Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ബെത്ലഹേം കുടുംബ യൂണിറ്റ് എന്ന സിനിമയ്ക്കകത്ത് നിവിന്‍ പോളിയുടെ അനിയനായി അഭിനയിക്കുന്ന അമല്‍ ഡേവിസിന്‍റെ കഥാപാത്രത്തിന്‍റെ ജോലി ഷോര്‍ട്ട് ഫിലിം പിടിക്കലാണ്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: ബെത്ലഹേം കുടുംബ യൂണിറ്റ് എന്ന സിനിമയ്‌ക്കകത്ത് നിവിന്‍ പോളിയുടെ അനിയനായി അഭിനയിക്കുന്ന അമല്‍ ഡേവിസിന്റെ കഥാപാത്രത്തിന്റെ ജോലി ഷോര്‍ട്ട് ഫിലിം പിടിക്കലാണ്. അയാള്‍ ഒരു ഷോര്‍ട്ട് ഫിലിം പിടിക്കുന്നതായി സിനിമയില്‍ കാണിക്കുന്നുണ്ട്. ആ ഷോര്‍ട്ട് ഫിലിമിന്റെ പേരാണ് ഒരു സാത്തുക്കുടി പ്രണയം. പക്ഷെ ആ ഷോര്‍ട്ട് ഫിലിമിന്റെ ചില ഭാഗങ്ങ‍ള്‍ മാത്രമാണ് ബെത്ലഹേം കുടുംബയൂണിറ്റില്‍ കാണിക്കൂന്നുള്ളൂ.

എന്നാല്‍ ബെത്ലഹേം കുടുംബ യൂണിറ്റ് എന്ന സിനിമ വന്‍വിജയമായതോടെ സംവിധായകന്‍ ഗിരീഷ് എഡി ഒരു സാത്തുക്കുടി പ്രണയം എന്ന ഷോര്‍ട്ട് ഫിലിം പൂര്‍ണ്ണമാക്കാന്‍ തീരുമാനിച്ചു. അത് പൂര്‍ണ്ണമായി നിര്‍മ്മിക്കുകയും യൂട്യുബില്‍ പങ്കുവെയ്‌ക്കുകയും ചെയ്തതോടെ ഒരു സാത്തുക്കുടി പ്രണയം വലിയ തരംഗമായി മാറിയിരിക്കുകയാണ്. ഒരു സാത്തുക്കുടി പ്രണയം എന്ന ഈ ഷോര്‍ട്ട് ഫിലിം ആകെ പതിനഞ്ചരമിനിറ്റ് മാത്രമേ ദൈര്‍ഘ്യമുള്ളൂ. പക്ഷെ ഈ ഹ്രസ്വസിനിമ ഒരു മാസത്തിനുള്ളില്‍ കണ്ടത് 16 മില്യണ്‍ കാഴ്ചക്കാര്‍. അതായത് 1.6 കോടി പേര്‍.

ഹ്യൂമറും നിസ്സഹായമായ മനുഷ്യാവസ്ഥകളും ഇടകലരുന്ന മാജിക് ഗിരീഷ് എഡി ഈ ഷോര്‍ട്ട് ഫിലിമിലും ആവര്‍ത്തിച്ചിരിക്കുന്നു. വിനീത് വിശ്വവും അര്‍ച്ചന അയ്യപ്പദാസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ വിനീത് വിശ്വത്തിന്റെ കഥാപാത്രം പറയുന്ന ഡയലോഗാണ് ഒരു കൊത്തു പൊറോട്ട ഒന്നു വേഗം കൊത്താമോ എന്നത്. ഇത് മാത്രമല്ല, സിനിമയിലെ നിരവധി സന്ദര്‍ഭങ്ങളില്‍ ഇതുപോലുള്ള നിരവധി നര്‍മ്മങ്ങള്‍ ഉണ്ട്. ടോക്സന്‍ ഭയങ്കര ടോക്സിക്കാണ്, ഡോണ്ട് പ്രൊഡ്യൂസ് ടൂ മച്ച് ( Dont’ produce too much- അധികമങ്ങ് ഉണ്ടാക്കേണ്ട), നടാഷ തനിക്കൊരു ചേട്ടനുണ്ടായിരുന്നല്ലോ നടേശന്‍….തുടങ്ങി നിരവധി നര്‍മ്മസംഭാഷണങ്ങള്‍ പ്രേക്ഷരെ കുടുകുടെ ചിരിപ്പിക്കുന്നു.

സിനിമസംവിധായകനായ നന്ദന്‍ വെങ്കിടങ്ങ് ഒഴിവു സമയത്ത് ഫുഡ് ഡെലിവറി ചെയ്യുന്നുണ്ട്. ഷോര്‍ട്ട് ഫിലിം വിജയിച്ചതോടെ ഈ താരതമ്യേന പുതുമുഖങ്ങളായ ഈ താരങ്ങള്‍ ആഹ്ളാദത്തിലാണ്. ഗിരീഷ് എഡിയെ സംബന്ധിച്ചിടത്തോളം നിരവധി ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്ത് പിന്നീട് ഫീച്ചര്‍ ഫിലിമിലേക്ക് വന്നയാളാണ്. അതിനാല്‍ അദ്ദേഹത്തിന് സാത്തുക്കുടി പ്രണയം വളരെ എളുപ്പത്തില്‍ ചെയ്തുതീര്‍ക്കാന്‍ കഴിഞ്ഞ സിനിമയാണ്. ഇതിലെ പ്രകടനത്തിന് ഫഹദ് ഫാസില്‍ തന്നെ അഭിനന്ദിച്ചുവെന്ന നടി പാര്‍വ്വതി അയ്യപ്പദാസ് പറയുന്നു. എന്തായാലും ബെത്ലഹേം കുടുംബയൂണിറ്റ് 400 കോടിയിലേക്ക് കുതിക്കുന്നതിനിടെ, അതിനുള്ളിലെ പൂര്‍ണ്ണമല്ലാത്ത ഷോര്‍ട്ട് ഫിലിം പിന്നീട് പൂര്‍ത്തിയാക്കുകയും അത് 16 മില്യണ്‍ കാഴ്ചക്കാരെ നേടുകയും ചെയ്തുവെന്നത് നിസ്സാര നേട്ടമല്ല.

Recent Posts