പിണറായി വിജയന്റെ സര്‍ക്കാര്‍ കൊട്ടിഘോഷിച്ച കേരളത്തിലെ വ്യവസായ വികസനത്തിന്റെ വിശേഷംകൊണ്ട് ജപ്പാനിലെ നിസാന്‍ മോട്ടോര്‍ കമ്പനി കേരളം ഉപേക്ഷിച്ചു പോകാനൊരുങ്ങുകയാണത്രെ. ആവശ്യമായത് ഒന്നും സര്‍ക്കാര്‍ ചെയ്യുന്നില്ലെന്നും നോക്കിയിരുന്നു മടുത്തു എന്നും കാണിച്ചു കേരള ചീഫ് സെക്രട്ടറിക്ക് കമ്പനി കത്തു നല്കി. 2018 ജൂണില്‍ ആണ് തിരുവനന്തപുരത്തു ‘ഡിജിറ്റല്‍ ഹബ്ബ്’ സ്ഥാപിക്കാനുള്ള ധാരണാപത്രം കേരളസര്‍ക്കാരുമായി നിസാന്‍ ഒപ്പിട്ടത്. ‘ഈ ചരിത്രപ്രഖ്യാപനം ആദ്യത്തെ ആഗോള ബ്രാന്‍ഡു കേരളത്തില്‍ വരുന്നതിന്റെ തുടക്കമാണ്’ എന്നാണു പിണറായി വിജയന് അന്നുപറഞ്ഞത്.
തുടര്‍ച്ചയായി മറ്റു ”തള്ളുകളും” അണികള്‍ തുടങ്ങി. മഹിന്ദ്ര, മൈക്രോസോഫ്ട് തുടങ്ങിയ കമ്പനികള്‍ വരാന്‍ ക്യൂ നില്ക്കുന്നു എന്നും മറ്റും സില്‍ബന്തി മാധ്യമങ്ങളുടെ വാര്‍ത്തവന്നു. ജപ്പാന്, ചൈന, ഫ്രാന്‍സ്, അമേരിക്ക എന്നിവിടങ്ങള്‍ കഴിഞ്ഞു നിസ്സാന്‍ കമ്പനിയുടെ അഞ്ചാമത്തെ ഡിജിറ്റല്‍ഹബ്ബ് ആണ് തിരുവനന്തപുരത്തു വരുന്നത് എന്നാണു പറഞ്ഞിരുന്നത്. കമ്പനി സ്ഥാപിക്കാന്‍ ടെക്നോസിറ്റിയില്‍ 70 ഏക്കര്‍ സ്ഥലം നല്‍കാം എന്നായിരുന്നു വ്യവസ്ഥ. ആദ്യഘട്ടത്തില്‍ 30 ഏക്കറും രണ്ടാം ഘട്ടത്തില്‍ 40 ഏക്കറും. അതനുസരിച്ചു സര്‍ക്കാര്‍ ഉത്തരവും ഇറക്കി. തല്ക്കാലം ടെക്നോപാര്‍ക്കില്‍ 1 ലക്ഷം ചതുരശ്രയടി സ്ഥലം മറ്റുകമ്പനിയുമായി പങ്കുവച്ച് പ്രവര്‍ത്തനം ആരംഭിക്കും. ഇതൊക്കെ ആയിരുന്നു വ്യവസ്ഥകള്‍. നിസാന്‍ നോളഡ്ജ്സിറ്റി എന്നറിയപ്പെടുന്ന ക്യാംപസ് 3000 പേര്‍ക്ക് നേരിട്ടും 15000 പേര്‍ക്ക് പരോക്ഷമായും ജോലി നല്‍കും.
ഇതൊക്കെ പ്രതീക്ഷകള്‍. സംഭവിച്ചത് സാധാരണ കേരളത്തില്‍ ഉണ്ടാകുന്നതുതന്നെ. നിസാന്‍കമ്പനി സര്‍ക്കാര്‍ ഓഫീസിന്റെ പടികള്‍ കയറിയിറങ്ങി മടുത്തു. ഒന്നും നടന്നില്ല. ഇന്‍ഫോസിസ് ക്യാമ്പസില്‍ അനുവദിച്ച താല്ക്കാലികസ്ഥലം റജിസ്റ്റര്‍ചെയ്യാന്‍ ചെന്നപ്പോള്‍ തനിനിറംകണ്ടു. അത് ഉപ-പാട്ടം (സബ് ലീസ്) ആണെന്നും അതുകൊണ്ട് രജിസ്ട്രേഷന്‍ഫീസും സ്റ്റാമ്പ് നികുതിയുമായി വലിയതുക വേണമെന്നും. ഇളവനുവദിക്കാന്‍ രജിസ്ട്രേഷന് വകുപ്പ് തയ്യാറല്ല. വലിയ കമ്പനി അല്ലേ കാശ് ഇങ്ങുപോരട്ടെ എന്നായിരിക്കും വകുപ്പിന്റെ നിലപാട്. ഇത്രയും സാധ്യതയുള്ള ഒരു വ്യവസായത്തെ എങ്ങിനെ പ്രോത്സാഹിപ്പിക്കാം എന്നവര്‍ ചിന്തിച്ചില്ല. ജപ്പാന്‍കാര്‍ ചെന്നൈയില്‍ തുടങ്ങാനുള്ള കമ്പനിയുമായാണു കേരളത്തില്‍ വന്നത്. അവിടെ ആയിരുന്നെങ്കില്‍ എല്ലാ അനുമതികളുംകിട്ടി സ്വന്തംകെട്ടിടത്തില്‍ അവര്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞേനെ. ഇതൊക്കെ നടക്കുമ്പോഴും സര്‍ക്കാര്‍ ഇതിന്റെ പ്രവര്‍ത്തനപുരോഗതിയില്‍ വലിയ താല്പര്യമൊന്നും കാണിച്ചില്ല.
കേരളത്തിലെ വ്യാവാസായിക നിക്ഷേപ അന്തരീക്ഷം എല്ലാവര്ക്കും അറിയാം. മലായാളപത്രങ്ങളില് മാത്രമല്ല, ദേശീയ മാധ്യമങ്ങളിലും പ്രാധാന്യത്തോടെ ഇവിടുത്തെ വാര്ത്തകള്വരുന്നു. നിക്ഷേപ സൗഹൃദത്തിന് ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ആന്തൂരിലെ സാജന് എന്ന വ്യവസായിയുടെ ആത്മഹത്യ. സിപിഎം പാര്‍ട്ടിക്കകത്തുള്ള മൂപ്പിളമതര്‍ക്കവും കൈക്കൂലിയും ആണ് സാജന് എന്ന പ്രവാസി വ്യവസായിയെ ആത്മഹത്യയിലെത്തിച്ചത്. എന്നിട്ടും കലിയടങ്ങാത്ത സിപിഎം, സാജന്റെ ഭാര്യയ്ക്കെതിരെ സദാചാര ആക്രമണം നടത്തി. ദുര്ന്നടപ്പുകൊണ്ടാണ് സാജന് ആത്മഹത്യചെയ്തതെന്ന് പാര്‍ട്ടിയുടെ മുഖപത്രം എഴുതി. ഇതാണ് സൗഹൃദാന്തരീക്ഷം. ഇതിങ്ങനെ തുടര്‍ന്നാല്‍ തങ്ങളും ആത്മഹത്യ ചെയ്യുമെന്ന് സാജന്റെ ഭാര്യയും മക്കളും പറഞ്ഞു. പുനലൂരില്‍ ഒരു പ്രവാസിയുടെ ആത്മഹത്യ നടന്നിട്ട് 1 വര്‍ഷം കഴിഞ്ഞു. ഇതുവരെ ആ മനുഷ്യന്റെ സ്ഥാപനത്തിന് ലൈസന്‍സ് നല്‍കിയിട്ടില്ല. തങ്ങളും ആത്മഹത്യ ചെയ്യേണ്ടിവരുമെന്നാണ് മക്കള്‍ പറയുന്നത്.
വ്യവസായം തുടങ്ങാന്‍ ഇറങ്ങുന്ന ആള് മാത്രമല്ല അവരുടെ കുടുംബംകൂടി ആത്മഹത്യ ചെയ്യേണ്ടിവരുന്ന വ്യവസായ നിക്ഷേപ സൗഹൃദ സംസ്ഥാനമാണ് കേരളം. ഈ വിവരം ജപ്പാന്‍കാരും അറിഞ്ഞുകാണും. എത്ര മലയാളികള്‍ നിസാനില്‍ ഉണ്ട്. അവര്‍ പറഞ്ഞുകാണും. ജപ്പാന് പത്രങ്ങളില്‍വരെ ഈ വാര്‍ത്ത എത്തിക്കാണും. ജപ്പാനിലെ കമ്പനിയുടെ പ്രധാനികള്‍, ജീവനും കൊണ്ട് രക്ഷപ്പെടാന്‍ നിര്‍ദ്ദേശം നല്‍കിക്കാണും. 2006ല്‍ കേരളത്തിലെ വേള്‍ഡ് ബാങ്ക് സഹായ റോഡ് പദ്ധതിയിലെ നടത്തിപ്പുകാരായ കമ്പനിയിലെ ചീഫ് പ്രോജക്ട് ഓഫീസര്‍ ആയ മലേഷ്യക്കാരന് ലീ ബീന്‍, കേരള സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയിലും കമ്പനിക്ക് സമയത്തു പണം നല്‍കാത്തതിലും മനംനൊന്ത് ആത്മഹത്യചെയ്ത കാര്യം ലോകം അറിഞ്ഞു കാണുമല്ലോ. ജപ്പാന്‍കാരും അറിഞ്ഞിട്ടുണ്ടാകും. സമയബന്ധിതമായി ജോലിചെയ്യുക എന്നത് അവരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ട്. ജോലിചെയ്യാതെ നോക്കുകൂലി വാങ്ങുക എന്നത് ഇവിടുത്തെ തൊഴിലാളികളിലും അതിന്റെ പങ്കുപറ്റി വ്യവസായം നശിപ്പിക്കുക എന്നത് ഇവിടുത്തെ രാഷ്ട്രീയക്കാരിലും അലിഞ്ഞു ചേര്‍ന്നിരിക്കുന്നു.
കത്ത് ലഭിച്ച ഉടന്‍ നടപടി എടുത്തുവെന്ന് മുഖ്യമന്ത്രി പറയുന്നു. കത്ത് ലഭിക്കുന്നതുവരെ എന്തിനാണാവോ നോക്കിയിരുന്നത്. ഒരു വര്‍ഷമായിട്ടും പദ്ധതിയുടെ പുരോഗതി എവിടംവരെ എത്തിയെന്ന് നോക്കിയില്ലല്ലോ. ഐടി അധിഷ്ഠിത വ്യവസായത്തിന്റെ കേന്ദ്രമായി കേരളത്തെ മാറ്റുക എന്നതായിരുന്നല്ലോ പ്രഖ്യാപിത ലക്ഷ്യം. മുഖ്യമന്ത്രിതന്നെ നേരിട്ട് തുടങ്ങിയ പദ്ധതി ഇങ്ങിനെ ആയാല്‍ മറ്റെല്ലാപദ്ധതികളും ആന്തൂര്‍ ആകുമെന്നതിനു സംശയമില്ല. ഇപ്പോഴും പറയുന്നുണ്ടല്ലോ അവര്‍ക്കു സൗകര്യംനല്‍കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന്. വാക്കിലല്ല പ്രവര്‍ത്തിയിലാണ് അത് കാണിക്കേണ്ടത്. ടോക്കിയോയിലേക്ക് നേരിട്ട് വിമാനസര്‍വീസ് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അതിനു വിമാനക്കമ്പനികളുടെ യോഗം വിളിച്ചിട്ടുണ്ട് എന്നും പറയുന്നു. കമ്പനികളുടെ യോഗം വിളിച്ചാല്‍ തീരാവുന്ന പ്രശ്നമല്ല അതെന്നു ഏതുകുട്ടിക്കും അറിയാം. വിമാനങ്ങള്‍ എന്താണ് തിരുവനന്തപുരം ഒഴിവാക്കുന്നത്? തിരുവനന്തപുരം വിമാനത്താവളത്തില്‍ സൗകര്യങ്ങള്‍ കുറവായതുകൊണ്ട്. കൂടുതല്‍ വിമാനം വരണമെങ്കില്‍ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം. അന്താരാഷ്ട്ര നിലവാരത്തിലേക്ക് തിരുവനന്തപുരം വിമാനത്താവളത്തെ എത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതിതയ്യാറാക്കിയത്. അതിന് ഇടംകോലിട്ടതും ഇതേസര്‍ക്കാരാണ്. സ്വകാര്യപങ്കാളിത്തം എന്ന മുദ്രാവാക്യമാണ് ഉയര്‍ത്തിയത്. അതിനുപകരംവച്ചത് കേരളസര്‍ക്കാരിന് താല്പര്യമുള്ള സ്വകാര്യസംരംഭത്തെ.
അപ്പോള്‍ താല്‍പ്പര്യം വ്യക്തമായല്ലോ. സ്വകാര്യമല്ല പ്രശ്നം. സ്വന്തം സ്വകാര്യമാണ്. സിംഗപ്പൂരിലേക്കുള്ള സില്‍ക്ക് എയര്‍ വിമാനം സര്‍വീസ് നിര്‍ത്തി ബജറ്റ് എയര്‍ലൈന്‍സായ സ്കൂട്ടിനുകൊടുക്കുന്നു. അതോടെ നിസാന്‍കമ്പനി എക്സിക്യൂട്ടീവുകള്ക്കുള്ള ബിസിനസ്സ്ക്ലാസ് യാത്ര ഇല്ലാതെയാകും. ജപ്പാനില്‍നിന്നു പ്രതീക്ഷിക്കുന്ന ഫ്യുജിറ്റ്സു, ഹിറ്റാച്ചി തുടങ്ങിയ കമ്പനികളെയും ഇത് തിരുവനന്തപുരത്തുനിന്ന്് അകറ്റും. സില്‍ക്ക് എയര്‍ സര്‍വീസ് നിര്‍ത്തുന്നത് ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്തത് കൊണ്ടാണ്. മറ്റ് എയര്‍ലൈന്‍സ് കമ്പനികളും തിരുവന്തപുരത്തെ ഒഴിവാക്കുന്നത് ഇതേ കാരണം കൊണ്ടാണ്. സൗകര്യങ്ങള്‍ വര്‍ധിച്ചാല്‍ കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് തുടങ്ങും. നയം മാറ്റില്ല എന്ന് വാശിപിടിച്ചിരുന്നാല്‍, മാറിനില്ക്ക് അങ്ങോട്ട് എന്നുപറഞ്ഞുകൊണ്ട് ഓരോ കമ്പനിയും കേരളം വിട്ടുപോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: