കണ്ണ് കൊണ്ട് കാണാന്‍ വയ്യ. ചെവികൊണ്ട് കേള്‍ക്കാനും വയ്യ. മൂക്കില്‍ മണം കിട്ടുകയില്ല. പക്ഷേ സര്‍വം നിറഞ്ഞുനില്‍ക്കുകയാണ് അന്തരീക്ഷ മലിനീകരണം എന്ന വില്ലന്‍. മലിനീകരണം എന്ന മഹാമാരി ഉണ്ടായിരുന്നില്ലെങ്കില്‍ ഓരോ ഭാരതീയന്റെയും ആയുര്‍ദൈര്‍ഘ്യം ശരാശരി 1.7 വര്‍ഷം കൂടി വര്ധിക്കുമായിരുന്നത്രെ. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ രാജ്യത്താകമാനം നടത്തിയ മലിനീകരണ സര്‍വേ നല്കുന്ന വിവരമാണിത്.
അന്തരീക്ഷത്തില്‍ നിറഞ്ഞ പൊടിപടലങ്ങള്‍ 2017-ല്‍ ശ്വാസംമുട്ടിച്ചു കൊന്നത് 6.7 ലക്ഷം മനുഷ്യരെ.വീടിനുള്ളിലെ മലിനീകരണമാവട്ടെ 4.8 ലക്ഷം പേരെയും വകവരുത്തി. മരിച്ചവരില്‍ പകുതിയും 70 വയസ്സില്‍ താഴെ പ്രായമുള്ളവര്‍. ഇക്കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് രാജസ്ഥാനാണെന്നും സര്‍വേ പറയുന്നു. അന്തരീക്ഷ മലിനീകരണം ശരാശരി പൗരന്റെ ആയുസ്സില്‍ 1.7 വയസ്സ് കുറയ്ക്കാന്‍ കാരണമാവുമ്പോള് രാജസ്ഥാനില്‍ അത് 2.5 വയസ്സ്.
വീടിനുള്ളിലെ വായു മലിനീകരണത്തിന് പ്രധാന കാരണം പാചകത്തിനുപയോഗിക്കുന്ന വിറക്, ചാണം, കൃഷി അവശിഷ്ടങ്ങള്‍, കരി, കല്‍ക്കരി തുടങ്ങിയവയാണെന്നും സര്‍വേ വിവരിക്കുന്നു. തണുപ്പകറ്റാനുപയോഗിക്കുന്ന ചൂളകളും അടുപ്പുകളും അതിന് ആക്കം വര്‍ധിപ്പിക്കുന്നു. രാജ്യത്തെ എല്ലാ വീടുകളിലും വിറകിനു പകരം ദ്രവീകൃത പെട്രോളിയം മന്ത്രിയുടെ ഉജ്ജ്വലയോജന പദ്ധതി ഗാര്‍ഹിക വായു മലിനീകരണം കുറയ്ക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നതായും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വായു മലിനീകരണവുമായി ബന്ധപ്പെട്ട് രാജ്യത്തെ ഓരോ സംസ്ഥാനത്തും സംഭവിക്കുന്ന മരണങ്ങള്, രോഗ-ദുരിതങ്ങള്‍, ആയുസ്സിലുണ്ടാകുന്ന കുറവ് എന്നിവ സംബന്ധിച്ച് രാജ്യത്ത് തയ്യാറാക്കിയ ആദ്യ സമഗ്ര റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2017-ല്‍ വായുമലിനീകരണം മൂലം 12.4 ലക്ഷം മരണങ്ങള് രാജ്യത്ത് സംഭവിച്ചുവെന്നും സര്‍വേ അടിവരയിട്ടു പറയുന്നു. ലാന്‍സെറ്റ് പ്ലാനറ്ററി ഹെല്‍ത്ത് ജേര്‍ണലിലാണ് സര്‍വേ നിരീക്ഷണങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്.
ഭാരതത്തിലെ ജനസംഖ്യ, ലോക ജനസംഖ്യയുടെ 18 ശതമാനം മാത്രമാണെങ്കിലും ലോകത്ത് നടക്കുന്ന ബാലമരണങ്ങളില്‍ 26 ശതമാനവും ഭാരതത്തിലാണത്രെ. അതിന്റെ കാരണവും മാരകമായ മലിനീകരണം തന്നെ. മലിനീകരണത്തിന്റെ ദുരന്തഫലങ്ങള്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും അനുഭവിക്കുന്നത് കര്‍ണാടക സംസ്ഥാനമാണെന്ന് മറ്റൊരു നിരീക്ഷണം. പ്രധാനം പുറംവാതില്‍ മലിനീകരണം. വാഹന മലിനീകരണം, കെട്ടിട നിര്‍മാണം, പൊടിപടലങ്ങള്‍, വ്യാവസായിക മലിനീകരണം, ഖര ഇന്ധനങ്ങള്‍ കത്തിക്കുന്നത് തുടങ്ങിയവയാണ് വില്ലന്മാര്. മാലിന്യ കണികകള്‍ അന്തരീക്ഷത്തില്‍ ഏറ്റവും അധികം തങ്ങിനില്ക്കുന്ന മേഖലകള്‍ ബിഹാര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ജാര്‍ഖണ്ഡ്, ദല്‍ഹി, പഞ്ചാബ്, ഹരിയാന എന്നിവയാണെന്നും കണക്കുകള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
ഒരു വര്‍ഷം മുന്‍പ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടനുസരിച്ച് ഏറ്റവുമധികം മലിനീകരിക്കപ്പെട്ട ലോകത്തെ 15 നഗരങ്ങളില്‍ 14 ഉം ഇന്ത്യയിലാണെന്ന നിരീക്ഷണവും ഇവിടെ അനുസ്മരിക്കുക.
ആഗോള താപനവും മലിനീകരണവും സമ്പദ് വ്യവസ്ഥയുമായി അഭേദ്യമായ ബന്ധമാണുള്ളതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ആഗോളതാപനത്തില്‍ കേവലം ഒന്നര ഡിഗ്രി ചൂട് കുറയുന്ന പക്ഷം ഇന്ത്യയ്ക്ക് പ്രതിവര്‍ഷം എട്ട് ട്രില്യന്‍ ഡോളര്‍ വരുമാനം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണം.
ഗര്‍ഭഛിദ്രം വ്യാപകമാകുന്നതിനും വായു മലിനീകരണം കാരണമാവുന്നതായി ലോകാരോഗ്യ സംഘടന പറയുന്നുണ്ട്. മാലിന്യ മേഖലയിലെ സ്ത്രീകളില്‍ ഗര്‍ഭഛിദ്രം സംഭവിക്കാനുള്ള സാധ്യത 18 ശതമാനം അധികമാണെന്ന് അമേരിക്കയിലെ യൂട്ടാ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയതും നാമോര്‍ക്കണം. ഫെര്‍ട്ടിലിറ്റി ആന്റ് സ്റ്റെറിലിറ്റി ജേര്ണലല് 1300 സ്ത്രീകളില്‍ നടത്തിയ പഠനത്തിന്റെ ഫലമായാണ് ഈ നിരീക്ഷണം രൂപപ്പെട്ടത്. വനനശീകരണവും വായുമലിനീകരണത്തിന് ആക്കം കൂട്ടുന്നു.
വാല്‍ക്കഷണം: ലോകത്ത് അവശേഷിക്കുന്ന മഴവനങ്ങളില് പകുതിയിലേറെ അവശേഷിക്കുന്നത് ആമസോണ്‍ പ്രദേശത്താണ്. കൃത്യമായി പറഞ്ഞാല്‍ 55 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ വനം. അതില്‍ 60 ശതമാനവും. ബ്രസീല്‍ എന്ന ഒരൊറ്റ രാജ്യത്ത്. അവിടെ ഒരു വര്‍ഷം വെട്ടിവെളുപ്പിക്കപ്പെടുന്നത് 10 ലക്ഷം ഫുട്ബോള്‍ ഗ്രൗണ്ടിന്റെയത്ര വലിപ്പത്തിലുള്ള വനമേഖലയാണത്രെ. 2017 ആഗസ്റ്റ് മുതല്‍ 2018 ജൂലൈ വരെ ബ്രസീലിന് നഷ്ടപ്പെട്ടത് 7900 ചതുരശ്ര കിലോമീറ്റര്‍ നിത്യഹരിത വനം. ആഗോള പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് അവതരിപ്പിക്കുന്നതാണ് ഞെട്ടിപ്പിക്കുന്ന ഈ മരക്കണക്കുകള്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: