തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാമണ്ഡലത്തില്‍ നേമം നിയമസഭാ മണ്ഡലത്തിലെ മുന്നേറ്റം ബിജെപി ഇത്തവണയും നിലനിര്‍ത്തി. 58,513 വോട്ടുകള്‍ നേടി തിരുവനന്തപുരം ലോക്സഭാമണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന് ഒന്നാമതെത്തിയ ഏക നിയമസഭാ മണ്ഡലം കൂടിയാണ് നേമം. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒ.രാജഗോപാല്‍ 50,685 വോട്ട് നേടി ഈ മണ്ഡലത്തില്‍ ഒന്നാമതെത്തിയിരുന്നു. 2014നെ അപേക്ഷിച്ച് 7,828 വോട്ടാണ് എന്‍ഡിഎ ഇത്തവണ ഈ മണ്ഡലത്തില്‍ നിന്നും അധികമായി നേടിയത്.
3,13,925 വോട്ടുകളാണ് എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ നിന്നും നേടിയത്. 4,14,057 വോട്ടുകള്‍ നേടി 1,00,132 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ശശി തരൂര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ചു. 2,56,470 വോട്ടുകള്‍ നേടി സിപിഐ സ്ഥാനാര്‍ഥി സി.ദിവാകരന് മൂന്നാമതെത്തി. മൂന്നാം തവണയും തുടര്‍ച്ചയായാണ് ശശി തരൂര്‍ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ നിന്നും വിജയിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മണ്ഡലത്തില്‍ മതതീവ്രവാദം പ്രചരിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ്സ് ന്യൂനപക്ഷ ഏകീകരണം നടത്തിയാണ് മണ്ഡലത്തില്‍ നിന്നും വിജയം നേടിയത്. 73.45 ശതമാനമായിരുന്നു തിരുവനന്തപുരം മണ്ഡലത്തിലെ ഇത്തവണത്തെ പോളിംഗ്. തിരുവനന്തപുരം മണ്ഡലത്തിലെ 13,67,523 വോട്ടര്‍മാരില്‍ 10,03,786 പേര് വോട്ട് ചെയ്തിരുന്നു.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശശിതരൂര്‍ 2,97,806 വോട്ട് നേടി വിജയിച്ചപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന ഒ.രാജഗോപാല്‍ അന്ന് 2,82,336 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. 15,470 വോട്ടുകളായിരുന്നു ശശിതരൂരിന്റെ അന്നത്തെ ലീഡ്. ആദ്യ ഘട്ടങ്ങളില്‍ ഒ.രാജഗോപാല്‍ മുന്നിട്ട് നിന്നിരുന്നെങ്കിലും നെയ്യാറ്റിന്‍കര, കോവളം, പാറശ്ശാല മണ്ഡലങ്ങളിലെ വോട്ടുകളാണ് അന്ന് ശശിതരൂരിനെ ലോക്സഭയില്‍ എത്തിച്ചത്. സിപിഐ സ്ഥാനാര്‍ഥിയായിരുന്ന ബെനറ്റ് എബ്രഹാം അന്ന് 2,48,941 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനം നിലനിര്‍ത്തി.
45,479 വോട്ടുകള്‍ നേടി കഴക്കൂട്ടത്തും 50,709 വോട്ടുകള്‍ നേടി വട്ടിയൂര്‍ക്കാവിലും 42,877 വോട്ടുകള്‍ നേടി തിരുവനന്തപുരത്തും കുമ്മനം രാജശേഖരന് രണ്ടാമതെത്തിയപ്പോള്‍ 42,887 വോട്ടുകള്‍ നേടി പാറശ്ശാലയിലും 41,092 വോട്ടുകള്‍ നേടി കോവളത്തും 32,368 വോട്ടുകള്‍ നേടി നെയ്യാറ്റിന്‍കരയിലും കുമ്മനം രാജശേഖരന് മൂന്നാം സ്ഥാനത്തെത്തി. പോസ്റ്റല്‍ വോട്ടില്‍ മാത്രമാണ് കുമ്മനം രാജശേഖരന് ലീഡ് ചെയ്യാന്‍ സാധിച്ചത്.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒ.രാജഗോപാല്‍ 67,813 വോട്ട് നേടി വിജയിച്ചിരുന്നു. സിറ്റിംഗ് എംഎല്‍എയായിരുന്ന വി.ശിവന്‍കുട്ടിയെ 8,671 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു ഒ.രാജഗോപാലിന്റെ വിജയം. 2014 മുതലാണ് മണ്ഡലത്തില്‍ ബിജെപിയുടെ വേരോട്ടം ശക്തമായത്. 2015ലെ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ 35 കൗണ്‍സിലര്‍മാരുമായി കൗണ്‍സിലില്‍ ബിജെപി പ്രതിപക്ഷമായപ്പോള്‍ അതില്‍ പത്ത് കൗണ്‍സിലര്‍മാരും നേമം മണ്ഡലത്തില്‍ നിന്നുള്ളവരായിരുന്നു.
വാര്‍ഡുകളില്‍ കൗണ്‍സിലര്‍മാര്‍ നടത്തുന്ന വികസനക്കുതിപ്പിലും കാലാകാലങ്ങളായി സിപിഎം എംഎല്‍എമാര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ച് നിയമസഭയിലേയ്ക്ക് പോയിട്ട് മണ്ഡലത്തെ തിരിഞ്ഞുനോക്കാത്തത് മൂലവും 2016ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടമാര്‍ ഒ.രാജഗോപാലിന് മികച്ച വിജയം നല്കി നിയമസഭയില്‍ എത്തിച്ചു. തുടര്‍ന്ന് മണ്ഡലത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: