോഴും ഷിര്‍ദ്ദിയിലെ അവധൂതന്റെ മായാലീലകളില് ലയിച്ചിരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: