തിരുവനന്തപുരം: നിയമങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പുല്ലുവില നല്കി അന്തര്‍ സംസ്ഥാന സ്വകാര്യയാത്രാ ബസ്സുകളുടെ പടയോട്ടം. തുണിത്തരങ്ങളും പൂക്കളും മുതല്‍ നിരോധിത ഉല്‍പ്പന്നങ്ങള്‍ വരെ ഇത്തരം ബസുകള്‍ വഴി കടത്തുന്നതായാണ് സൂചന. ശനി ഞായര്‍ ദിവസങ്ങളിലും അവധി ദിവസങ്ങളിലും യാത്രാ നിരക്കും ഇരട്ടിയാക്കുന്നു. രാഷ്ട്രീയ നേതൃത്വങ്ങളുമായും ഉന്നത ഉദ്യോഗസ്ഥരുമായുമുള്ള അവിശുദ്ധ ബന്ധമാണ് ബസുടമകള്‍ നിയമലംഘനങ്ങള്‍ക്ക് മറയാക്കുന്നത്.
കല്ലട ട്രാവല്‍സിലെ യാത്രക്കാര്‍ക്ക് നേരെയുണ്ടായ ബസ് ജീവനക്കാരുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തമ്പാനൂരിലെ അന്തര്‍സംസ്ഥാന ബസ് ബുക്കിംഗ് ഓഫീസുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തി. അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന ചില ബസുകള്‍ മാത്രം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഭൂരിഭാഗവും സുരക്ഷിതവും സുഗമവുമായ യാത്ര ഒരുക്കുന്നതില്‍ പരാജയമാണ്. ഇത്തരം ബസുകള്‍ക്കെതിരെ മുമ്പും നിരന്തരം പരാതികള്‍ ഉയര്‍ന്നിട്ടും നടപടിയുണ്ടായില്ല. ബംഗളൂരൂ, ചെന്നൈ തുടങ്ങി സ്ഥലങ്ങളിലേക്ക് തിരുവനന്തപുരത്ത് നിന്നും ദിവസവും 50 ല്‍പ്പരം സര്‍വീസുകളാണ് വിവിധ ട്രാവല്‍സുകളായി നടത്തുന്നത്. എന്നാല്‍ ഓടുന്ന വണ്ടികളുടെ കൃത്യമായ എണ്ണം സര്‍ക്കാറിന്റെ പക്കലില്ല.
കെഎസ്ആര്‍ടിസിയുടെ സര്‍വീസുകള്‍ വേണ്ടത്ര നല്ലരീതിയില്‍ പ്രവര്‍ത്തിക്കാത്തത് മൂലം യാത്രക്കാര്‍ കൂടുതലും ആശ്രയിക്കുന്നത് അന്തര്‍ സംസ്ഥാന സ്വകാര്യയാത്രാ ബസ്സുകളെയാണ്. ഇതിനെയാണ് സ്വകാര്യ ട്രാവല്‍സുകള്‍ ചൂഷണം ചെയ്യുന്നത്. ബെംഗളൂരുവില്‍ നിന്നും കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് 1600 രൂപ വരെയാണ് സ്വകാര്യ ബസ്സുകള്‍ സാധാരണ സമയങ്ങളില്‍ ഈടാക്കുന്നത്. എന്നാല്‍ തിരക്ക് കൂടുന്നതനുസരിച്ച് ഇവര്‍ നിരക്കും മാറ്റും. ഇക്കഴിഞ്ഞ വിഷു, ഈസ്റ്റര്‍ അവധിദിനത്തോടനുബന്ധിച്ച് ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് 3500 രൂപവരെ ഈടാക്കിയ ബസ്സുകളുമുണ്ട്.
ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ്; സര്‍വീസ് കെഎസ്ആര്‍ടിസിക്ക് സമാന്തരം
ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് എടുക്കുന്ന സ്വകാര്യബസുകള്‍ കെഎസ്ആര്‍ടിസിക്ക് സമാന്തര സര്‍വീസുകളാണ് ഇപ്പോള്‍ നടത്തുന്നത്. ഒരു സ്ഥലത്തുനിന്ന് കൂട്ടമായി ആളെയെടുത്ത് മറ്റൊരിടത്ത് എത്തിക്കാന്‍ മാത്രമാണ് ഈ പെര്‍മിറ്റിന് അനുമതി. എന്നാല്‍ ഈ നിയമങ്ങള്‍ ഇവര്‍ ലംഘിക്കുകയാണ്. ബസുകളില്‍ ഭൂരിഭാഗവും കര്‍ണാടക മുതല്‍ അരുണാചല്‍ പ്രദേശ് വരെയുള്ള സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവയാണ്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ബസുകള്‍ ഇവിടെ മൂന്നു മാസം കൂടുമ്പോള്‍ നികുതി അടയ്ക്കുന്നതിന് പുറമെ ഇതരസംസ്ഥാനത്ത് ഒരു ദിവസം പോയി വന്നാലും അവിടെ ഒരു വര്‍ഷത്തെ നികുതി ഒരുമിച്ച് നല്‍കണം. അതേസമയം മറ്റിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്താല്‍ രണ്ടിടത്തും വര്‍ഷത്തില്‍ നാലു തവണകളായി നികുതി അടക്കാന്‍ അവസരം ലഭിക്കും. ഈ സൗകര്യം മുന്‍നിര്‍ത്തിയാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ മടിക്കുന്നത്. മാത്രമല്ല, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് അടക്കം രേഖകള്‍ ലഭിക്കാന്‍ ഇതര സംസ്ഥാനങ്ങളില്‍ നടപടികള്‍ ലളിതവുമാണ്.
അന്തര്‍സംസ്ഥാന ബസ് ഓഫീസുകളില്‍ പരിശോധന
അന്തര്‍സംസ്ഥാന സ്വകാര്യബസുകാര്‍ക്കെതിരെ മോട്ടോര്‍വാഹനവകുപ്പ് നടപടി കര്‍ശനമാക്കി. സംസ്ഥാന വ്യാപകമായി 100 ബസുകള്‍ പരിശോധിച്ചതില്‍ 28 എണ്ണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. വിവിധതരത്തിലുള്ള ക്രമക്കേടുകള്‍ക്ക് 40,000 രൂപ പിഴ ഈടാക്കി. 39 ബുക്കിങ് ഓഫീസുകള്‍ക്ക് ലൈസന്‍സ് ഹാജരാക്കാന്‍ നോട്ടീസ് നല്കി. ഏഴുദിവസത്തിനുള്ളില്‍ ലൈസന്‍സ് എത്തിച്ചില്ലെങ്കില്‍ ഓഫീസ് അടയ്ക്കണം.
തമ്പാനൂരില്‍ കല്ലട ട്രാവല്‍സിന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത് ലൈസന്‍സ് ഇല്ലാതെയായിരുന്നുവെന്ന് കണ്ടെത്തി. ഓഫീസ് അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തമ്പാനൂരിലെ ഒരു ഓഫീസിന് മാത്രമാണ് അംഗീകൃത ബുക്കിങ് ഏജന്‍സിക്കുള്ള എല്‍എപിടി ലൈസന്‍സുള്ളത്. 2021 വരെ ഈ സ്ഥാപത്തിന് പ്രവര്‍ത്തനാനുമതിയുണ്ട്.
അന്തര്‍സംസ്ഥാന ബസുകള്‍ നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഉന്നതല യോഗം ഇന്ന് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേരും. യാത്രക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി മോട്ടോര്‍ വാഹന വകുപ്പ് പുതിയ ഹെല്‍പ്പ് ലൈന്‍ സ്ഥാപിച്ചു. 8281786096 എന്നതാണ് നമ്പര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: