അരുണാചലിനെയും പാക്ക് അധിനിവേശ കശ്മീരിനേയും ഇന്ത്യയുടെ ഭാഗമായി അംഗീകരിച്ചുകൊണ്ട് ചൈന പുതിയ ഭൂപടം പുറത്തിറക്കിയതിനെക്കുറിച്ച് വാര്‍ത്തയുണ്ടായിരുന്നു. ചൈനയിലെ സിന്‍ജിയാങ്ങ് പ്രദേശത്തെ പാകിസ്ഥാനിലെ ഗദ്വാര്‍ തുറമുഖവുമായി കൂട്ടിയിണക്കുന്ന റോഡുനിര്‍മാണ പദ്ധതിയില്‍ ഒപ്പുവയ്ക്കാന്‍, ചൈനയില്‍ എത്തിയ പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനോട്, പുല്‍വാമയിലെ ഭീകരാക്രമണത്തിനുശേഷം അമ്പേ തകര്‍ന്നുപോയ ഇന്ത്യാ-പാക്കിസ്ഥാന് ബന്ധത്തെ പുനരുദ്ധരിക്കാന്‍ വേണ്ട ശ്രമങ്ങള്‍ നടത്തണമെന്ന് ചൈനയുടെ പ്രസിഡന്റ് ജിന്‍പിങ്ങ് നടത്തിയ ഉപദേശം ഇതിനോടുചേര്‍ത്തു വേണം വായിക്കാന്‍.
അരുണാചലിനെ എല്ലായ്പ്പോഴും ‘തെക്കന്‍ തിബറ്റ്’ എന്ന് അടയാളപ്പെടുത്തി തങ്ങളുടെ നാടിനോടു ചേര്‍ത്തു നിര്‍ത്താന്‍ വ്യഗ്രത കാണിച്ചിട്ടുള്ള രാജ്യമാണ് ചൈന. മാത്രവുമല്ല, കശ്മീരിനെ എക്കാലത്തും തര്‍ക്കപ്രദേശമായി നിലനിര്‍ത്തിക്കൊണ്ട് ഇന്ത്യയെയും പാകിസ്ഥാനെയും നിരന്തരം തമ്മിലടിപ്പിക്കാന്‍ ഉറക്കമൊഴിച്ചു കാത്തിരിക്കുകയും ചെയ്യുന്ന നാടാണത്. ആ ചൈനയ്ക്ക് അരുണാചലവും കശ്മീരും ഭാരതത്തിന്റെ ഭാഗങ്ങളാണെന്നും പാക്കിസ്ഥാനും ഭാരതത്തിനും ഇടയിലെ ഉലഞ്ഞുപോയ ബന്ധം പുനസ്ഥാപിക്കപ്പെട്ടു കാണണമെന്നും ഒക്കെയുള്ള ബോധോദയമുണ്ടാവാന്‍ കാരണം ഇനി തങ്ങളുടെ ഉമ്മാക്കി ഭാരതത്തിന്റെ മണ്ണില്‍ ചെലവാവുകയില്ലെന്ന തിരിച്ചറിവുതന്നെയാണ്.
പഴയകാല നേതൃത്വത്തില്‍ നിന്നു മാറി നമ്മുടെ നാട് കരുത്തനായ ഒരു ഭരണാധികാരിയുടെ നേതൃത്വത്തിനു കീഴില്‍ വന്നതിനു ശേഷം ചൈന അപ്രിയമായ പല പാഠങ്ങളും പഠിച്ചു. ഭൂട്ടാനും ചൈനയും പങ്കിടുന്ന അതിര്‍ത്തിപ്രദേശമായ ദോക്ലാമില്‍ റോഡൊരുക്കിക്കൊണ്ട് ചൈനീസ് പട്ടാളം ഭാരതത്തിന്റെയും ഭൂട്ടാന്റെയും ആഭ്യന്തര സുരക്ഷിതത്വത്തിന് ഭീഷണിയൊരുക്കിയപ്പോള്‍ മോദി സര്‍ക്കാറിന്റെ വജ്രമുഷ്ടികളുടെ പിന്‍ബലത്തോടെ ഭാരതസൈന്യം ഈ ചൈനീസ് കുസൃതിയെ നിര്‍വ്വീര്യമാക്കിയിടത്തുനിന്നാണ് ചൈന, പുതിയ ഭാരതത്തിന്റെ ഉരുക്കുബലത്തിന്റെ ബാലപാഠങ്ങള്‍ പഠിക്കാന്‍ തുടങ്ങുന്നത്.
ദോക് ലാം എന്ന അതിര്‍ത്തിപ്രദേശം തങ്ങളുടെതാണെന്നവകാശപ്പെട്ടുകൊണ്ടാണ് ചൈന ഈ ബുദ്ധിശൂന്യതയ്ക്കൊരുങ്ങിയത്. അതിനെത്തുടര്‍ന്ന് ലഡാക്കില്‍ ഭാരതം നടത്തിവരുന്ന റോഡ് നിര്‍മ്മാണത്തെ കണ്ണുരുട്ടി ഭയപ്പെടുത്താനും വിഫലശ്രമം നടത്തി. മോദി ഗവണ്മെന്റിനു മുമ്പ് ഭാരതം ഭരിച്ചിരുന്ന സര്‍ക്കാരുകളെ 1962ലെ ഉമ്മാക്കിക്കഥ പറഞ്ഞ് പേടിപ്പിച്ചിരുന്ന അതേ ശൈലിതന്നെ ഇത്തവണയും പയറ്റി നോക്കി. മാറിയ ഭരണനേതൃത്വത്തിന്റെ അമ്പത്താറിഞ്ച് നെഞ്ചളവു കണ്ട് വാലും ചുരുട്ടിയോടുന്ന ചൈനയെയാണ് പിന്നീട് ലോകം കണ്ടത്.
പോരാത്തതിന്, ഏതാണ്ടക്കാലത്തുതന്നെ നമ്മുടെ വ്യോമസേനാ വിമാനം ലഡാക്കില്‍ പറന്നിറങ്ങിയതും ചൈനയുടെ നെഞ്ചിടിപ്പു വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 1962ലെ യുദ്ധകാലത്ത് ഭൂപ്രകൃതിയുടെ പ്രാതികൂല്യംകൊണ്ട് ലഡാക്കില്‍ പട്ടാളത്തെയെത്തിക്കുക ശ്രമകരമായിരുന്നു ഭാരതത്തിന്. അക്കാലം ‘ഇങ്ങിനി വരാത്തവണ്ണം’ മല കയറിപ്പോയെന്നും ഇത് പുതിയ ഭാരതമാണെന്നും ഉള്ള താക്കീതാണ് നരേന്ദ്ര മോദിയുടെ ഗവണ്മെന്റ് ചൈനയ്ക്ക് നല്‍കിയത്. ലോകരാജ്യങ്ങളെല്ലാം പിന്തുണയുമായി ഭാരതത്തിനുകൂടെയാണെന്ന് ബോധ്യം വന്ന പശ്ചാത്തലത്തില്‍ ഇപ്പോള്‍ ഭാരതത്തെ പിണക്കുന്നത് നഷ്ടമുണ്ടാക്കുക തങ്ങള്‍ക്കുതന്നെയാണെന്ന് ചൈന മനസ്സിലാക്കിയിട്ടുണ്ട്. പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ സംഘര്‍ഷമുണ്ടാവുന്നത് ഇഷ്ടപ്പെട്ടിരുന്ന ചൈനക്ക് പെട്ടെന്നിങ്ങനെയൊരു മനംമാറ്റമുണ്ടാവാന്‍ അതും കാരണമാണ്.
പാകിസ്ഥാന്റെ ബലൂച് പ്രവിശ്യയിലുള്ള ഗ്വദാര്‍ തുറമുഖത്തിലൂടെ അറബിക്കടലിലേക്കിറങ്ങാന്‍ പല ബില്ല്യണ്‍ ഡോളറാണ് ചൈന പാക്കിസ്ഥാന്റെ മണ്ണില്‍ മുടക്കിയിട്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയെ പ്രകോപിപ്പിച്ച് പാക്കിസ്ഥാനുമായി ഏറ്റുമുട്ടാനിടയായാല്‍ അതിലൂടെ പാക്കിസ്ഥാനേര്‍പ്പെടുന്ന നഷ്ടം തങ്ങളെയും ബാധിക്കുമെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പാക്കിസഥാനുമായുള്ള ഏറ്റുമുട്ടലില്‍ തങ്ങള്‍ക്കുണ്ടായ നഷ്ടക്കണക്കുകള്‍ നിരത്തി നേരിട്ടുതന്നെ ഭാരതത്തേട് യുദ്ധത്തിനൊരുങ്ങാമെന്നു വച്ചാല്‍ അവിടെയും ചൈനയ്ക്ക് കണ്ടകശ്ശനിയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയെയും ജപ്പാനെയും വിയറ്റ്നാമിനെയും മ്യാന്മറിനെയും ശ്രീലങ്കയെയും ബംഗ്ലാദേശിനെയുമെല്ലാം ഭാരതത്തോട് ചേര്‍ത്തു നിര്‍ത്തി. ഡ്രാഗണ്‍ തുപ്പുന്ന വിഷസ്ഫുലിംഗങ്ങള്‍ ചൈനയ്ക്കുതന്നെ ഭീഷണിയാവുന്ന സാഹചര്യം മെനഞ്ഞെടുത്തിരിക്കുകയാണ് മോദി. മാത്രവുമല്ല, ചൈനയുമായി അതിര്‍ത്തിപ്രശ്നമുള്ള വിയറ്റ്നാമിന്, അതിപ്രഹരശേഷിയുള്ള ബ്രഹ്മോസ് മിസൈല്‍ നല്കിയതും അമേരിക്കയോടും ജപ്പാനോടുമൊരുമിച്ച് സൈനികാഭ്യാസം നടത്തിയതും എല്ലാം, ഭാരതത്തിന്റെ അയല്‍ക്കരുത്തിന്റെ അനുകൂലബലം ചൈനയ്ക്ക് ബോധ്യപ്പെടുത്താന്‍ വേണ്ടിത്തന്നെയാണ്. ചൈനയുടെ അയല്‍രാജ്യവും ഇന്ത്യയുടെ സുഹൃത്തുമായ റഷ്യ തരുന്ന നിരുപാധിക പിന്തുണയും ചൈനയെ ഭയപ്പെടുത്തിയിട്ടുണ്ട്.
പാര്‍ലമെന്റ് ആക്രമണത്തിന്റെയും പത്താന്‍കോട് എയര്‍ ബെയ്സ് ആക്രമണത്തിന്റെയും പുല്‍വാമ ആക്രമണത്തിന്റെയും സൂത്രധാരനായ മസൂദ് അസറിനെ ഐക്യരാഷ്ട്ര സംഘടനാ സുരക്ഷാകൗണ്‍സിലിലെ 16 രാജ്യങ്ങളും ഒരു മനസ്സോടെ ആഗോള തീവ്രവാദിയായി അംഗീകരിച്ചപ്പോള്‍ ചൈന വീറ്റോ അധികാരമുപയോഗിച്ച് അയാളെ രക്ഷപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെയും അനിതരസാധാരണമായ നയതന്ത്ര സാമര്‍ത്ഥ്യം നിമിത്തം ലോകരാജ്യങ്ങളെല്ലാം ചൈനയ്ക്കുനേരെ തിരിയുന്നതും ചൈന മസൂദ് അസറിനെ കയ്യൊഴിയുന്നതും പിന്നീട് കണ്ടു.
അതുകൂടാതെ, ഭാരതത്തിന്റെ ഉപഗ്രഹ വേധ മിസൈല്‍ വിജയകരമായി തൊടുത്തുകൊണ്ട്, 2007ല്‍ സമാനപ്രക്രിയയിലൂടെ ഭാരതത്തെ ഭയപ്പെടുത്തിയ ചൈനയ്ക്ക് അതേ ഭാഷയില്‍ മറുപടി കൊടുത്തിരിക്കുകയാണ് മോദി. ഭൂമിയില്‍ മാത്രമല്ല, ആകാശത്തും ഇനി തങ്ങളോടു കളിച്ചാല്‍ വമ്പിച്ച കെടുതികള്‍ ഏറ്റുവാങ്ങേണ്ടി വരുമെന്ന താക്കീതാണ് ഭാരതം ഈ ദൗത്യത്തിലൂടെ നല്‍കിയിരിക്കുന്നത്. മോദിയുടെ ഓരോ അടിയും കൊള്ളേണ്ടിടത്തുതന്നെ കൊള്ളുന്നുണ്ട്. ആ വസ്തുതയ്ക്ക് സാക്ഷികളായിക്കൊണ്ടിരിക്കുകയാണ് ലോകരാഷ്ട്രങ്ങളെല്ലാം. ഇവിടത്തെ ചില കക്ഷിനേതാക്കന്മാര്‍ക്കും വിശകലനവിചക്ഷണന്മാര്‍ക്കും ഇത് കാണാനാവാതെ പോവുന്നത് അവരെ രാഷ്ട്രീയ വെള്ളെഴുത്ത് ബാധിച്ചതുകൊണ്ടുതന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: