തിരുവനന്തപുരം: കെഎസ്ആര്‍ടിസി തമ്പാനൂര്‍ ബസ് ടെര്‍മിനലിന്റെ ചുറ്റുമതില്കെട്ടാന് അനുവദിക്കാതെ വ്യാപാരികള്‍. ഇതിന് ഒത്താശ ചെയ്യുന്നത് സിപിഎം പ്രവര്‍ത്തകര്‍. ചുറ്റുമതില്‍ കെട്ടാന്‍ സാധിക്കാത്തത് കെഎസ്ആര്‍ടിസിയുടെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയെന്നാണ് ജീവനക്കാര്‍ പറയുന്നത്.
ബസ് ടെര്‍മിനലിന് അകത്തേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍കോഫി ഹൗസിന് സമീപത്തെ വ്യാപാരികളാണ് ചുറ്റുമതില്കെട്ടുന്നതിന് തടസ്സം നില്‍ക്കുന്നത്. ഇവരെ സഹായിക്കുന്നതാകട്ടെ സമീപത്തെ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരും. കെഎസ്ആര്‍ടിസി എംഡി ആയിരുന്ന രാജമാണിക്യമാണ് ബസ് ടെര്‍മിനലിന് ചുറ്റും മതില്‍കെട്ടാന്‍ മുന്‍കൈ എടുത്തത്. അന്ന് അതിനുവേണ്ട നടപടികളുമായി അദ്ദേഹം മുന്നോട്ട് പോയപ്പോള്‍ സമീപത്തെ കടക്കാരും സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരും സംഘടിതമായി ഇതിനെ തടഞ്ഞു. തുടര്‍ന്ന് മതില് കെട്ടാന്‍ സാധിക്കാതെ വന്നതോടെയാണ് കാലപ്പഴക്കം ചെന്ന, ലേലം ചെയ്യാന്‍ ഇട്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ കൊണ്ടിട്ട് മതിലുപോലെ ആക്കിയത്. ഇപ്പോഴും അത് അങ്ങനെ തുടരുകയാണ്.
മതില് കെട്ടാന്‍ തടസ്സം നില്‍ക്കുന്നതിന് പിന്നില്‍ ഭരണപക്ഷത്തിനും പങ്കുണ്ടെന്നാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറയുന്നത്. ബസ് ടെര്‍മിനലിന് സമീപമായാണ് ഡീസല്‍ പമ്പും കെഎസ്ആര്‍ടിസി വര്‍ക്ക്ഷോപ്പും സ്ഥിതി ചെയ്യുന്നത്. വര്‍ക്ക്ഷോപ്പില്‍ നിന്നും നിരവധി സ്പെയര്‍പാര്‍ട്സുകള്‍ ഇതിനോടകം മോഷണം പോയിട്ടുണ്ടെന്നും ജീവനക്കാര്‍ പറയുന്നു.
രാത്രികാലങ്ങളില്‍ ഈ പ്രദേശങ്ങളില്‍ വെളിച്ചമില്ലാത്തതിനാല്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാണ്. പോക്കറ്റടി പോലുള്ളവ നടത്തി മോഷ്ടാക്കാള്‍ രക്ഷപ്പെടുന്നതും ഈ വഴിയാണെന്ന് നാട്ടുകാര്‍ പറയുന്നു.
ഈ സ്ഥലത്തിരിക്കുന്ന കടകള്‍ ജില്ലയിലെ ഒരു ഉന്നത സിപിഎം നേതാവിന്റെ ബിനാമിയുടെ പേരിലുള്ളതാണ്. അതുകൊണ്ടാണ് നഗരസഭയുടേയോ സര്‍ക്കാരിന്റെയോ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാകാത്തത്.
കെഎസ്ആര്‍ടിസിയുടെ ഭൂമി കയ്യേറാനും ഇവിടെ ശ്രമം നടക്കുന്നുണ്ട്. സമീപത്തെ ഒരു ലോഡ്ജിലേക്കുള്ള വഴിയും ഇതുവഴിയാണ്. ഇവിടെ സിപിഎമ്മിനും പോഷക സംഘടനകള്‍ക്കും പ്രത്യേക മുറികളുമുണ്ട്. ചുറ്റുമതില്‍ കെട്ടുന്നതിന് സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടസ്സം നില്‍ക്കുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നിതാണെന്നാണ് കെഎസ്ആര്‍ടിസിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് പറയുന്നത്.
തമ്പാനൂരിലെ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ തീപിടിത്തമുണ്ടായാല്‍ വന്‍ അത്യാഹിതമുണ്ടാക്കുന്ന തരത്തിലുള്ള സുരക്ഷാപിഴവുകളുണ്ടെന്ന് വ്യക്തമാക്കി അഗ്നിശമനസേന പരിശോധനാ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 12 നിലയുള്ള കെട്ടിടത്തില്‍ നിര്‍ബന്ധമായും വേണ്ട അഗ്നിസുരക്ഷാ സംവിധാനങ്ങളൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതൊക്കെ നിലനില്‍ക്കുമ്പോഴാണ് ടെര്‍മിനലിന് ചുറ്റുമതില്‍ പോലും കെട്ടാന്‍ സാധിക്കാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: