കുമളി: അരനൂറ്റാണ്ടിലെ ഏറ്റവും കൊടിയ വേനലാണ് ഇപ്പോള്‍ ഹൈറേഞ്ച് അഭിമുഖീകരിക്കുന്നത്. കടുത്ത വേനലില്‍ എല്ലാവിധ കൃഷികളും കരിഞ്ഞുങ്ങി. കുടിവെള്ളത്തിന് പോലും നിവൃത്തിയില്ലാത്ത ഇടങ്ങളിലേക്ക് സംസ്ഥാന ഭരണകൂടം ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ല.
ജില്ലയിലെ ഹൈറേഞ്ച് മേഖലയില്‍ പലയിടത്തും ചില സമയങ്ങളില്‍ 34 ഡിഗ്രിക്കും മുകളിലേക്ക് ചൂട് വര്‍ദ്ധിച്ചതോടെ ഏലം, കുരുമുളക്, കാപ്പി, കൊക്കോ, ജാതി, ഗ്രാമ്പൂ തുടങ്ങി എല്ലാ വിളകളും കരിഞ്ഞു പോയി. ഏറ്റവും കൂടുതല്‍ വേനല്‍ ചൂട് ബാധിച്ച കൃഷി ഏലമാണ്. ആകെയുള്ള കൃഷിഭൂമിയില്‍ മൂന്നില്‍ രണ്ടു ഭാഗം ഏലവും വേനലില്‍ നശിച്ചതായാണ് വിലയിരുത്തല്‍. സാധാരണ ചൂടില്‍ മാത്രം കൃഷിചെയ്യാന്‍ സാധിക്കുന്ന വിളയാണ് ഏലം. ഇപ്പോഴും വേനല്‍ മഴ ലഭിക്കാത്ത തോട്ടം കാര്‍ഷിക മേഖലകള്‍ ഹൈറേഞ്ചിലുണ്ട്, ഒരാഴ്ച കൂടി സമാന സാഹചര്യം തുടര്‍ന്നാല്‍ പകുതിയിലധികം ഏലം കൃഷിയും ജില്ലയില്‍ നിന്ന് അപ്രത്യക്ഷമാകുമെന്നു കൃഷിക്കാര്‍ ആശങ്കപ്പെടുന്നു.
സാധാരണ ചൂടിനെ അതിജീവിക്കാറുള്ള തെങ്ങുകള്‍ പോലും ജില്ലയിലെ ചില ഭാഗങ്ങളില്‍ ഉണങ്ങിക്കഴിഞ്ഞു. കടുത്ത വേനല്‍ എല്ലാ വിളകളെയും സാരമായി ബാധിച്ചതോടെ മുന്നോട്ടുള്ള ജീവിതത്തിനു വരുമാനമാര്‍ഗ്ഗം കണ്ടെത്താനാകാതെ ആത്മഹത്യയുടെ വക്കിലാണ് തങ്ങളെന്ന് കര്‍ഷകര്‍ പറയുന്നു.
മക്കളുടെ വിദ്യാഭ്യാസം, വിവാഹം, ബാങ്ക് വായ്പാ തിരിച്ചടവ് എല്ലാത്തിനും എങ്ങനെ പണം കണ്ടെത്തുമെന്ന് ഇവര്‍ ആശങ്കപ്പെടുന്നു. സംസ്ഥാന സര്‍ക്കാരും ത്രിതല പഞ്ചായത്ത് അധികൃതരും കഴിഞ്ഞ ഒന്നരമാസമായി പൂര്‍ണമായും തെരഞ്ഞെടുപ്പ് ലഹരിയില്പെട്ടതോടെ കുടിവെള്ളത്തിന് പോലും വഴിയൊരുക്കുന്നില്ലെന്നു തോട്ടം മേഖലയിലെ തൊഴിലാളി സ്ത്രീകള്‍ പറയുന്നു. ബാങ്ക് വായ്പകള്‍ക്ക് മൊറൊട്ടോറിയം ഏര്‍പ്പെടുത്തിയതായി പിണറായി സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ബാങ്ക് അധികൃതര്‍ തങ്ങളെ ഇപ്പോഴും ശല്യം ചെയ്യുന്നതായി ചെറുകിട കര്‍ഷകര്‍ സങ്കടപ്പെടുന്നു.
എലയ്ക്കാ വില 1840
ഏലയ്ക്കാ വില അനുദിനം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഏലയ്ക്ക ലേലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ശരാശരി വില ഇന്നലെ രേഖപ്പെടുത്തി. 1840 രൂപയാണിത്. ഇത് എക്കാലത്തെയും റെക്കോര്‍ഡാണ്. വിപണിയില്‍ ഏലം ലഭ്യത കുറഞ്ഞതോടെയാണ് വില കുതിച്ചുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: